ശുപ്പാണ്ടി തന്നെ… എന്തിന് ഇവനെ കെട്ടി?ഭാവി വരനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മീര, സൈബർ ആക്രമണം
കൊച്ചി:അവതാരകയായി കരിയര്‍ ആരംഭിച്ച്, ദിലീപിന്റെ മുല്ല എന്ന ചിത്രത്തിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ നടിയാണ് മീര നന്ദന്‍. കുറച്ച് കാലമായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന മീര നിലവില്‍ ദുബായില്‍ ആര്‍ജെയാണ്. ദുബായില്‍ നിന്നുള്ള വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുള്ള താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
അടുത്തിടെയാണ് താരം വിവാഹിതയാകാന്‍ പോകുന്ന സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. കൊച്ചിയില്‍ നടന്ന വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ മീര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ലണ്ടനില്‍ അക്കൗണ്ടന്റായ ശ്രീജുവാണ് മീരയുടെ വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ നിന്നുള്ള മനോഹര ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്.
ഇതിന് പിന്നാലെ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ മീര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. ഒരുമിച്ചുള്ള യാത്രയുടെ ചിത്രങ്ങളും ലണ്ടനില്‍ നിന്ന് ദുബായിലേക്ക് മീരയെ കാണാന്‍ ശ്രീജു എത്തിയപ്പോള്‍ എടുത്ത ഫോട്ടോയുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. അത്തരത്തില്‍ കഴിഞ്ഞ ദിവസവും മീര ശ്രീജുവിനെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു.
എന്റെ സ്വന്തം, ജീവിത പങ്കാളി തുടങ്ങിയ ഹാഷ്ടാഗുകളോട് കൂടിയാണ് മീര ഈ ചിത്രം പോസ്റ്റ് ചെയ്തത്. ദുബായിലെ പ്രശസ്തമായ മ്യൂസിയം ഓഫ് ഫ്യൂച്ചറിന് മുന്നില്‍ നിന്നെടുത്ത ചിത്രമാണിത്.
ഇതിന് താഴെ നിമിഷനേരത്തിനുള്ളില്‍ നിരവധി കമന്റുകളാണ് വന്നത്. മിക്കതും ശ്രീജുവിനെ ബോഡിഷെയ്മിങ് നടത്തുന്ന രീതിയിലുള്ളതായിരുന്നു. വിവിധ തരത്തിലുള്ള പരിഹാസപ്പേരുകളാണ് കമന്റുകളില്‍ കാണാനാകുന്നത്. ഇതിന് മറുപടിയായുള്ള കമന്റുകളും പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടു. വിവാഹം എന്നത് സൗന്ദര്യത്തെ മാത്രം ആശ്രയിച്ചുള്ളതല്ലെന്നും മലയാളികളുടെ മനസ് എത്ര വൃത്തികെട്ടതാണെന്ന് ഈ കമന്റ് സെഷന്‍ നോക്കിയാല്‍ മനസിലാകുമെന്നും ആളുകള്‍ പ്രതികരിച്ചിട്ടുണ്ട്.