KeralaNews

പാര്‍ട്ടിയുമായി യോജിച്ച് പോകുന്നില്ല; മുഹമ്മദ് മൊഹ്‌സിനെതിരെ സി.പി.ഐ

പാലക്കാട്: പട്ടാമ്പി എംഎല്‍എ മുഹമ്മദ് മൊഹ്സിനെ വിമര്‍ശിച്ച് സിപിഐ. പാര്‍ട്ടിയുമായി എംഎല്‍എ യോജിച്ച് പോകുന്നില്ലെന്നാണ് വിമര്‍ശനം. പാലക്കാട് ചേര്‍ന്ന ജില്ല എക്സിക്യൂട്ടിവിലാണ് മുഹമ്മദ് മൊഹ്സിന് എതിരെ വിമര്‍ശനം ഉയര്‍ന്നത്.

പ്രാദേശിക നേതൃത്വവുമായി യോജിച്ച് പോകണമെന്ന് എംഎല്‍എയോട് പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചു. തെറ്റ് തിരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പാലക്കാട് നിന്നുള്ള സ്ഥാനാര്‍ത്ഥി സാധ്യത പട്ടികയില്‍ മുഹമ്മദ് മൊഹ്സിനും ഒ കെ സെയ്തലവിയും ഉണ്ട്. പാര്‍ട്ടി നേതൃത്വവുമായി എംഎല്‍എ അകല്‍ച്ചയിലായിരുന്നു. എംഎല്‍എ സിപിഐഎമ്മിനോട് കൂടുതല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്നും ആരോപണം.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ 24 സീറ്റില്‍ മത്സരിക്കും. കഴിഞ്ഞ തവണ മത്സരിച്ച ഇരിക്കൂര്‍, മഞ്ചേരി, തിരുരൂങ്ങാടി സീറ്റുകള്‍ ഇത്തവണ വിട്ടുനല്‍കാനാണ് സിപിഐ തീരുമാനം.

എന്നാല്‍ കാഞ്ഞിരപ്പള്ളി കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന് വിട്ടുനല്‍കിയതിന് പകരമായി ചങ്ങനാശേരി കിട്ടിയേ തീരൂവെന്ന നിലപാടിലാണ് സിപിഐ. ജോസ് കെ. മാണി പക്ഷവും ജനാധിപത്യ കേരള കോണ്‍ഗ്രസും ചങ്ങനാശേരി സീറ്റിനായി സമ്മര്‍ദം തുടരുകയാണ്.

അതേസമയം ചാലക്കുടിയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നേതാക്കള്‍ ഉള്‍പ്പെടെ നൂറോളം പ്രവര്‍ത്തകര്‍ കേരള കോണ്‍ഗ്രസ് ജോസ് കെ. മാണിയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തഴഞ്ഞതാണ് പാര്‍ട്ടി വിടാന്‍ കാരണമെന്നാണ് ആരോപണം.

ഐ.എന്‍.ടി.യു.സി. മേഖല പ്രസിഡന്റ് ഡെന്നീസ് കെ ആന്റണിയുടെ നേതൃത്വത്തിലുള്ള നൂറോളം പേരാണ് ജോസ് കെ. മാണിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊരട്ടിയിലും പരിയാരത്തും നല്ല നേതാക്കളെ തഴഞ്ഞതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടാനുള്ള തീരുമാനം. വ്യക്തി താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസില്‍ സീറ്റ് വീതംവയ്പാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. എല്‍.ഡി.എഫിനൊപ്പം പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്ന് നേതാക്കള്‍ പറഞ്ഞു.

ജോസ്. കെ. മാണി വിഭാഗത്തിന്റെ നേതാക്കളുമായി സംസാരിച്ച ശേഷമാണ് തീരുമാനം. ചാലക്കുടിയില്‍ പ്രവര്‍ത്തകരുടെ കൊഴിഞ്ഞ് പോക്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. പ്രാദേശിക നേതാക്കളേയും അണികളേയും കൂടെനിര്‍ത്താന്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന വിമര്‍ശനവുമുണ്ട്.

അതിനിടെ കേരള കോണ്‍ഗ്രസിന് എല്‍.ഡി.എഫ് 12 സീറ്റുകള്‍ വിട്ടുനല്‍കി. പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, റാന്നി, തൊടുപുഴ, ഇടുക്കി, കുറ്റ്യാടി, ഇരിക്കൂര്‍, ചാലക്കുടി, പെരുമ്പാവൂര്‍, പിറവം എന്നീ മണ്ഡലങ്ങളാണ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയിരിക്കുന്നത്.

ചങ്ങനാശ്ശേരി കൂടി വേണമെന്നാണ് ജോസ് കെ.മാണിയുടെ ആവശ്യം. ഇക്കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടാകും.എല്‍ഡിഎഫിന്റെ ചരിത്രത്തില്‍ തന്നെ ഇത്രയും ഉദാരമായ സമീപനം മറ്റൊരു പാര്‍ട്ടിയോടും മുന്നണി കാണിച്ചിട്ടില്ല. സിപിഐക്ക് മൂന്നു സീറ്റ് കുറഞ്ഞപ്പോള്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിനെ നാലില്‍ നിന്ന് ഒരു സീറ്റിലേക്ക് ഒതുക്കി. എന്‍സിപിക്കും ഐഎന്‍എലിനും ഓരോ സീറ്റ് കുറഞ്ഞു. സ്‌കറിയ തോമസ് വിഭാഗത്തിന് മത്സരിച്ച ഏക സീറ്റായ കടുത്തുരുത്തിയും നഷ്ടമായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button