തിരുവനന്തപുരം: സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം രണ്ടു ലക്ഷത്തോട് അടുക്കുന്നു. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം വിവിധ ജില്ലകളിലായി 1,97,078 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,95,307 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്ൈറനിലും 1771 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 211 പേരെയാണ് തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3827 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 85,676 വ്യക്തികളുടെ (ഓഗ്മെന്റഡ് സാന്പിള്‍ ഉള്‍പ്പെടെ) സാന്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 82,362 സാന്പിളുകളുടെ പരിശോധനാഫലം നെഗറ്റീവാണ്.
സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സന്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 22,357 സാന്പിളുകള്‍ ശേഖരിച്ചതില്‍ 21,110 സാന്പിളുകള്‍ നെഗറ്റീവായി. 5,923 റിപ്പീറ്റ് സാന്പിള്‍ ഉള്‍പ്പെടെ ആകെ 1,13,956 സാന്പിളുകളാണ് പരിശോധിച്ചത്.
കൊവിഡ് കാലത്ത് പുറത്തുനിന്ന് സംസ്ഥാനത്ത് ആകെ 1,93,363 പേരാണ് എത്തിയത്. ഇതില്‍ എയര്‍പോര്‍ട്ട് വഴി വന്ന 49,065 പേരും സീപോര്‍ട്ട് വഴി വന്ന 1621 പേരും ചെക്ക്‌പോസ്റ്റ് വഴി വന്ന 1,23,029 പേരും റെയില്‍വേ വഴി വന്ന 19,648 പേരും ഉള്‍പ്പെടുന്നു.