ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കനത്ത മഴയെത്തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടായ ചെന്നൈയില്‍ വിമാനത്താവളം തുറന്നു. ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചത്. വൈകാതെ തന്നെ ഇവിടെനിന്ന് വിമാനസര്‍വീസുകള്‍ ആരംഭിക്കും.
വിമാനത്താവളത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങളില്‍ മഴ കുറഞ്ഞിട്ടുണ്ട്. വെള്ളം ഇറങ്ങിത്തുടങ്ങുകയും റണ്‍വേയിലും ടാക്‌സിവേയിലും വെള്ളക്കെട്ട് ഒഴിയുകയും ചെയ്തതോടെയാണ് വിമാനത്താവളം വീണ്ടും തുറക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് യാത്രയൊരുക്കാനാണ് പ്രഥമപരിഗണനയെന്നും അധികൃതര്‍ വ്യക്തമാക്കി. 21 വിമാനങ്ങളും 1,5000 യാത്രക്കാരും നിലവില്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിട്ടുണ്ട്.
ചെന്നൈ വിമാനത്താവളത്തില്‍നിന്ന് പുറപ്പെടുന്നതും ഇവിടേക്ക് എത്തുന്നതുമായ എല്ലാ സര്‍വീസുകളും പുനരാരംഭിച്ചതായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചു. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് വിമാനത്താവളം അടച്ചിട്ടപ്പോള്‍ ചെന്നൈയുമായി ബന്ധിപ്പിക്കുന്ന 550 സര്‍വീസുകള്‍ തിങ്കളാഴ്ച റദ്ദാക്കിയിരുന്നു. ഇത് രാജ്യത്താകമാനം 1,000 സര്‍വീസുകളെ ബാധിച്ചുവെന്നും അവര്‍ അവര്‍ വ്യക്തമാക്കി.
പ്രളയത്തെത്തുടര്‍ന്ന് ചെന്നൈയില്‍ മരണം എട്ടായി. വെള്ളക്കെട്ടിനെത്തുടര്‍ന്ന് 17 സബ്‌വേകള്‍ അടച്ചതായി പോലീസ് അറിയിച്ചു. തമിഴ്‌നാട്ടിലെ നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ബുധനാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട് ജില്ലകളിലാണ് അവധി. ഈ ജില്ലകളില്‍ ചൊവ്വാഴ്ച പൊതു അവധിയായിരുന്നു.