KeralaNews

പിണറായിക്കും ഉമ്മൻ ചാണ്ടിക്കും എതിരെ 3 കേസുകൾ, സുരേന്ദ്രനെതിരെ നൂറിലധികം കേസുകൾ, വിശദാംശങ്ങൾ ഇങ്ങനെ

നേതാക്കളുടെ പേരിലുള്ള കേസുകളിൽ ഒന്നാമത് കെ സുരേന്ദ്രൻ. 248 കേസുകളാണ് സുരേന്ദ്രന്റെ പേരിൽ ഉള്ളത്. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ, ലഹള നടത്തൽ, ഭീഷണിപ്പെടുത്തൽ, അതിക്രമിച്ചു കയറൽ, പൊലീസുകാരുടെ ജോലി തടസ്സപ്പെടുത്തൽ, നിയമവിരുദ്ധമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി 248 കേസുകൾ. ഇതിൽ ഭൂരിപക്ഷവും ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ടവയാണ്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരമാണ് ഒരു കേസ്. സ്വകാര്യ ലാഭത്തിനായി കരാറിലേർപ്പെട്ടെന്ന കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. നിയമവിരുദ്ധമായി സംഘം ചേർന്നു പൊതുവഴി തടസ്സപ്പെടുത്തിയതിനാണ് മറ്റൊരു കേസ്. മൂന്നാമത്തെ കേസ് ടി.നന്ദകുമാർ എന്നയാൾ ഫയൽ ചെയ്ത പാപ്പർ കേസാണ്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ സമരങ്ങളുടെ ഭാഗമായുള്ളതാണ് 3 കേസുകൾ; ഒരെണ്ണം സോളർ കേസ് പ്രതിയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്തതും. 2018ൽ ശബരിമല പ്രക്ഷോഭ സമയത്തു നിരോധനാജ്ഞ ലംഘിച്ചതിനും യുഡിഎഫ് സമരത്തിന്റെ ഭാഗമായി ജനകീയ മെട്രോ റെയിൽ യാത്ര നടത്തിയതിനും മലയിൻകീഴിൽ സമരത്തിന്റെ ഭാഗമായി അനധികൃതമായി കൂട്ടംകൂടിയതിനുമാണ് പമ്പ, ആലുവ ഈസ്റ്റ്, മലയിൻകീഴ് പൊലീസ് സ്റ്റേഷനുകളിൽ കേസ് റജിസ്റ്റർ ചെയ്തത്.

രമേശ് ചെന്നിത്തലക്കെതിരെ കേരള പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരം മലയിൻകീഴ് (സ്വർണക്കടത്തു കേസിനെതിരായ സമരം), വടക്കാഞ്ചേരി (ലൈഫ് മിഷൻ ഫ്ലാറ്റ് ക്രമക്കേടിനെതിരായ സമരം), തിരുവനന്തപുരം മ്യൂസിയം (കെ.കരുണാകരൻ ജന്മദിനാഘോഷം), അമ്പലപ്പുഴ (തോട്ടപ്പള്ളി സമരം) പൊലീസ് സ്റ്റേഷനുകളിൽ കേസുണ്ട്.സർക്കാർ നയങ്ങൾക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ 2010ലും 2019ലും തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസും നിലവിലുണ്ട്.ശബരിമല സമരത്തിന്റെ പേരിൽ പമ്പ സ്റ്റേഷനിലും ജനകീയയാത്രയുടെ പേരിൽ ആലുവ ഈസ്റ്റിലും കേസുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button