ചെന്നൈ: കാണാതായ തമിഴ്‌നാട് കോൺഗ്രസ് നേതാവിൻ്റെ മൃതദേഹം കൃഷിയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ. തിരുനെൽവേലി ഈസ്റ്റ് ജില്ലാ ഘടകം പ്രസിഡൻ്റായിരുന്ന കെപികെ ജയകുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ട് ദിവസമായി ഇയാളെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു.
അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്ന് കുറിപ്പും കണ്ടെത്തി. വ്യാഴാഴ്ച കാണാതായെന്നും പിറ്റേന്ന് മകൻ പരാതി നൽകിയെന്നും പൊലീസ് പറഞ്ഞു. കണ്ടെത്തിയ കുറിപ്പ് അദ്ദേഹം എഴുതിയതാണോ എന്ന് പൊലീസ് അന്വേഷിക്കുന്നു.
ജയകുമാർ കൊല്ലപ്പെട്ടതാണോ ആത്മഹത്യ ചെയ്തതാണോ എന്നത് വ്യക്തമല്ലെന്നും കൂടുതൽ അന്വേഷണം വേണമെന്നും പൊലീസ് പറഞ്ഞു. ചിലർ തന്നെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് കത്തിൽ ആരോപിക്കുന്നത്.
അതേസമയം, സംഭവത്തിൽ ഡിഎംകെ സർക്കാരിനെതിരെ എഐഎഡിഎംകെ രംഗത്തെത്തി. സംസ്ഥാനത്തെ ക്രമസമാധാനനില ഗുരുതരമായ തകർന്നെന്ന് എഐഎഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എടപ്പാടി കെ പളനിസ്വാമി ആരോപിച്ചു. ജയകുമാറിൻ്റെ നിര്യാണത്തിൽ ശ്രീപെരുമ്പത്തൂർ എംഎൽഎ കൂടിയായ തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ കെ സെൽവപെരുന്തഗൈ അനുശോചനം രേഖപ്പെടുത്തി.