
തിരുവനന്തപുരം: നിറത്തിന്റെ പേരിൽ നേരിട്ട അധിക്ഷേപ പരാമർശങ്ങൾ അപ്രതീക്ഷിതമായിരുന്നെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ. അതിന്റെ അങ്കലാപ്പുണ്ടായിരുന്നു. വ്യക്തിയിൽനിന്നുണ്ടാവുന്ന പരാമർശത്തിനപ്പുറം ഒരു സമൂഹമെന്ന നിലയ്ക്ക് എല്ലാവരും ആന്തരികവൽക്കരിച്ചിട്ടുള്ള മനോഭാവത്തിന്റെ പ്രതിഫലനമല്ലേയെന്നും അതിനെയൊന്ന് തുറന്നുപറയണ്ടേ എന്ന് തോന്നി. അങ്ങനെയാണ് ഫെയ്സ്ബുക്കിൽ അതിനെക്കുറിച്ചെഴുതിയതെന്നും അവർ പറഞ്ഞു.
“ചീഫ് സെക്രട്ടറിയായതുകൊണ്ട് എന്റെ നിറം മാറുന്നില്ലല്ലോ. എന്റെ ഈ നിറം ഒരു യാഥാർത്ഥ്യമാണ്. ചീഫ് സെക്രട്ടറിയായതുകൊണ്ട് എന്റെ അനുഭവങ്ങളിലോ ചുറ്റുപാടുകളിലോ ചുറ്റുമുള്ള ആളുകളുടെ മനോഭാവത്തിലോ ഒരു മാറ്റം വരുന്നില്ല. കറുപ്പ് എന്നൊരു നിറത്തിന്റെ സ്വഭാവം നമ്മുടെ പ്രവർത്തനത്തിന്റെ സ്വഭാവമായിട്ടുകൂടി ഇടകലർത്തി കാണുന്നതിന്റെ ഒരു പ്രശ്നമുണ്ടല്ലോ.
കാലങ്ങളായി കറുപ്പ് നിറത്തെ നെഗറ്റീവായിട്ടുള്ള കാര്യങ്ങളുമായാണ് ബന്ധിപ്പിക്കുന്നത്. അതിനെ തകർക്കണം. കറുപ്പ് എന്നുള്ളത് പോസിറ്റീവായ കാര്യങ്ങളുമായി കൂട്ടിയിണക്കാനാവുമോ? അങ്ങനെ മാറ്റിയെടുക്കുമ്പോഴാണ് നമുക്ക് നമ്മളിൽത്തന്നെ സൗന്ദര്യം കാണാൻ കഴിയുക.
കറുത്ത മനസ്സ് എന്ന് പറയുമ്പോൾ എന്തോ പ്രശ്നമുള്ളതായാണ് തോന്നുക. ഇതിനെയൊക്കെ പോസിറ്റീവായി എടുക്കേണ്ടതുണ്ട്. ഈ നിറം എന്നുപറയുന്നത് സ്വന്തം തൊലിയിൽ ഒതുങ്ങുന്നതല്ല. പല തലത്തിലും അത് ബാധിക്കുന്നുണ്ട്. നമ്മുടെ അനൗപചാരികമായ ഇടങ്ങളിലാണ് കൂടുതലും നിറത്തിന്റെ പേരിലുള്ള പരാമർശങ്ങൾ വരുന്നത്. സൗന്ദര്യബോധം എന്നത് നമ്മുടെ വ്യക്തിത്വത്തെ ബാധിക്കുന്നതാണ്. നമ്മുടെ വ്യക്തിത്വം എന്നത് പ്രവർത്തനത്തേയും ബാധിക്കും. വ്യക്തിത്വംതന്നെ അധിക്ഷേപത്തിലേക്ക് പോകുമ്പോൾ നമ്മുടെ ആത്മവിശ്വാസത്തെയും ബാധിക്കും.
ഒരു അഭിപ്രായം പറയുമ്പോൾ, അത് സ്ത്രീയാണെങ്കിൽ അതിന്റെ ആശയം കൈമാറ്റംചെയ്തുകിട്ടാൻതന്നെ പ്രയാസമാണ്. കറുപ്പുനിറം കൂടിയായാൽ എന്തോ അദൃശ്യമായിപ്പോകുന്നതുപോലെയാണ്. സമൂഹത്തിലും നമ്മുടെ മനസ്സുകളിലുമൊക്കെത്തന്നെ ഏകജാതീയത കൊണ്ടുവരികയാണ്. എല്ലാവരും അതിലേക്ക് കടന്നുവരുന്നു. അത് രൂപമോ, സംസാര രീതിയോ, ഒരുതരം പ്രവർത്തനത്തിന്റെ മികവോ ആകാം. എല്ലാവരും ഡോക്ടറും എഞ്ചിനീയറുമാകണമെന്ന് പറയുന്നതിലും ഈ സംഗതിയുണ്ട്.
ഇതിനെല്ലാത്തിനുമപ്പുറം നമ്മളെ നമ്മളാക്കുന്നത് വൈവിധ്യമാണ്. ആ വൈവിധ്യത്തെ ആഘോഷിക്കുന്നതിനുപകരം അതിനെ ഇല്ലാതാക്കുന്നത് ഒട്ടും ശരിയല്ല. വൈവിധ്യത്തെ ആഘോഷിക്കണമെങ്കിൽ ആ വൈവിധ്യത്തിലെ ഓരോ ഘടകത്തേയും കാണാനും ആസ്വദിക്കാനും പറ്റണം.” ശാരദാ മുരളീധരൻ പറഞ്ഞു.