കോഴിക്കോട്; ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി വിവാദ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ വിശദീകരണവുമായി സംസ്ഥാന പ്രസിഡണ്ട് സി.പി. മുഹമ്മദ് ബഷീർ രംഗത്ത്. സാമൂഹിക വിപത്ത് ഉണ്ടാക്കുന്നതോ പ്രകോപനപരമായ മുദ്രാവാക്യങ്ങളോ പോപ്പുലർ ഫ്രണ്ടിന്റെ നിലപാടോ സംസ്കാരമോ അല്ല.മുദ്രാവാക്യത്തിന്റെ പേരിൽ നടക്കുന്നത് മുസ്ലീം മുന്നേറ്റത്തെ വേട്ടയാടാനുള്ള ശ്രമമാണ്.കുട്ടിവിളിച്ചത് പോപ്പുലർ ഫ്രണ്ടിന്റെ മുദ്രാവാക്യമല്ല. ഒറ്റപ്പെട്ട സംഭവമാണത്. മറ്റാരും ഈ മുദ്രാവാക്യം വിളിച്ചിട്ടില്ല.
മുദ്രാവാക്യം പോപുലർ ഫ്രണ്ടിന് യോജിക്കാൻ കഴിയാത്തതാണ്.ഭാവിയിൽ ഇത്തരം പിഴവ് ഇല്ലാതിരിക്കാൻ ശ്രദ്ധിക്കും.ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് മുസ്ലിം വിരുദ്ധ പ്രചാരണത്തിന് ശ്രമിക്കുന്നു.ആർ എസ് എസിന്റെ ഈ നീക്കത്തിൽ ചില മാധ്യമങ്ങൾ വീഴുന്നു.ആർ എസ് എസ് അസഹിഷ്ണുത ഒഴിവാക്കണം. അല്ലാത്തിടത്തോളം കാലം പോപുലർ ഫ്രണ്ട് തിരുത്തൽ ശക്തിയായി ഉണ്ടാകും. അതിന് ആരുടേയും തിട്ടൂരം വേണ്ട.പൊലീസിൽ ആർ എസ് എസ് ഫ്രാക്ഷൻ ഉണ്ട്. അതിനെതിരെ നടപടി എടുക്കാൻ പൊലീസ് മന്ത്രിക്ക് കഴിയുന്നില്ല..കുട്ടിക്ക് ആരോ മുദ്രാവാക്യം പറഞ്ഞു കൊടുത്തിരിക്കാം. അത് പോപ്പുലർ ഫ്രണ്ട് എഴുതിക്കൊടുത്തതല്ല. മുദാവാക്യം ആർ എസ് എസിന് എതിരായതാണെന്നും പോപ്പുലര്‍ ഫ്രണ്ട് വിശദീകരിച്ചു.
പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ ഫൊറൻസിക് തെളിവുകൾ ശേഖരിക്കുന്നതായി ആലപ്പുഴ ജില്ലാ പൊലീസ് സൂപ്രണ്ട് എസ്.ജയദേവ്. മുദ്രാവാക്യം വിളിച്ച സമയം, സ്ഥലം എന്നിവ സംബന്ധിച്ച് വ്യക്തത വരുത്താനാണ് തെളിവുകൾ ശേഖരിക്കുന്നത്. വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. കുട്ടിയെ തോളിലേറ്റി നടന്ന ഈരാറ്റുപേട്ട സ്വദേശി അൻസാർ ബന്ധുവല്ലെന്നും പൊലീസ് വ്യക്തമാക്കി. സംഘാടകരെ ഉടൻ ചോദ്യം ചെയ്യും. എന്നാൽ മാതാപിതാക്കൾക്കെതിരയുള്ള നടപടി കൂടുതൽ അന്വേഷണത്തിന് ശേഷമേ ഉണ്ടാകൂ എന്ന് ജില്ലാ പൊലീസ് മേധവി വ്യക്തമാക്കി.
മതസ്പർധ വളർത്തുന്ന വിധം മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്. 153 A വകുപ്പ് പ്രകാരം മതസ്പർദ വളർത്തുന്ന കുറ്റം ചെയ്തതിനാണ് കേസ്. കുട്ടിയെ കൊണ്ടുവന്നവരും സംഘാടകരുമാണ് പ്രതികള്‍.
കഴിഞ്ഞ ശനിയാഴ്ച ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ റാലിയിലാണ് ഒരാളുടെ തോളിലേറ്റി കുട്ടിയെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചത്. സമൂഹമാധ്യമങ്ങളില്‍ ഇതിന്‍റെ വീഡിയോ വൈറലായിമാറി. ഇതിനെതിരെ വന്‍ പ്രതിഷേധവും ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് പ്രാഥമിക അന്വേഷണം നടത്തിയ ശേഷം പൊലീസ് കേസടുത്തത്. മുദ്രാവാക്യം വിളിച്ചവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ ജില്ലാ നേതൃത്വം പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.
ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായോതോടെ വ്യാപക വിമർശനമാണ് ഉയർന്നത്. അന്യമത വിദ്വേഷം കുട്ടികളിൽ കുത്തിവെക്കുന്ന തരത്തിലാണ് പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയമെന്നും കൊച്ചുകുട്ടിയെക്കൊണ്ട് ഇത്തരം പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചത് കുറ്റകരമാണെന്നും വിമർശനമുയർന്നു. രണ്ട് ദിവസം മുമ്പാണ് ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത പ്രകടനം നടന്നത്. വിവിധ മതവിഭാഗങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലായിരുന്നു മുദ്രാവാക്യം.