സ്കൂൾ അധ്യയന സമയത്തിൽ മാറ്റം,പുതിയ സമയക്രമം ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ തിങ്കളാഴ്ച ആരംഭിക്കുന്ന പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യയനം വൈകുന്നേരം വരെയാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. സംസ്ഥാനത്ത് സ്കൂളുകൾ ഇതുവരെയും ഉച്ച സമയം വരെയാണ് പ്രവർത്തിച്ചിരുന്നത്. ഷിഫ്റ്റ് അടിസ്ഥാനത്തിലായിരുന്നു ക്ലാസുകൾ. കഴിഞ്ഞ ദിവസത്തെ അവലോകനയോഗത്തിലാണ് സ്കൂളുകളുടെ പ്രവർത്തനം പുനഃരാരംഭിക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞ മാസം 21 മുതൽ ഒന്നു തൊട്ട് ഒമ്പത് വരെയുള്ള ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച മുതൽ പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യയനം വീണ്ടും ആരംഭിക്കുമ്പോൾ രാവിലെ മുതൽ വൈകുന്നേരം വരെ ക്ലാസുകൾ നടത്താനുള്ള തീരുമാനത്തിലാണ് ഇപ്പോൾ വിദ്യാഭ്യാസ വകുപ്പ് എത്തിയിരിക്കുന്നത്. ഒന്നുമുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ 14ന് ആണ് അധ്യയനം ആരംഭിക്കുന്നത്. ഇതും രാവിലെ മുതൽ വൈകുന്നേരം വരെയായിരിക്കുന്നതും വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലാണ്.