KeralaNews

ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ സൈബർ ആക്രമണം; കേസെടുത്ത് പോലീസ്

കൊച്ചി: കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രന് എതിരെ സൈബർ ആക്രമണം നടത്തിയ സംഭവത്തിൽ പോലീസ് കേസ് എടുത്തു. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ.കുളത്തൂർ ജയ്സിങ് നൽകിയ പരാതിയിലാണ് കേസ് എടുത്തത്. കൊച്ചി സൈബർ ക്രൈം പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അസിസ്റ്റന്റ് കമ്മീഷണർ എം.കെ.മുരളിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനാണ് സിറ്റി പോലീസ് കമ്മീഷണർ ചുമതല നൽകിയിരിക്കുന്നത്.

പൊതുസ്ഥലങ്ങളിലെ അനധികൃത ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യണമെന്ന ഹൈക്കോടതി നിർദ്ദേശം പാലിക്കാത്ത ഉദ്യോഗസ്ഥർക്ക് എതിരെ പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടിരുന്നു. ഹൈക്കോടതി നിർദ്ദേശം നടപ്പിലാക്കാൻ അധികൃതർ നടപടി സ്വീകരിച്ചതോടെ സാമൂഹിക മാധ്യമങ്ങളിലൂടെ ചിലർ ജഡ്ജിക്ക് എതിരെ വളരെ മോശപ്പെട്ട അധിക്ഷേപ പരാമർശവുമായി സൈബർ ഇടങ്ങളിലൂടെ രംഗത്ത് വന്നു. ഇതിനെതിരെയാണ് അഡ്വ. കുളത്തൂർ ജയ്സിങ് സംസ്ഥാന പോലീസ് മേധാവിക്കും കൊച്ചി സൈബർ ക്രൈം പോലീസ് സ്റ്റേഷനിലും പരാതി നൽകിയത്.

അപകീർത്തിപ്പെടുത്തൽ, കലാപം ഉണ്ടാക്കാൻ ശ്രമിക്കുക തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ്. കോടതിക്ക് മുന്നിലെത്തുന്ന ഹർജി നീതിപൂർവ്വം പരിഗണിച്ച് വിധിന്യായം പുറപ്പെടുവിച്ചതിന്റെ പേരിൽ ജഡ്ജിയെ മോശക്കാരനായി ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ സൈബർ ആക്രമണം നടത്തുന്നത് ഗുരുതര കുറ്റകൃത്യ പ്രവർത്തിയാണ്.

കോടതി നടപടി ക്രമങ്ങളും, കോടതിയും തീർത്തും പൊതു സമൂഹത്തിന്റെ ഭാഗം എന്നതിനാൽ നീതി നടപ്പിലാക്കുവാൻ ശ്രമിക്കുന്നവരെ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ച് അധിക്ഷേപിക്കുന്നതും, വേട്ടയാടുന്നതും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുവാനും ഇതിനെതിരെ പരാതി നൽകുവാനും പൊതുജനത്തിന് അവകാശമുണ്ടെന്ന് അഡ്വ. കുളത്തൂർ ജയ്സിങ് സമർപ്പിച്ച പരാതിയിൽ ‌പരാമർശിക്കുന്നു.

നീതിപീഠത്തെയും, വിധിന്യായങ്ങളെയും കളങ്കപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയുള്ള സൈബർ പോരാളികളുടെ വിനോദത്തിനെതിരെയാണ് തന്റെ നിയമ പോരാട്ടമെന്നും പരാതിക്കാരനായ അഡ്വ. കുളത്തൂർ ജയ്സിങ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker