കൊല്ലം: യമഹയുടെ ആര്‍ എക്‌സ് 100 എന്ന ബൈക്കില്‍ ബജാജിന്റെ എന്‍ജിന്‍ മാറ്റി ഘടിപ്പിച്ച് വില്പന നടത്തിയ കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മരുതണ്‍പ്പള്ളി, കാറ്റാടി, ആശിഷ് വില്ലയില്‍ ആശിഷ് ഫിലിപ്പാണ് (25) കഴിഞ്ഞ ദിവസം പിടിയിലായത്.
ബജാജിന്റെ എന്‍ജിനോടുകൂടിയ യമഹ ആര്‍ എക്‌സ് 100 എന്ന ബൈക്ക് ഇയാള്‍ 73000 രൂപക്കാണ് ചാത്തന്നൂര്‍ സ്വദേശിയായ ചാക്കോയ്ക്ക് വില്‍പന നടത്തിയിരുന്നത്. എന്നാല്‍ വാഹനത്തില്‍ ഇന്ധന ചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് ബൈക്കില്‍ എന്‍ജിന്‍ മാറ്റിയിരിക്കുന്ന കാര്യം ഉടമസ്ഥന്റെ ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് ബൈക്കിന്റെ വിലയായി കൈപ്പറ്റിയ 73000 രൂപ തിരികെ നല്‍കാന്‍ ആവശ്യപെട്ടെങ്കിലും ആശിഷ് തയ്യാറായില്ല. അതിനെ തുടര്‍ന്നാണ് ഉടമസ്ഥന്‍ ആര്‍.ടി.ഓയ്ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആര്‍ സിലേയും എന്‍ജിനിലേയും നമ്ബര്‍ ഒന്നാണ് എന്ന് കണ്ടെത്തിയെങ്കിലും ലോക്കല്‍ പഞ്ചിംഗ് ആണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് പൊലീസ് കേസ് എടുത്തത്.
സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ആശിഷിനെ പുയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ ഇയാള്‍ നേരത്തെ റിമാന്‍ഡിലായിരുന്നു.