KeralaNews

‘വി.മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യാത്ര’വന്ദേഭാരത് ഉദ്ഘാടനത്തെ പരിഹസിച്ച് കെ.മുരളീധരന്‍

തിരുവനന്തപുരം: കേരളത്തിലെ രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ആദ്യ യാത്രയെ രാഷ്ട്രീയ യാത്രയായി ബിജെപി മാറ്റിയെന്ന രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ.മുരളീധരന്‍ എംപി. വന്ദേഭാരതിന്റെ സ്വീകരണയാത്രയെ ബിജെപി തരംതാണ രാഷ്ട്രീയത്തിന് ഉപയോഗിച്ചെന്നു പറഞ്ഞ മുരളി, കേന്ദ്രമന്ത്രി വി.മുരളീധരന്റെ നിലപാടുകളെയും കുറ്റപ്പെടുത്തി.

‘‘വന്ദേഭാരതിന്റെ സ്വീകരണയാത്ര വെറും തരംതാണ രാഷ്ട്രീയത്തിനാണു ബിജെപി ഉപയോഗിച്ചത്. കാസർകോട്ടെ തുടക്കം മുതൽ തിരുവനന്തപുരത്തെ സമാപനം വരെ ഇതുണ്ടായി. പ്രാദേശിക എംഎൽഎയെ ക്ഷണിച്ചിട്ടും സംസാരിക്കാൻ അനുവദിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടല്ല, ഓൺലൈനായാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത് എന്നോർക്കണം. എംഎൽഎയെ സംസാരിക്കാൻ അനുവദിക്കാതിരുന്നതു മുതൽ തറക്കളി ആരംഭിച്ചു.

കേരളത്തിൽനിന്നു ജയിച്ച എംഎൽഎയെയോ എംപിയെയോ സ്വീകരിക്കാനുള്ള ഭാഗ്യം ആ പാർട്ടിക്കില്ലല്ലോ. എന്നാൽപ്പിന്നെ ട്രെയിനിലെങ്കിലും സ്വീകരിച്ചോട്ടെ എന്നു കരുതി ഞാൻ മിണ്ടാതിരുന്നു. ആലപ്പുഴയിൽ എത്താറായപ്പോൾ എല്ലാ സീമയും ലംഘിച്ചു. എറണാകുളം മുതൽ ആലപ്പുഴ വരെ പാസഞ്ചർ ട്രെയിൻ പോലെയാണ് വന്ദേഭാരത് സഞ്ചരിച്ചത്. ഉദ്ഘാടനത്തിനു സ്പെഷൽ ഷെഡ്യൂൾ ആണെന്നായിരുന്നു ഇതിനു മറുപടി.

പലയിടങ്ങളിലും ട്രെയിൻ പിടിച്ചിട്ടു. ഇതു മറ്റു ട്രെയിനുകളെ വൈകിപ്പിച്ചു. വേണാട് എക്‌സ്പ്രസ് ഒരു മണിക്കൂര്‍ വൈകി. ആലപ്പുഴയിൽ ബിജെപി പ്രവർത്തകരുടെ ജാഥയും പ്രകടനവുമായിരുന്നു. ആദ്യ ദിവസം തന്നെ ട്രെയിന്റെ ചില്ല് പൊട്ടുമെന്നു വിചാരിച്ചു. കേരളത്തിലെ എല്ലാ ബിജെപിക്കാരെയും അണിനിരത്തി. ഇതിൽക്കൂടുതൽ ബിജെപിക്കാർ ഇവിടെയില്ല. ഇവിടങ്ങളിലെല്ലാം കേന്ദ്രമന്ത്രി വി.മുരളീധരൻ ഇറങ്ങി സ്വീകരണം ഏറ്റുവാങ്ങിയിരുന്നു.

വി.മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണമാണോയെന്ന് സംശയം തോന്നി. ഇദ്ദേഹത്തിനു വേണ്ടി ഓരോ പോയിന്റിലും 10 മിനിറ്റ് ട്രെയിൻ നിർത്തിയിട്ടു. ആലപ്പുഴയിൽ അരമണിക്കൂറോളം നേരം സ്വീകരണം നീണ്ടു. അടച്ച വാതിൽ വീണ്ടും തുറക്കുകയും ചെയ്തു. കൊല്ലത്ത് എത്തിയപ്പോൾ എൻ.കെ.പ്രേമചന്ദ്രൻ എംപി കയറി. അദ്ദേഹത്തെ കണ്ടപ്പോഴാണ് എനിക്ക് ആശ്വാസമായത്. അതുവരെ ബിജെപി ഓഫിസില്‍ ഇരുന്നുള്ള യാത്ര പോലെയാണ് തോന്നിയത്. സത്യത്തില്‍ കയറേണ്ടെന്നു തോന്നിപ്പോയി.

ട്രെയിനില്‍ കൊടിയുമായി കയറിയ ബിജെപി പ്രവര്‍ത്തകര്‍ മോദിക്കും സനാതന ധർമത്തിനും വേണ്ടി മുദ്രാവാക്യം വിളിച്ചു. ഇതൊക്കെ വി.മുരളീധരൻ ആസ്വദിക്കുകയാണ്. എംപിമാരെ ആദരിക്കുന്നുണ്ടെന്നു റെയിൽവേ അറിയിച്ചു. ഇത്രയും ബഹളത്തിൽ യാത്ര ചെയ്തതിനു പിന്നീടൊരു അവാർഡ് തന്നാൽ മതിയെന്നു പറഞ്ഞ് ഞാനും പ്രേമചന്ദ്രനും തിരുവനന്തപുരത്ത് ഇറങ്ങി സ്ഥലം കാലിയാക്കി.

എന്തിനായിരുന്നു ഇങ്ങനെ വൃത്തികെട്ട കളി? തിരഞ്ഞെടുപ്പ് സമയത്ത് നിങ്ങൾ അവകാശവാദം ഉന്നയിച്ചോളൂ. ഓടുന്ന ട്രെയിനിൽ മുദ്രാവാക്യം വിളിച്ചത് എങ്ങനെയാണ്? ക്ഷണിക്കപ്പെട്ടവർക്കു മാത്രമായിരുന്നു ആദ്യ ദിവസം ട്രെയിനിൽ പ്രവേശനം. എംപിക്കുള്ള അതേ പാസ് ബിജെപി പ്രവർത്തകരുടെ കയ്യിലുമുണ്ടായിരുന്നു. വന്ന ബിജെപിക്കാരെ തിരിച്ചുകൊണ്ടു പോകാൻ സ്പെഷൽ ട്രെയിനും ഏർപ്പാടാക്കി. പല റെയിൽവേ ഉദ്ഘാടനങ്ങളും കണ്ടിട്ടുണ്ട്. ഇതുപോലെ ആദ്യമാണ്’’– കെ.മുരളീധരൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker