കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിൽ നടന്ന ഗിന്നസ് റെക്കോര്‍ഡ് നൃത്ത പരിപാടിയിൽ പങ്കെടുപ്പിക്കുന്ന ഒരോ കുട്ടിക്കും 900 രൂപ വീതം കമ്മീഷൻ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായി നൃത്താധ്യാപികയുടെ വെളിപ്പെടുത്തിൽ. മൃദംഗവിഷനുമായി ബന്ധപ്പെട്ട് തങ്ങളെ ആദ്യം വിളിച്ചവരാണ് കമ്മീഷൻ വാഗ്ദാനം ചെയ്തതെന്നും നൃത്താധ്യാപിക പറഞ്ഞു.
ഇങ്ങനെയൊരു പരിപാടി നടത്തുന്നുണ്ടെന്നും കുട്ടികളെ പങ്കെടുപ്പിക്കണമെന്നും പറഞ്ഞാണ് സംഘാടകര്‍ വിളിച്ചത്. 25 മുതൽ 50വരെ കുട്ടികളെ പങ്കെടുപ്പിച്ചാൽ ഓരോ കുട്ടിക്കും 900 രൂപ വീതം കമ്മീഷനും അനുമോദനവും സര്‍ട്ടിഫിക്കറ്റും നൽകുമെന്നാണ് പറഞ്ഞത്. 100 കുട്ടികളെ പങ്കെടുപ്പിച്ചാൽ അനുമോദനത്തിനും സര്‍ട്ടിഫിക്കറ്റിനും പുറമെ സ്വര്‍ണ നാണയവും നൽകുമെന്ന് പറഞ്ഞിരുന്നുവെന്നും അധ്യാപിക പറഞ്ഞു.
പറഞ്ഞ തുക ഇതുവരെ നൽകിയിട്ടില്ലെന്നും അധ്യാപിക പറഞ്ഞു. 104 കുട്ടികളെയാണ് പരിപാടിയിൽ താൻ പങ്കെടുപ്പിച്ചതെന്നും കാസർകോട് നീലേശ്വരത്തു നിന്നുള്ള നൃത്തധ്യാപിക പറഞ്ഞു. പരിപാടി നടന്ന് കഴിഞ്ഞിട്ടും പണം നൽകാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അധ്യാപിക പറഞ്ഞു.
കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടിക്ക് ഇടയ്ക്ക് ഉണ്ടായ അപകടത്തിൽ പ്രതികരണവുമായി പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷൻ പ്രൊപ്രൈറ്റർ എം നികോഷ് കുമാർ രംഗത്ത്. മൃതംഗ വിഷനെതിരെ നടക്കുന്നത് വ്യാജപ്രചരണമാണെന്ന് എം നികോഷ് കുമാർ പറഞ്ഞു. എല്ലാ പണമിടപാടും ബാങ്കുവഴിയാണ് നടന്നത്. മൂന്നര കോടി രൂപയാണ് പരിപാടിക്കായി കളക്ട് ചെയ്തിട്ടുള്ളതെന്നും നികോഷ് കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി.
3.10 കോടി രൂപ ചിലവായി. 390 രൂപയുടെ സാരി 1600 രൂപയ്ക്ക് നൽകിയില്ല. 2900 രൂപയാണ് പരിപാടിയിൽ പങ്കെടുക്കാനായി ഒരാളിൽ നിന്ന് വാങ്ങിയത്. അതിലാണ് സാരി നൽകിയത്. 1600 വേറെ വാങ്ങിയില്ല. 2 പട്ട് സാരി, ലഘു ഭക്ഷണം എന്നിവയാണ് ഒരാൾക്ക് വാഗ്ദാനം ചെയ്തത്. 24 ലക്ഷം രൂപ ഗിന്നസ് വേൾഡ് റെക്കോർഡിന് കൈമാറി. ജിഎസ് ടി കിഴിച്ച് ഉള്ള കണക്ക് ആണ് 3 കോടി 56 ലക്ഷം. ഒരു രൂപ പോലും സാരി ഇനത്തിൽ അധികമായി വാങ്ങിയിട്ടില്ല. ജിഎസ് ടി കിഴിച്ച് ഒരാളിൽ നിന്ന് 2900 വാങ്ങി അതിൽ സാരിയുടെ 390 രൂപയും ഉൾപ്പെടുന്നു. ഇൻഡിവിജ്വലായി ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റ് ലഭിക്കും. അത് ഞങ്ങളും ഗിന്നസും തമ്മിലുള്ള കരാറാണ്. രണ്ടുമാസമാണ് അതിനുള്ള പ്രോസസിംഗ് ടൈം.
എംഎൽഎക്ക് സംഭവിച്ച അപകടത്തിൽ ഖേദിക്കുന്നു. റെക്കോർഡ് പൂർത്തിയതിനുശേഷം ഉള്ള നാലുമണിക്കൂറോളം സമയത്തെ പ്രോഗ്രാം ഞങ്ങൾ ഉപേക്ഷിച്ചു. പക്ഷേ ഈ പരിപാടി ഉപേക്ഷിക്കാൻ കഴിയില്ലായിരുന്നു. പല സ്ഥലങ്ങളിൽ നിന്നും എത്തിയ ആളുകളാണ്. അവരെ മടക്കി അയക്കാൻ കഴിയില്ല. കൊച്ചിയിലെ ഇവൻ മാനേജ്മെൻറ് കമ്പനിയാണ് പെർമിഷൻ കാര്യങ്ങൾ നോക്കിയത്. അതിനുള്ള പണം അവർക്ക് കൈമാറിയിട്ടുണ്ട്. എല്ലാ പെർമിഷനും അവർ എടുത്തിട്ടുണ്ട് എന്നാണ് ഞങ്ങളെ അറിയിച്ചത്. സുരക്ഷാ വീഴ്ച സംഭവിച്ചതായി തോന്നുന്നില്ലെന്നും നികോഷ് കുമാർ പറയുന്നു.