FeaturedHome-bannerKeralaNews

കൊവിഡ്:ഒരു ദിനം 6050 പുതിയ രോഗികൾ;മാസ്ക്ക് നിർബന്ധമാക്കി സിക്കിം, ഇന്ന് ഉന്നതതലയോ​ഗം

ന്യൂഡൽഹി: കോവിഡ് നിരക്കുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ഇന്ന് ( ഏപ്രിൽ ഏഴിന്) വൈകീട്ട് ഉന്നതതല യോഗം ചേരും. രാജ്യത്തെ കോവിഡ് നിരക്കുകൾ 6050-ലേക്ക് ഉയർന്നു, ആറുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്. വ്യാഴാഴ്ച്ചത്തെ കോവിഡ് കേസുകൾ 5,335 ആയിരുന്നു. പതിമൂന്ന് ശതമാനത്തിന്റെ വർധനവാണ് ഇന്നു രേഖപ്പെടുത്തിയത് .അതിനിടെ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് സിക്കിമിൽ മാസ്ക് നിർബന്ധമാക്കി. 7 ശതമാനമാണ് സിക്കിമിലെ കൊവിഡ് പൊസിറ്റിവിറ്റി നിരക്ക്.

കഴിഞ്ഞ വർഷം സെപ്തംബറിനു ശേഷം ഇതാദ്യമായാണ് രാജ്യത്തെ പ്രതിദിനകോവിഡ് കേസുകൾ ആറായിരം കടക്കുന്നത്. രോ​ഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് എല്ലാ സംസ്ഥാനങ്ങളിലെയും ആരോ​ഗ്യമന്ത്രിമാരുമായി അവലോകനയോ​ഗം നടത്താൻ‌ തീരുമാനമായത്. പുതിയ പശ്ചാത്തലത്തിൽ എന്തെല്ലാം തയ്യാറെടുപ്പുകൾ നടത്തണം എന്ന് വിലയിരുത്താനാണ് യോ​ഗം ചേരുന്നത്.

സെപ്റ്റംബറിൽ 5383 പേർക്കാണ് രോഗം ബാധിച്ചിരുന്നത്. നിലവിൽ 25,587 പേർ ചികിത്സയിലുണ്ട്. പ്രതിദിന രോഗസ്ഥിരീകരണനിരക്ക് 3.32 ശതമാനമാണ്,

ഏതു സാഹചര്യത്തെയും നേരിടാൻ സർക്കാർ സജ്ജമാണെന്നും ഐ.സി.യു ബെഡുകൾ, ഓക്സിജൻ വിതരണം, മറ്റ് അത്യാഹിത സേവനങ്ങൾ തുടങ്ങിയവയെല്ലാം സജ്ജമാക്കുന്നുണ്ടെന്നും മൻസൂഖ് മണ്ഡവ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോവിഡിന്റെ സ്വഭാവത്തെ മുൻകൂട്ടി പ്രവചിക്കുക സാധ്യമല്ല. എന്നാൽ നിലവിലെ വർധനവിന് കാരണമായ ഉപവകഭേദങ്ങൾ ​ഗുരുതരസാഹചര്യം ഉണ്ടാക്കാൻ തക്ക അപകടകാരികൾ അല്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ജാ​ഗ്രത കൈവിടരുതെന്നും മന്ത്രി പറയുകയുണ്ടായി. നേരത്തേ വ്യാപിച്ച കോവിഡ് വകഭേദം ഒമിക്രോണിന്റെ ഉപവകഭേദമായ BF.7 ന്റേതായിരുന്നു. നിലവിലുള്ളത് XBB1.16 എന്ന വകഭേദമാണ്. പുതിയ വകഭേദം സ്ഥിരീകരിക്കുമ്പോഴെല്ലാം സൂക്ഷ്മനിരീക്ഷണം നടത്തി അവയ്ക്കുമേലുള്ള വാക്സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് പഠിക്കുന്നുണ്ട്. നിലവിൽ സ്ഥിരീകരിച്ചിട്ടുള്ള എല്ലാ വകഭേദങ്ങൾക്കും വാക്സിൻ ഫലപ്രദമാണെന്നാണ് തെളിഞ്ഞിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

അതിനിടെ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും മുഖാവരണങ്ങൾ ഉൾപ്പടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) അറിയിച്ചു. ആൾക്കൂട്ടങ്ങൾ പരമാവധി ഒഴിവാക്കണമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും പത്രസമ്മേളനത്തിൽ ഐ.എം.എ. ദേശീയ അധ്യക്ഷൻ ഡോ. ശരദ് കുമാർ അഗർവാൾ പറഞ്ഞു.

പ്രതിദിനം എൺപതിനായിരത്തോളം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന അവസ്ഥയിൽ അത് നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ രാജ്യത്തുണ്ടായിരുന്നുവെന്നും നിലവിലെ അയ്യായിരം കേസുകൾ ഭയപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button