മറ്റൊരാളുടെ വിറകുപുരയിലാണ് ഒരു നിര്‍മാതാവിന്റെ ഭാര്യ ജീവിക്കുന്നത്! അവരുടെ കാറും വീടുമൊക്കെ നഷ്ടപ്പെട്ടു; ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തല്‍

കൊച്ചി:മലയാള സിനിമയിലെ നിര്‍മ്മാതാക്കള്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധികളെ കുറിച്ച് നിര്‍മ്മാതാവ് നടനുമായ ജി സുരേഷ് കുമാര്‍ തുറന്നു പറഞ്ഞിരുന്നു. താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് അടക്കം സിനിമയുമായി മുന്നോട്ടു പോവണമെങ്കില്‍ ചില കാര്യങ്ങള്‍ കൂടി മാറ്റണമെന്നും നിര്‍മാതാക്കളുടെ സംഘടന കഴിഞ്ഞദിവസം തുറന്നു പറഞ്ഞിരുന്നു.
ഇപ്പോഴിതാ കഷ്ടപ്പാട് അനുഭവിക്കുന്ന നിര്‍മ്മാതാക്കളെ കുറിച്ച് പറയുകയാണ് സുരേഷ് കുമാര്‍. ചിത്രീകരണം തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ നിര്‍മാതാവിനെ ശത്രുവായിട്ടാണ് താരങ്ങള്‍ അടക്കമുള്ളവര്‍ കാണുന്നത്. കെട്ടുതാലിയും വീടും കാറും ഒക്കെ വിറ്റ് ഒന്നുമില്ലാതെ ആയി പോയവരുടെ കഥയും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സുരേഷ് കുമാര്‍ പറയുന്നു.
സിനിമാ ചിത്രീകരണത്തെ കുറിച്ച് സുരേഷ് കുമാര്‍ പറയുന്നതിങ്ങനെയാണ്… ‘ഇപ്പോള്‍ ഒരു സിനിമയുടെ ചിത്രീകരണം നടക്കുന്നത് 140 ദിവസമൊക്കെയാണ്. അത്രയും ദിവസത്തെ ചെലവ് ആലോചിച്ചു നോക്കൂ. ഒരു ദിവസം പടത്തിന്റെ ക്രൂ 150 മുതല്‍ 200 പേര്‍ വരെ ആയിരിക്കും. അവര്‍ക്കെല്ലാം ബാറ്റ കൊടുത്തു തന്നെ മുടിയും. അതുകൂടാതെ ആര്‍ട്ടിസ്റ്റുകള്‍ കാരവനുമായി വരും. അതിനുള്ള വാടകയും അവര്‍ വാങ്ങും. ചില ആര്‍ട്ടിസ്റ്റുകളുടെ കൂടെ മേക്കപ്പ്മാന്‍, കോസ്റ്റ്യൂമര്‍, ജിം ട്രെയിനര്‍ തുടങ്ങി ഏഴെട്ട് പേരെങ്കിലും ഉണ്ടാവും. അവര്‍ക്കെല്ലാം നിര്‍മാതാവ് ചെലവിനു കൊടുക്കണം.
ഒരു സിനിമ നിര്‍മ്മിക്കാന്‍ വരുന്ന ആളെ കുത്തുപാള എടുപ്പിച്ചിട്ട് വിടൂ. സിനിമ തുടങ്ങുന്നത് വരെ പ്രൊഡ്യൂസര്‍ വേണം. പടം തുടങ്ങി കഴിഞ്ഞാല്‍ ഇവരുടെ സ്വഭാവം മാറും. അവര്‍ പറയുന്ന ഡാന്‍സ് മാസ്റ്റര്‍, ഫൈറ്റ് മാസ്റ്റര്‍, ലൊക്കേഷന്‍, സെറ്റ്, ആര്‍ട്ട്, ഒക്കെ മറ്റേണ്ടി വരും. ചിലര്‍ ഈ ലൊക്കേഷന്‍ വേണ്ട ഇവിടുന്ന് പോകാമെന്ന് തുടങ്ങി തോന്ന്യാസങ്ങളാണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്.
നട്ടെല്ലുള്ള നിര്‍മാതാവ് ഇല്ലാത്തതിന്റെ കുഴപ്പമാണ്. ഞാന്‍ അവസാനം നിര്‍മിച്ച പടം ‘വാശി’ ആണ്. എനിക്കൊന്നും ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. പക്ഷേ അല്ലാതെ ഒരാള്‍ വന്നാല്‍ അയാളെ വഴിയാധാരമാക്കും. എല്ലാവരും കൂടി ഒരു കോക്കസ് ആയിട്ടാണ് നിര്‍മാതാവിനെ ശത്രുവായി കാണുന്നത്.
പ്രൊഡ്യൂസര്‍ ഇല്ലെങ്കില്‍ നടന്മാരും സംവിധായകനും ഉണ്ടാകുമോന്നും സുരേഷ് കുമാര്‍ ചോദിക്കുന്നു. പണ്ടത്തെ നടി നടന്മാര്‍ക്ക് നിര്‍മാതാക്കളോട് സ്‌നേഹ ബഹുമാനമുണ്ടായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞു വന്ന ആര്‍ക്കും അത്തരം ഒരു പെരുമാറ്റം ഉണ്ടെന്ന് തോന്നുന്നില്ല. പണ്ട് പ്രൊഡ്യൂസറുടെ കയ്യിലായിരുന്നു സിനിമ. പ്രൊഡ്യൂസര്‍മാര്‍ ഉള്ളതുകൊണ്ടാണ് ഞങ്ങളുടെയൊക്കെ വീട്ടില്‍ അടുപ്പ് പുകയുന്നതെന്ന് ഷീലാമ്മയും സുകുമാരി ചേച്ചിയും ഒക്കെ പറയുമായിരുന്നു.
ഇന്ന് പ്രൊഡ്യൂസര്‍ക്ക് പുല്ലുവിലയാണ്. ഒരു പടം വിജയിച്ചാല്‍ അത് നായകന്റെ മിടുക്ക്. ഇനി പടം പൊട്ടുകയാണെങ്കില്‍ അത് നിര്‍മ്മാതാവിന്റെ പ്രശ്‌നമാണ്. കാശ് ആവശ്യത്തിന് മുടക്കിയില്ല, പ്രമോഷന്‍ ചെയ്തില്ല, പോസ്റ്റര്‍ ഒട്ടിച്ചില്ല, എന്നൊക്കെ പറയും. എത്രയോ നിര്‍മാതാക്കള്‍ രാപകല്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഇന്‍ഡസ്ട്രി ആണിത്. അല്ലാതെ നടന്മാരും സംവിധായകരും അല്ലല്ലോ. കാശുമുടക്കുന്നവര്‍ ഉണ്ടെങ്കിലേ ഏത് കാര്യവും നടക്കൂ… പക്ഷേ ഇപ്പോള്‍ ചിലര്‍ ഒരു ഡേറ്റ് തരുന്നത് എന്തോ ഔദാര്യം പോലെയാണ്.
നിര്‍മ്മാതാക്കള്‍ എല്ലാം കടക്കണിയില്‍ ആണെന്നും സുരേഷ് കുമാര്‍ പറയുന്നു. ഇന്നലെ ധനസഹായം ചോദിച്ചു കൊണ്ട് ഒരു നിര്‍മ്മാതാവിന്റെ ഭാര്യയുടെ കത്ത് വന്നിരുന്നു. അവരുടെ ഭര്‍ത്താവ് മരിച്ചുപോയി. ഒരു പടം എടുത്തതോടെ അവരുടെ വലിയ വീട്, ബെന്‍സ് കാറ്, വേറൊരു കാര്‍, എല്ലാം വില്‍ക്കേണ്ടിവന്നു. പടം പൊട്ടിയ വേദനയിലാണ് അദ്ദേഹം മരിക്കുന്നതും.
അദ്ദേഹത്തിന്റെ ഭാര്യ ഇപ്പോള്‍ മറ്റൊരു വീട്ടുകാരുടെ ഔദാര്യത്തില്‍ അവരുടെ വീടിന് പിന്നിലെ വിറകുപുരയിലാണ് താമസിക്കുന്നത്. അവരുടെ ജീവിതം തകര്‍ന്നു പോയി. ജീവിക്കാന്‍ പോലും നിവൃത്തിയില്ലാത്ത അവര്‍ക്ക് കുറച്ചു പണം ഞങ്ങള്‍ അയച്ചു കൊടുത്തിരുന്നു. സുന്ദരമായി ജീവിച്ചിരുന്ന അവരോട് ആരോ പടം എടുക്കാമെന്ന് പറഞ്ഞ് പറ്റിച്ചതാണ്. ഇതുപോലെ ഞാന്‍ ആത്മഹത്യയുടെ വക്കിലാണ് ഭാര്യയുടെ കെട്ടുതാലി കൂടി വിറ്റാണ് പടം തീര്‍ത്തത് എന്നൊക്കെ പറഞ്ഞ് ഒത്തിരി പേര്‍ ഞങ്ങളെ വിളിക്കാറുണ്ടെന്നും’ സുരേഷ് കുമാര്‍ പറഞ്ഞു.