InternationalNews

ആശങ്ക വേണ്ടെന്ന് ചൈന; ശൈത്യകാലത്തെ സാധാരണ സംഭവം മാത്രമെന്ന് വിശദീകരണം

ബീജിംഗ്: എച്ച്എംപിവി വൈറസിനെ കുറിച്ചുള്ള ആശങ്കകൾ പടരുന്നതിനിടയിൽ വിശദീകരണവുമായി ചൈന രംഗത്ത്. ഇത് ശൈത്യകാലത്ത് സാധാരണയായി ഉണ്ടാവുന്ന സംഭവം മാത്രമാണെന്നും ബീജിംഗിലേക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമാണെന്നും ചൈന അറിയിച്ചു. വൻ തോതിൽ രാജ്യത്ത് അസുഖബാധ ഉണ്ടായെന്ന റിപ്പോർട്ടുകൾക്ക് ഇടയിലാണ് ചൈന ആശങ്ക വേണ്ടെന്ന നിലപാടുമായി രംഗത്ത് വന്നിരിക്കുന്നത്.

വിദേശികൾക്ക് ബീജിംഗിലേക്കുള്ള യാത്ര സുരക്ഷിതമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. ശൈത്യകാലത്ത് ഉണ്ടാകുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ കേസുകൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം താരതമ്യേന കുറവാണെന്നും ചൈന പറയുന്നു. ചൈനയിൽ ഗുരുതര സാഹചര്യമാണ് നിലവിലുള്ളത് എന്നായിരുന്നു വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്‌.

‘ഉത്തരാർധഗോളത്തിൽ മഞ്ഞുകാലത്ത് ശ്വാസകോശ സംബന്ധമായ അണുബാധകൾ ഏറ്റവും കൂടുതലായിരിക്കും. എന്നാൽ ഇത്തവണ രോഗങ്ങളുടെ തീവ്രത കുറവാണെന്നും മുൻവർഷത്തെ അപേക്ഷിച്ച് ചെറിയ തോതിലാണ് പടരുന്നതെന്നും തോന്നുന്നു’ ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ് മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ചു.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന നിരവധി വീഡിയോകളിൽ ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്എംപിവി) രോഗികളാൽ ചൈനയിലെ ആശുപത്രികൾ നിറഞ്ഞിരിക്കുന്നതായി അവകാശപ്പെട്ടിരുന്നു. ചൈനയിൽ വൻതോതിൽ പനി പടർന്നുപിടിക്കുന്നതിന്റെ റിപ്പോർട്ടുകൾ മറ്റ് രാജ്യങ്ങളിൽ, പ്രത്യേകിച്ച് ഇന്ത്യയിലും ഇന്തോനേഷ്യയിലും കാര്യമായി തന്നെ പ്രചരിക്കുന്നുണ്ട്.

എന്നാൽ ഇത് മഞ്ഞുകാലത്ത് പൊട്ടിപ്പുറപ്പെടുന്ന സാധാരണ സംഭവമാണെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി കടുത്ത തണുപ്പാണ് ചൈനയിൽ അനുഭവപ്പെടുന്നത്. ഇതാണ് രോഗബാധയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ. ചൈനീസ് സർക്കാർ പൗരന്മാരുടെയും വിദേശികളുടെയും ആരോഗ്യത്തിന് പ്രാധാന്യം കൽപ്പിക്കുന്നുണ്ടെന്നും ധൈര്യമായി രാജ്യം സന്ദർശിക്കാമെന്നും മാവോ നിങ് കൂട്ടിച്ചേർത്തു.

അതേസമയം, പരിഭ്രാന്തി വേണ്ടെന്നാണ് ഇന്ത്യൻ ആരോഗ്യ വിദഗ്‌ധരും അഭിപ്രായപ്പെടുന്നത്. ജലദോഷം പോലുള്ള ലക്ഷണങ്ങളോ ചില സന്ദർഭങ്ങളിൽ ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങളോ ഉണ്ടാക്കുന്ന ഒരു സാധാരണ ശ്വസന വൈറസായതിനാൽ ഇത് വലിയ ആശങ്കയ്ക്ക് കാരണമാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ലെന്നായിരുന്നു ഡയറക്‌ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അതുൽ ഗോയൽ പറഞ്ഞത്.

എന്നാൽ സോഷ്യൽ മീഡിയ പ്രചാരണവും വീഡിയോകളും ഒക്കെയായി പലരും ആശങ്കയിലായിരുന്നു. അഞ്ച് വർഷങ്ങൾക്ക് മുൻപ് 2019 ഡിസംബറിലാണ് ഇതുപോലെ സമാനമായി കോവിഡ് വ്യാപനം ഉണ്ടായതെന്നും അവിടെ നിന്നായിരുന്നു തുടക്കമെന്നും ചിലർ ചൂണ്ടിക്കാണിച്ചിരുന്നു. അതിന് പിന്നാലെയാണ് ചൈനയുടെ വിശദീകരണം വന്നിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker