ചൈനയില്‍ കൊവിഡ് ബിഎ ടു വകഭേദം പടരുന്നു, രണ്ടുവര്‍ഷത്തിന് ശേഷം ആദ്യമായി 5,000ലധികം കൊവിഡ് കേസുകള്‍; വിവിധ നഗരങ്ങളില്‍ ലോക്ക്ഡൗണ്‍
ബീജിംഗ്: ചൈനയില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു. പുതുതായി 5200 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡിന്റെ തുടക്കക്കാലത്തിന് ശേഷം ആദ്യമായാണ് ഒരേ സമയം ഇത്രയും കേസുകള്‍ ഒരുമിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒമൈക്രോണ്‍ വകഭേദമാണ് ചൈനയില്‍ പടരുന്നത്.
ഒമൈക്രോണിന്റെ ഏറ്റവും വ്യാപനശേഷിയുള്ള ഉപവകഭേദമായ ബിഎ ടു ആണ് മുഖ്യമായി പടരുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ് മുക്തമാക്കാന്‍ ഇതുവരെ ചൈന സ്വീകരിച്ച തന്ത്രങ്ങള്‍ക്ക് വെല്ലുവിളി സൃഷ്ടിച്ചാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
2020 ഫെബ്രുവരി 12നാണ് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അന്ന് 15000 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അടുത്തിടെ ആദ്യമായാണ് പ്രതിദിന കോവിഡ് കേസുകള്‍ 5000 കടക്കുന്നത്.
തലസ്ഥാനമായ ബീജിംഗില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയുള്ള ലാങ്ഫാങ്ങും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച നഗരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഷെന്‍സെന്‍, ഷാങ്ഹായ് തുടങ്ങിയ നഗരങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.