ന്യൂഡല്‍ഹി: ചരണ്‍ജീത് സിംഗ് ചന്നി പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ പുതിയ വിവാദവുമായി എത്തിയിരിക്കുകയാണ് ബിജെപിയും ആംആദ്മി പാര്‍ട്ടിയും. ചരണ്‍ജിത് സിംഗ് ചന്നി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കാലില്‍ തൊടുന്ന തരത്തിലുള്ള വീഡിയോയാണ് എതിര്‍ കക്ഷികള്‍ വിവാദമാക്കിയിരിക്കുന്നത്.
കോണ്‍ഗ്രസിന്റെ സംസ്‌കാരമാണ് വീഡിയോയിലൂടെ വെളിപ്പെട്ടതെന്ന് ബിജെപി കുറ്റപ്പെടുത്തി. അതേസമയം, സമുഹമാധ്യമങ്ങളില്‍ ഈ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ആദ്യ ദളിത് മുഖ്യമന്ത്രിയാണു ചന്നി. രാഹുല്‍ഗാന്ധിയും പിസിസി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവും സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ചടങ്ങില്‍നിന്ന് വിട്ടുനിന്നിരുന്നു.
New Punjab CM #CharanjitSinghChanni touching feet of Mahatma Rahul Gandhi 👇🏼 pic.twitter.com/HheV7j4PGs
— AParajit Bharat 😌🇮🇳 (@AparBharat) September 20, 2021
അതേസമയം അധികാരമേറ്റതിന് തൊട്ടുപിന്നാലെ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജീത് സിംഗ് ചന്നിയ്ക്കെതിരെ ട്വിറ്ററില്‍ മി ടൂ ക്യാമ്പയ്ന്‍ ഉടലെടുത്തിരിന്നു. 2018 ല്‍ നടന്ന സംഭവത്തിലാണ് ഇപ്പോള്‍ ക്യാമ്പയ്ന്‍ പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ ചരണ്‍ജീതിനെ അറസ്റ്റ് ചെയ്യണമെന്നാണ് സമൂഹമാദ്ധ്യമത്തില്‍ ഉയരുന്ന ശക്തമായ ആവശ്യം.
സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ മുതിര്‍ന്ന ഐഎഎസ് വനിതാ ഉദ്യോഗസ്ഥയ്ക്ക് ചരണ്‍ജീത് അശ്ലീല സന്ദേശം അയച്ചിരുന്നു. ഇതില്‍ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. # ArrestCharanjitChanni എന്ന ഹാഷ്ടാഗും ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചരണ്‍ജീത് സിംഗ് രാജിവയ്ക്കണമെന്നും ആവശ്യമുയരുന്നുണ്ട്. സ്ത്രീയോട് മോശമായി പെരുമാറിയ ഒരാള്‍ മുഖ്യമന്ത്രിയാകുന്നത് കോണ്‍ഗ്രസ് ഭരണത്തില്‍ മാത്രമേ കാണാന്‍ സാധിക്കുള്ളുവെന്നും വിമര്‍ശനം ഉയരുന്നു.
സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനവുമായി ബിജെപി നേതാവ് അമിത് മാളവ്യ രംഗത്ത് എത്തി. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശൈശവ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് ബില്ല് പാസാക്കി. ഇപ്പോള്‍ ഇതാ ലൈംഗികാരോപണം നേരിടുന്ന വ്യക്തിയെ മുഖ്യമന്ത്രിയാക്കിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അമരീന്ദര്‍ സിംഗ് മന്ത്രിസഭയിലായിരുന്നു ചരണ്‍ജീത് സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായത്. ഇതുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്നപ്പോള്‍ പ്രശ്നങ്ങള്‍ പരിഹരിച്ചെന്നായിരുന്നു അന്നത്തെ മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ സിംഗിന്റെ പ്രതികരണം.