വയനാട് ദുരന്തം: ടൗൺഷിപ്പിൽ വീട് വേണ്ടാത്തവർക്കും വിലങ്ങാട് ദുരന്ത ബാധിതർക്കും 15 ലക്ഷം; അന്തിമ പട്ടിക 25നകം
തിരുവനന്തപുരം: സാധ്യമായ ഏറ്റവും വേഗത്തില്‍ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുനരധിവാസത്തിന്റെ ഭാഗമായി രണ്ട് മോഡല്‍ ടൗണ്‍ഷിപ്പ് പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുനരധിവാസവുമായി ബന്ധപ്പെട്ട് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സുപ്രധാന തീരുമാനങ്ങളെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം കണ്ടസമാനതകളില്ലാത്ത ദുരന്തമാണ് മുണ്ടക്കൈ-ചൂരല്‍മല മേഖലയിലുണ്ടായത്. സാധ്യമായ ഏറ്റവും വേഗത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. കിടപ്പാടം നഷ്ടപ്പെട്ട എല്ലാവരേയും ഒരേയിടത്ത് പുനരധിവസിപ്പിക്കാനാവും വിധം ഭൂമി കണ്ടെത്താന്‍ വയനാട്ടില്‍ പ്രയാസമുണ്ട്.
വീടുവെച്ച് നല്‍കുക മാത്രമല്ല, എല്ലാ രീതിയിലും ദുരന്തത്തെ അതിജീവിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോവാനുള്ള ഉപജീവനമാര്‍ഗം ഉള്‍പ്പടെയുള്ള പുനരധിവാസം യാഥാര്‍ത്ഥ്യമാക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശം. അതിന് സഹായവുമായി മുന്നോട്ട് വരുന്ന എല്ലാവരേയും ചേര്‍ത്ത് പിടിക്കും. എല്ലാ സഹായങ്ങളും ഏകോപിപ്പിച്ചാവും പുനരധിവാസ പദ്ധതി പൂര്‍ത്തിയാക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്തി.
കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റിലും കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലുമാണ് ടൗണ്‍ഷിപ്പ് പദ്ധതികള്‍ക്കായി ഭൂമി കണ്ടെത്തിയിരിക്കുന്നത്. കണ്ടെത്തിയ ഭൂമിയില്‍ പുനരദിവാസത്തിനും നിര്‍മാണത്തിനും അനുയോജ്യമല്ലാത്ത ഭാഗം ഒഴിവാക്കിയതിന് ശേഷം എല്‍സ്റ്റണ്‍ എസ്‌റ്റേറ്റില്‍ 58.5 ഹെക്ടറും നെടുമ്പാല എസ്റ്റേറ്റില്‍ 48.96 ഹെക്ടറുമാണ് ഏറ്റെടുക്കുക. ഏറ്റെടുക്കാത്ത ഭൂമിയില്‍ പ്ലാന്റേഷന്‍ മുന്നോട്ടുകൊണ്ടുപോവാന്‍ അനുമതി നല്‍കും. 2005 ലെ ഡിസാസറ്റര്‍ മാനേജ്‌മെന്റ് നിയമം വഴിയാണ് ഭൂമിയേറ്റെടുത്തത്.
ഭൂമി കണ്ടെത്തിയത് ഡ്രോണ്‍ സര്‍വേയിലൂടെയാണ്. ഇപ്പോള്‍ ഫീല്‍ഡ് സര്‍വേ നടന്നുകൊണ്ടിരിക്കുകയാണ്. അത് പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ കൃത്യമായ കണക്കുകള്‍ ലഭിക്കും. എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പ് കല്‍പറ്റ മുനിസിപ്പാലിറ്റിയിലും നെടുമ്പാല എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പ് മേപ്പാടി പഞ്ചായത്തിലുമാണ് വരുന്നത്. അതിന് അനുസൃതമായി ഭൂമി വിലയിലുള്ള വ്യത്യാസം കണക്കിലെടുത്ത് എല്‍സ്റ്റണ്‍ എസ്‌റ്റേറ്റില്‍ ഒരു കുടുംബത്തിന് അഞ്ച് സെന്റും നെടുമ്പാലയില്‍ പത്ത് സെന്റും ആയിരിക്കും നല്‍കുക.
ടൗണ്‍ഷിപ്പുകളില്‍ വീടുകള്‍ക്ക് പുറമെ, വിനോദത്തിനുള്ള സൗകര്യങ്ങള്‍, മാര്‍ക്കറ്റ്, ആരോഗ്യ കേന്ദ്രം, വിദ്യാലയം, അങ്കന്‍വാടി, കളിസ്ഥലം, വൈദ്യുതി, കുടിവെള്ളം, ശുചിത്വ സംവിധാനങ്ങള്‍ ഇവയെല്ലാം സജ്ജമാക്കും.
ദുരന്തബാധിത കുടുംബങ്ങളുടെ അന്തിമ ലിസ്റ്റ് 2025 ജനുവരി 25 നകം പുറത്തിറക്കും.
പദ്ധതികളുടെ മേല്‍നോട്ടത്തിനായി കിഫ്ബിയുടെ അനുബന്ധ സ്ഥാപനമായ കിഫ്‌കോണിനെ ചുമതലപ്പെടുത്തും. നിര്‍മാണ കരാറുകാരായി ഊരാളുങ്കല്‍ സൊസൈറ്റിയെ നാമനിര്‍ദേശം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ത്രിതല സംവിധാനമാണ് പദ്ധതി നടപ്പിലാക്കാന്‍ ഉണ്ടാവുക. മുഖ്യമന്ത്രി അധ്യക്ഷനായ വയനാട് പുനര്‍നിര്‍മാണ സമിതിക്കാവും പദ്ധതിയുടെ നേതൃത്വം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഏകോപന സമിതിയും കളക്ടറുടെ നേതൃത്വത്തിലുള്ള പ്രൊജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റുമാണ് പദ്ധതിക്കായി പ്രവര്‍ത്തിക്കുക.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവും പ്രധാന സ്‌പോണ്‍സര്‍മാരും മറ്റ് മന്ത്രിമാരും ഉള്‍പ്പെടുന്ന ഉപദേശക സമിതി രൂപീകരിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി പദ്ധതിയുടെ സുതാര്യത ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ടൗണ്‍ഷിപ്പിനുള്ളില്‍ വീട് ആവശ്യമില്ലാത്തവര്‍ക്ക് പുറത്ത് വീട് വെച്ച് താമസിക്കാന്‍ 15 ലക്ഷം രൂപ നല്‍കും. ഇതേ തുക തന്നെയാണ് വിലങ്ങാട് ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കും നല്‍കക. ഈ രണ്ട് ഉരുള്‍പൊട്ടലുകളുമായി ബന്ധപ്പെട്ട ദുരന്തത്തില്‍ ഇരയായവര്‍ക്ക് മാത്രമാണ് ഈ തിരുമാനം ബാധകമാവുക.
പുനരധിവാസം ആവശ്യമുള്ള അഞ്ച് ഗോത്ര കുടുംബങ്ങള്‍ക്ക് അവരുടെ താത്പര്യം അനുസരിച്ചുള്ള പുനരധിവാസം ഏര്‍പെടുത്തും. ഇതില്‍ നാല് കുടുംബങ്ങള്‍ ടൗണ്‍ഷിപ്പ് തന്നെ തിരഞ്ഞെടുത്തുവെന്നാണ് വിവരം. ടൗണ്‍ഷിപ്പിനുള്ളില്‍ ലഭിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ദുരന്തബാധിതര്‍ക്ക് ലഭിക്കുമെങ്കിലും സ്ഥലം വില്‍പന നടത്തുന്നത് തല്‍ക്കാലത്തേക്ക് അനുവദിക്കില്ല.
സ്‌പോണ്‍സര്‍ഷിപ്പ് വഴി ലഭിക്കുന്ന തുക സ്വീകരിക്കുന്നതിനും അത് പുനരധിവാസ പദ്ധതിയ്ക്കായി ഉപയോഗിക്കുന്നതിനും പ്രത്യേക ബാങ്ക് അക്കൗണ്ട് തുറക്കും. സിഎംഡിആര്‍എഫ്, എസ്ഡിആര്‍എഫ്, സ്‌പോണ്‍സര്‍ഷിപ്പ്, സിഎസ്ആര്‍ ഫണ്ട്, കേന്ദ്രസഹായം എന്നിവ ടൗണ്‍ഷിപ്പ് പദ്ധതികള്‍ക്കായി വിനിയോഗിക്കും.
ഗുണഭോക്താക്കളുടെ കണക്കുകള്‍ ശേഖരിക്കുമ്പോള്‍ വീട് തകര്‍ന്ന് പോയവര്‍ക്കാണ് ആദ്യ മുന്‍ഗണനനല്‍കുക ദുരന്തമേഖലയില്‍ വാസയോഗ്യമല്ലാത്തയിടങ്ങളില്‍ വീടുള്ളവരെ രണ്ടാമത് പരിഗണിക്കും. രണ്ട് ഘട്ടങ്ങളിലായാണ് ഗുണഭോക്താക്കളെ കണ്ടെത്തുകയെങ്കിലും ഒരുമിച്ചാവും ഇവരുടെ പുനരധിവാസം.
പുനരധിവാസവുമായി ബന്ധപ്പെട്ട് വീടുകള്‍ വാഗ്ദാനം ചെയ്ത സ്‌പോണ്‍സര്‍മാരുടെ യോഗവും ഇന്ന് ചേര്‍ന്നതായി മുഖ്യമന്ത്രി അറിയിച്ചു. 38 സ്‌പോണ്‍സര്‍മാര്‍ പങ്കെടുത്തു. ഇവര്‍ക്കായി പ്രത്യേക വെബ് പോര്‍ട്ടല്‍ നിലവില്‍ വരും. പദ്ധതിയുടെ പുരോഗതി ഈ പോര്‍ട്ടല്‍ വഴി സ്‌പോണ്‍സര്‍മാര്‍ക്ക് വിലയിരുത്താം. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, രാഹുല്‍ ഗാന്ധി എംപിയുടെ പ്രതിനിധി, കര്‍ണാടക സര്‍ക്കാര്‍ പ്രതിനിധി, ഡിവൈഎഫ്‌ഐ, കെസിബിസി, നാഷണല്‍ സര്‍വീസ് സ്‌കീം, ശോഭാ സിറ്റി ഉള്‍പ്പടെയുള്ള സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.