തിരുവനന്തപുരം: തലസ്ഥാനത്ത് ബാറിൽ നടന്ന സംഘർഷത്തിൽ ഗുണ്ടാനേതാവ് ഓംപ്രകാശ് ഉൾപ്പെടെ 12 പേർ പിടിയിൽ. കഴക്കൂട്ടത്തെ ഫ്ലാറ്റിൽനിന്നാണ് ഇവരെ പിടികൂടികൂടിയത്. ഈഞ്ചയ്ക്കലിലെ ബാറിൽ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. ഓംപ്രകാശും എയർപോർട്ട് സാജൻ എന്നയാളും തമ്മിൽ ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. നഗരത്തിൽ സിറ്റി പോലീസിന്റെ പ്രത്യേക പരിശോധന നടന്ന ദിവസമായിരുന്നു ഏറ്റുമുട്ടൽ.
സംഭവത്തിൽ ഫോർട്ട് പോലീസ് കേസെടുത്തിരുന്നു. സാജന്റെ മകൻ ഡാനി ഹോട്ടലിൽ നടത്തിയ ഡി.ജെ. പാർട്ടി തടസ്സപ്പെടുത്തിയതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. പാർട്ടിയിലെത്തിയ ഓംപ്രകാശും സുഹൃത്തും അസഭ്യം പറഞ്ഞതോടെ ഇരുകൂട്ടരും തമ്മിൽ വക്കേറ്റമുണ്ടാവുകയായിരുന്നു. ഇതറിഞ്ഞ് സാജനും സ്ഥലത്തെത്തിയതോടെ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിലേക്കെത്തി.
ഡാനി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. സുഹൃത്തുക്കളായിരുന്ന ഓംപ്രകാശും സാജനും വർഷങ്ങൾക്ക് മുൻപ് പിരിഞ്ഞു. പിന്നീട് ഇവർ തമ്മിൽ പലതവണ സംഘർഷങ്ങളുണ്ടായിട്ടുണ്ട്. നിശാക്ലബ് അധികൃതരുടെ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്. മദ്യപാനത്തിനിടെയുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിലേക്ക് എത്തിയതെന്നും കണ്ടാലറിയാവുന്ന പത്തു പേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തതായും ഫോർട്ട് പോലീസ് പറഞ്ഞു.
ബാറിലെ സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. ഇതിനുശേഷം ശനിയാഴ്ച ഓംപ്രകാശും സംഘവും ചലച്ചിത്രമേളയുടെ പ്രധാനവേദിയായ ടാഗോർ തിയേറ്ററിലും എത്തിയിരുന്നു. രണ്ടു മണിക്കൂറോളം ഇവിടെ ചെലവഴിച്ചിട്ടാണ് ഇവർ മടങ്ങിയത്.