ന്യൂഡൽഹി: ഭര്‍ത്താവ് പ്രായപൂര്‍ത്തിയായ ഭാര്യയെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് ഇരയാക്കുന്നത് കുറ്റകരമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന ഛത്തീസ്ഗഢ് ഹൈക്കോടതി വിധി കഴിഞ്ഞ ദിവസം വലിയ വാർത്തയായിരുന്നു. ഭാര്യയുടെ സമ്മതം വേണമെന്നത് അപ്രധാനമാണെന്നും ജസ്റ്റിസ് നരേന്ദ്ര കുമാര്‍ വ്യാസിന്റെ സിംഗിള്‍ ബെഞ്ച് നിരീക്ഷിക്കുകയുണ്ടായി. ഭര്‍ത്താവ് ബലപ്രയോഗത്തിലൂടെയുള്ള പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിനെ തുടര്‍ന്ന് ഭാര്യ കൊല്ലപ്പെട്ട കേസിലെ വിധിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ ഭര്‍തൃ ബലാത്സംഗ കേസുകളില്‍ വലിയ സ്വാധിനം ചെലുത്താന്‍ സാധ്യതയുള്ള ഈ വിധി ന്യായം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട യുവതിയുടെ കുടലിനും മലദ്വാരത്തിനും വരെ പരിക്കേറ്റ സംഭവത്തിലെ കോടതി വിധിക്കെതിരേ വ്യാപകമായ വിമർശനമാണ് പൊതു സമൂഹത്തിൽ നിന്ന് ഉയരുന്നത്. ഇതോടെ രാജ്യത്ത് ഭര്‍തൃ ബലാത്സംഗങ്ങള്‍ കുറ്റകരമാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും വീണ്ടും ചര്‍ച്ചകള്‍ ഉയരുകയാണ്.
2017 ഡിസംബര്‍ 11-നായിരുന്നു കേസിനാസ്പദമായ സംഭവം. ഭര്‍ത്താവ് ബലപ്രയോഗത്തിലൂടെ സമ്മതമില്ലാതെയാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് യുവതി മരണമൊഴി നല്‍കിയിരുന്നു. ബലാത്സംഗത്തിൽ യുവതിയുടെ കുടലിനും മലദ്വാരത്തിനും വരെ പരിക്കേറ്റിരുന്നുവെന്ന് ഡോക്ടറുടെ മൊഴിയുണ്ട്.
ഭര്‍തൃ ബലാത്സംഗങ്ങള്‍ ഇന്ത്യന്‍ നിയമപ്രകാരം കുറ്റകരമല്ല. ഈ വിധിയിലൂടെ ഭാര്യയെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് ഇരയാക്കുന്നതും കുറ്റകരമല്ലാതാകും. വിധി പറഞ്ഞ കേസില്‍ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനും നരഹത്യയ്ക്കും കുറ്റാരോപിതനായ പ്രതിക്ക് വിചാരണക്കോടതി നല്‍കിയ ശിക്ഷയും ഹൈക്കോടതി റദ്ദ് ചെയ്തു.
കേസില്‍ ഭാര്യക്ക് പ്രായം 15 വയസ്സില്‍ താഴെയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ഭര്‍ത്താവ് ഭാര്യയുമായി നടത്തുന്ന ലൈംഗികബന്ധം പ്രകൃതിവിരുദ്ധമാണെങ്കിലും ഭാര്യയുടെ സമ്മതമില്ലെങ്കിലും ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് ജസ്റ്റിസ് നരേന്ദ്രകുമാര്‍ വ്യാസിന്റെ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. സെക്ഷന്‍ 376-ഉം 377-ഉം പ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.
ഭര്‍തൃ ബലാത്സംഗങ്ങള്‍ കുറ്റകരമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള നിരവധി ഹര്‍ജികള്‍ നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഭര്‍തൃ ബലാത്സംഗങ്ങള്‍ കുറ്റകരമായി പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്നാണ് കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.