KeralaNews

സിപിഎം അരുംകൊലകള്‍ നടത്തുന്ന ഭീകരസംഘടന, കരുണയുടെ കണികപോലും പ്രതീക്ഷിക്കരുത്’

തിരുവനന്തപുരം: ഷുഹൈബിന്റെ ചോരയ്ക്ക് സിപിഎമ്മിനെ കൊണ്ട് കോണ്‍ഗ്രസ് എണ്ണിയെണ്ണി കണക്ക് പറയിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. സിപിഎമ്മിന്റെ അറിവും സമ്മതത്തോടെയുമാണു മട്ടന്നൂരില്‍ ഷുഹൈബിനെ ക്രൂരമായി കൊല്ലപ്പെടുത്തിയതെന്നു കോണ്‍ഗ്രസ് നാളിതുവരെ പറഞ്ഞിരുന്ന യാഥാര്‍ഥ്യം കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി തന്നെ വെളിപ്പെടുത്തിയത് കേട്ട് കേരളം തരിച്ചിരുന്നുപോയി. ആകാശ് തില്ലങ്കേരിയുടെ കുമ്പസാരത്തിലൂടെ സിപിഎമ്മിന്റെ വൈകൃതമായ കൊലയാളി മുഖം പുറത്തായെന്നും അദ്ദേഹം പറഞ്ഞു.

‘‘അരുംകൊലകള്‍ നടത്തുന്ന ഭീകരസംഘടനയാണ് സിപിഎം. അക്രമത്തിന്റെ ഉപാസകരായ അവരില്‍നിന്നും കരുണയുടെ കണികപോലും കേരളം പ്രതീക്ഷിക്കരുത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഉന്നത സിപിഎം നേതാക്കളുടെ കളിത്തോഴനാണ് ആകാശ് തില്ലങ്കേരി.

രക്തവെറിപൂണ്ട സിപിഎം നേതാക്കളെ തൃപ്തിപ്പെടുത്തുന്ന ആശ്രിതനായ ആകാശ് തില്ലങ്കേരിയാണ് ഷുഹൈബിന്റെ കിരാത കൊലപാതകത്തില്‍ സിപിഎം നേതൃത്വത്തിന്റെ പങ്ക് ലോകത്തോടു വിളിച്ചു പറഞ്ഞതും സിപിഎമ്മിലെ ഊതിവീര്‍പ്പിച്ച ബലൂണുകളെ പച്ചയ്ക്കു നേരിടുമെന്ന ഭീഷണി മുഴക്കിയതും.

ഗുണ്ടകളുടെയും വാടകക്കൊലയാളികളുടെയും മുന്നില്‍ എന്നും ഓച്ഛാനിച്ചു നില്‍ക്കാറുള്ള സിപിഎം ഇത്തവണയും പതിവുതെറ്റിച്ചില്ല. ആകാശിന്റെ ഭീഷണിക്കു മുന്നില്‍ വിറങ്ങലിച്ചുപോയ സിപിഎം നേതൃത്വം, ഉടനടി ഇടപെട്ട് ഫെയ്സ്ബുക് കുറിപ്പുതന്നെ നീക്കം ചെയ്തു. അതുകൊണ്ട് ഇനിയെങ്കിലും മുഖ്യമന്ത്രി ഊരിപ്പിടിച്ച വാളുകളുടെ ഇടയിലൂടെ നീങ്ങിയ ആ പഴംപുരാണം വിളമ്പരുത്’’– അദ്ദേഹം പറഞ്ഞു.

‘‘നീതിക്കുവേണ്ടി ഷുഹൈബിന്റെ കുടുംബാംഗങ്ങള്‍ യാചിക്കുമ്പോഴും കണ്ണില്‍ചോരയില്ലാത്ത സമീപനമാണു മുഖ്യമന്ത്രി സ്വീകരിച്ചത്. ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നൽകാന്‍ വേണ്ടിയാണു നമ്മുടെ നികുതിപ്പണമെടുത്ത് കൊലയാളികളെ സംരക്ഷിക്കുന്നത്. ഷുഹൈബ് വധക്കേസില്‍ പ്രതികള്‍ക്കുവേണ്ടി സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ഇതുവരെ 1.36 കോടി രൂപ ചെലവഴിച്ചാണു സുപ്രീം കോടതിയിലെ മുന്‍നിര അഭിഭാഷകരെ നിയോഗിച്ചത്.

സുപ്രീം കോടതയില്‍ കേസ് തുടരുന്നതിനാല്‍ ഈ തുക ഇനിയും കുതിച്ചുയരും. പെരിയ ഇരട്ടക്കൊല കേസിലും പ്രതികളെ രക്ഷിക്കാന്‍ സിപിഎമ്മും സര്‍ക്കാരും കോടികളാണ് പൊടിച്ചത്. കൂറുമാറ്റക്കാരെയും ഒറ്റുകാരെയും ഒപ്പം നിര്‍ത്തി പെരിയ ഇരട്ടക്കൊലക്കേസ് അട്ടിമറിക്കാനുള്ള ഗൂഢശ്രമങ്ങള്‍ സിപിഎം നടത്തിയതിനു തെളിവാണു സി.കെ.ശ്രീധരന്റെ സിപിഎം പ്രവേശം.

ശരത് ലാലിന്റെയും കൃപേഷിന്റെയും ഘാതകാരായ സിപിഎം പ്രതികളെ രക്ഷിക്കാനായി ഒരു കോടി രൂപയോളം ഫീസിനത്തില്‍ അദ്ദേഹം കൈപ്പറ്റിയെന്നാണു വിവരം. അഴിമതിയും വെട്ടിപ്പും നടത്തി സിപിഎം അവിഹിതമായി സമ്പാദിച്ച പണമാണ് മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ കണ്ണീരിന് വിലപറയാന്‍ പൊടിക്കുന്നത്’’– അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker