കൊച്ചി: പാനൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ പാര്‍ട്ടിക്കുള്ള ബന്ധം വിവാദമാകവേ ന്യായീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഷെറിന്റെ സംസ്‌കാരച്ചടങ്ങില്‍ സിപിഎം നേതാക്കള്‍ പങ്കെടുത്തതിനെയാണു ഗോവിന്ദന്‍ ന്യായീകരിച്ചത്.
”പാനൂരില്‍ സന്നദ്ധ പ്രവര്‍ത്തകനാണു പിടിയിലായത്. സിപിഎം നേതാക്കളുടെ സന്ദര്‍ശനത്തില്‍ മനുഷ്യത്വപരമായ സമീപനം മാത്രമേയുള്ളൂ. സ്‌ഫോടനം നടന്ന സ്ഥലത്ത് ഡിവൈഎഫ്‌ഐ നേതാവ് പോയത് രക്ഷാപ്രവര്‍ത്തനത്തിനാണ്. പൊലീസ് പിടികൂടിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ നിരപരാധിയാണ്.”- പൊതുപരിപാടിയില്‍ എം.വി.ഗോവിന്ദന്‍ പറഞ്ഞു. ഷെറിന്റെ വീട്ടില്‍ സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചത് അറിയില്ലെന്നും ഇതില്‍ പാര്‍ട്ടിക്കു ബന്ധമില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം ഗോവിന്ദന്‍ പറഞ്ഞത്.
സന്ദര്‍ശനം മനുഷ്യത്വപരമായ സമീപനത്തിന്റെ ഭാഗമാണെന്ന് അടൂരിലെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. ബോംബ് നിര്‍മിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തതിനു പിന്നാലെയാണു പിണറായിയുടെയും ഗോവിന്ദന്റെയും പ്രതികരണം.
ഡിവൈഎഫ്‌ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി അമല്‍ ബാബു (26), മിഥുന്‍ലാല്‍ (28) എന്നിവരാണ് അറസ്റ്റിലായത്. സ്‌ഫോടന സമയത്ത് അമല്‍ ബാബു സ്ഥലത്തുണ്ടായിരുന്നെന്നും മിഥുന്‍ലാലിനു ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും പൊലീസ് പറയുന്നു.
ബോംബ് നിര്‍മാണത്തിന്റെ മുഖ്യ സൂത്രധാരനെന്നു കരുതുന്ന ഡിവൈഎഫ്‌ഐ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാലിനു വേണ്ടി തിരച്ചില്‍ തുടരുകയാണ്. കൊല്ലപ്പെട്ട ഷെറിന്റെ സംസ്‌കാരച്ചടങ്ങില്‍ സിപിഎം പ്രാദേശിക നേതാക്കളും കെ.പി.മോഹനന്‍ എംഎല്‍എയും പങ്കെടുത്തു. സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.െക.സുധീര്‍കുമാര്‍, എന്‍.അനില്‍കുമാര്‍, ചെറുവാഞ്ചേരി ലോക്കല്‍ കമ്മിറ്റി അംഗം എ.അശോകന്‍ എന്നിവരാണു ഷെറിന്റെ വീട്ടിലെത്തിയത്.