NationalNews

ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ; അനാവശ്യമായി പുറത്തിറങ്ങിയാൽ വാഹനം പിടിച്ചെടുക്കും,കടുപ്പിച്ച് തമിഴ്നാട്

ചെന്നൈ: കൊവിഡ് കേസുകൾ (Covid Cases) വർധിക്കുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ (Tamil Nadu) ഇന്ന് വീണ്ടും സമ്പൂർണ ലോക്ക്ഡൗൺ (Complete Lock down today) പ്രഖ്യാപിച്ചു. ആവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും ഇന്ന് പ്രവർത്തിക്കാൻ അനുമതി. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് പൊലീസ് അറിയിച്ചു. മൂന്നാം തരംഗത്തിൽ കൊവിഡ് കേസുകൾ ക്രമാതീതമായി ഉയർന്ന് തുടങ്ങിയതോടെയാണ് കഴിഞ്ഞയാഴ്ച മുതൽ സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.

അതേസമയം, 23,989 പേർക്ക് കൂടി തമിഴ്നാട്ടിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 8,963 രോഗികൾ ചെന്നൈ നഗരത്തിൽ നിന്ന് മാത്രമാണ്. 15.3 ശതമാനമാണ് ആണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചെന്നൈയിൽ 28.6 ശതമാനമാണ് ടിപിആർ. ചികിത്സയിൽ കഴിയുന്ന 1,31,007 രോഗികളാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. നേരത്തെ, കൊവിഡ് സാഹചര്യത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രികാല കർഫ്യൂ ജനുവരി 31 വരെ നീ‌ട്ടിയിരുന്നു. അതേസമയം, രാജ്യത്ത് കൊവി‍ഡ് കേസുകൾ വർധിക്കുന്ന അവസ്ഥയാണുള്ളത്.

ഒമിക്രോൺ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് ഏ‍ർപ്പെടുത്തിയ നിയന്ത്രണങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ നീട്ടിയിരുന്നു. ഉത്ത‍ർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂ‍ർ, ​ഗോവ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള നിയന്ത്രണങ്ങളാണ് ഒരാഴ്ച കൂടി നീട്ടിയത്. ഈ മാസം 22 വരെ നിയന്ത്രണങ്ങൾ ഇവിടെ ബാധകമായിരിക്കും.

പ്രചരണത്തിനായി റാലികളോ റോഡ് ഷോകളോ നടത്താൻ പാടില്ല. 300 പേ‍ർ വരെയുള്ള യോ​ഗങ്ങൾ ഓഡിറ്റോറിയങ്ങളിൽ നടത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പ്രചാരണത്തിന് ഏ‍ർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീട്ടണമെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകരും ആരോ​ഗ്യമന്ത്രാലയവും കമ്മീഷനോട് ആവശ്യപ്പെട്ടുവെന്നാണ് സൂചന. 

കേരളത്തില്‍ ഇന്നലെ 17,755 പേര്‍ക്ക് കൂടി കൊവിഡ് 19 (Covid 19) സ്ഥിരീകരിച്ചു. തിരുവനന്തപുരം 4694, എറണാകുളം 2637, തൃശൂര്‍ 1731, കോഴിക്കോട് 1648, കോട്ടയം 1194, പത്തനംതിട്ട 863, കണ്ണൂര്‍ 845, പാലക്കാട് 835, കൊല്ലം 831, ആലപ്പുഴ 765, മലപ്പുറം 728, ഇടുക്കി 417, കാസര്‍ഗോഡ് 317, വയനാട് 250 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,937 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,95,338 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,91,286 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 4052 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 596 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 90,649 കൊവിഡ് കേസുകളില്‍, 4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കൊവിഡ് 19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 89 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,674 ആയി.

രോഗം സ്ഥിരീകരിച്ചവരില്‍ 150 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,488 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 964 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 153 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3819 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 486, കൊല്ലം 141, പത്തനംതിട്ട 321, ആലപ്പുഴ 208, കോട്ടയം 303, ഇടുക്കി 126, എറണാകുളം 757, തൃശൂര്‍ 201, പാലക്കാട് 186, മലപ്പുറം 123, കോഴിക്കോട് 467, വയനാട് 82, കണ്ണൂര്‍ 302, കാസര്‍ഗോഡ് 116 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 90,649 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,18,681 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button