
മുംബൈ: ഔറംഗസേബിന്റെ ശവകുടീരവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ മഹാരാഷ്ട്രയിലെ നാഗ്പുരില്‍ വര്‍ഗീയ സംഘര്‍ഷം. നാഗ്പുരിലെ മഹലില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ കല്ലേറുണ്ടായി. സെന്‍ട്രല്‍ നാഗ്പുരിലും സംഘര്‍ഷമുണ്ടായി. മണിക്കൂറുകളോളം നീണ്ടുനിന്ന സംഘര്‍ഷാവസ്ഥ പോലീസ് പണിപ്പെട്ടാണ് നിയന്ത്രണവിധേയമാക്കിയത്.
സംഘപരിവാര്‍ സംഘടനയായ വിശ്വഹിന്ദു പരിഷത്ത്( വി.എച്ച്.പി) മുഗള്‍ ഭരണാധികാരിയായിരുന്ന ഔറംഗസേബിന്റെ ശവകൂടീരം പൊളിച്ചുനീക്കണമെന്ന ആവശ്യമുന്നയിച്ച് പ്രതിഷേധിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടാകുന്നത്. പിന്നാലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ കല്ലേറുണ്ടായി.
വാഹനങ്ങള്‍ക്ക് തിവെച്ചു. അക്രമകാരികള്‍ ഫയര്‍ ഫോഴ്‌സ് വാഹനങ്ങള്‍ക്കും തീയിട്ടു. പോലീസ് അക്രമികള്‍ക്ക് നേരെ കണ്ണീര്‍ വാതകപ്രയോഗം നടത്തിയതോടെയാണ് എല്ലാവരും പിരിഞ്ഞുപോയത്. അക്രസംഭവങ്ങളില്‍ പോലീസുകാരുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഘര്‍ഷത്തിന് പിന്നാലെ ജനങ്ങളോട് ശാന്തരായിരിക്കാന്‍ അഭ്യര്‍ഥിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ്, നാഗ്പുര്‍ എംപിയും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരി എന്നിവര്‍ രംഗത്ത് വന്നു. സംസ്ഥാനത്ത് കരുതിക്കൂട്ടി ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കാനുള്ള ശ്രമം നടക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് സംസ്ഥാന സര്‍ക്കാരിനെതിരെ രംഗത്ത് വന്നു.
ഔറംഗസേബിന്റെ ശവകുടീരം മാറ്റണമെന്ന ആവശ്യത്തിന്മേല്‍ നിയമപരമായ രീതിയില്‍ പരിഹാരമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് ഭരണകാലത്ത് ഫഡ്‌നവിസ് പറഞ്ഞിരുന്നു. നിലവില്‍ പുരാവസ്തു വകുപ്പിന്റെ കീഴിലാണ് ഈ സ്ഥലമുള്ളത്. അതിനാല്‍ സര്‍ക്കാരിന് അത് സംരക്ഷിച്ചേ മതിയാകുവെന്നാണ് ഫഡ്‌നവിസ് ഇപ്പോള്‍ പറയുന്നത്.
കഴിഞ്ഞമാസമാണ് ഔറംഗസേബിന്റെ ശവകുടീരവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടങ്ങുന്നത്. സമാജ്‌വാദി പാര്‍ട്ടി എംപി അബു അസ്മി ഔറംഗസേബ് മികച്ച ഭരണാധികാരിയായിരുന്നുവെന്നും ചരിത്രത്തില്‍ അദ്ദേഹത്തെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും പറഞ്ഞിരുന്നു. ബോളിവുഡ് സിനിമയായ ‘ഛാവ’ ഇറങ്ങിയതിന് പിന്നാലെയായിരുന്നു എംപിയുടെ പരാമര്‍ശം.
ഇത് വലിയതോതില്‍ വിമര്‍ശനത്തിന് കാരണമായി. ഇതിന് പിന്നാലെയാണ് വിഷയം തീവ്രഹിന്ദു സംഘടനകള്‍ ഏറ്റുപിടിച്ച് ആളിക്കത്തിച്ചത്. അബു അസ്മിയുടെ പരാമര്‍ശത്തില്‍ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.