ന്യൂഡല്‍ഹി: ചൈനീസ് സര്‍ക്കാരിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹാക്കര്‍മാര്‍ യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെയും (യുഐഡിഎഐ) ടൈംസ് ഓഫ് ഇന്ത്യയുടെ പ്രസാധകരായ ടൈംസ് ഗ്രൂപ്പിന്റെയും വെബ്സൈറ്റില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയെന്ന് യുഎന്‍ സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ റെക്കോര്‍ഡ്സ് ഫ്യൂച്ചര്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാലിത് നിഷേധിച്ച ഇരുകൂട്ടരും ശക്തമായ സുരക്ഷ സംവിധാനങ്ങളാണ് തങ്ങള്‍ക്കുള്ളതെന്ന് വ്യക്തമാക്കി.ഈ വര്‍ഷം ജൂണിനും ജൂലൈയ്ക്കുമിടയില്‍ ഹാക്കര്‍മാര്‍ വെബ്സൈറ്റില്‍ കടന്നു കയറിയെന്നാണ് ബോസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെക്കോര്‍ഡ്സ് ഫ്യൂച്ചര്‍ പറയുന്നത്.
എന്നാല്‍ അത്തരത്തിലൊരു കടന്നുകയറ്റത്തെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് യുഐഡിഎഐ അറിയിച്ചു. സുരക്ഷാ സംവിധാനങ്ങള്‍ കൃത്യമായി നവീകരിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.യുഐഡിഎഐയുടെ വെബ്സൈറ്റില്‍ നിന്നും ആധാര്‍ ഉള്‍പ്പടെ ചോര്‍ത്തിയെന്നാണ് വിവരം. 100 കോടി ഇന്ത്യന്‍ പൗരന്മാരുടെ വിവരങ്ങളാണ് യുഐഡിഎഐയുടെ പക്കലുള്ളത്.