കോട്ടയം: എം.ജി. സർവകലാശാലയിൽ സെമിനാറിനെത്തിയ ഗവേഷക വിദ്യാർഥിനിയോട് അധ്യാപകൻ അപമര്യാദയായി പെരുമാറിയതായി പരാതി. സർവകലാശാല ഇന്റേണല്‍ കമ്മിറ്റിക്ക് വിദ്യാർഥിനി പരാതി കൈമാറി. അതേസമയം ഇടത് അധ്യാപക സംഘടന അംഗമായ അധ്യാപകനെ സംരക്ഷിക്കുന്ന നിലപാടാണ് സർവകലാശാല സ്വീകരിക്കുന്നതെന്ന് കെ.എസ്.യു. ആരോപിച്ചു.
കുടിയേറ്റ വിഷയവുമായി ബന്ധപെട്ട് കഴിഞ്ഞ ആഴ്ച എംജി സർവകലാശാല സ്കൂൾ ഓഫ് ഇൻ്റർനാഷണൽ റിലേഷൻസ് ദ്വിദിന സെമിനാർ സംഘടിപ്പിച്ചിരുന്നു. രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നും വിദ്യാർഥികൾ സെമിനാറിൽ പങ്കെടുത്തു. സെമിനാറിനെത്തിയ ഇതര സംസ്ഥാനത്ത് നിന്നുള്ള വിദ്യാർഥിനിയാണ് പരാതിക്കാരി. സ്കൂൾ ഓഫ് ഇൻ്റർനാഷണൽ റിലേഷൻസിലെ അധ്യാപകനെതിരെയാണ് പരാതി.
സെമിനാറിൻ്റെ ഭാഗമായി വിദ്യാർഥിനി എറണാകുളത്ത് കുടിയേറ്റ തൊഴിലാളി ക്യാമ്പുകൾ സന്ദർശിക്കാൻ അധ്യാപകനൊപ്പം പോയിരുന്നു. ഇതിനിടെ അധ്യാപകൻ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സംഭവത്തെ തുടർന്ന് കടുത്ത മാനസിക പ്രശ്നനങ്ങൾ നേരിടുന്നതായും വിദ്യാർഥിനി ഈ മെയിൽ വഴി നൽകിയ പരാതിയിൽ പറയുന്നു.
പരാതി ഇൻറേണൽ കമ്മിറ്റി ചെയർമാന് കൈമാറിയതായി രജിസ്ട്രാർ അറിയിച്ചു. കമ്മിറ്റിയുടെ റിപ്പോർട്ട് മുദ്ര വെച്ച കവറിൽ വൈസ് ചാൻസലർക്ക് നൽകും. റിപ്പോർട്ടിലെ ശിപാർശ അനുസരിച്ച് പൊലീസിൽ പരാതി നൽകുക അടക്കം തുടർ നടപടികൾ സ്വീകരിക്കുമെന്നും രജിസ്ട്രാർ വ്യക്തമാക്കി.