ദുബായ്: അടുത്തവര്‍ഷം നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് ഹൈബ്രിഡ് മോഡലില്‍ നടക്കും. യു.എ.ഇ യിലും പാകിസ്താനിലുമായിട്ടായിരിക്കും മത്സരങ്ങള്‍ നടക്കുക. 2027 വരെ ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഹൈബ്രിഡ് മോഡല്‍ ആയിരിക്കും. വ്യാഴാഴ്ച പുതിയ ഐ.സി.സി അധ്യക്ഷന്‍ ജയ്ഷാ മറ്റു രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡ് ജയറക്ടര്‍മാരുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച ദുബായില്‍ വെച്ച് നടക്കും.
ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിലെ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ വെച്ചായിരിക്കും നടക്കുക. അതേസമയം ഇന്ത്യയിലെ ടൂര്‍ണമെന്റുകള്‍ക്ക് പാകിസ്താനും എത്തിയേക്കില്ല. ഇന്ത്യ വേദിയാകുന്ന ഏഷ്യാ കപ്പ്, വനിതാ ഏകദിന ലോകകപ്പ്, 2026 പുരുഷ ടി20 ലോകകപ്പ് എന്നീ ടൂര്‍ണമെന്റുകളില്‍ പാകിസ്താന്‍ പങ്കെടുത്തേക്കില്ല.
നേരത്തേ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ്, പാകിസ്താനുപുറമേ മറ്റൊരു വേദിയിലും നടത്താനുള്ള ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ നീക്കത്തോട് പാകിസ്താന്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. പാകിസ്താനിലേക്ക് ഇന്ത്യന്‍ ടീമിനെ അയക്കില്ലെന്ന് ബി.സി.സി.ഐ. നിലപാട് സ്വീകരിച്ചതിനെത്തുടര്‍ന്നാണ് ആതിഥേയ രാജ്യത്തിന് പുറമേ മറ്റൊരു വേദിയും പരിഗണിക്കാന്‍ ഐ.സി.സി. ആലോചിച്ചത്.
2008-ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യന്‍ ടീം പാകിസ്താനില്‍ കളിച്ചിട്ടില്ല. സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇന്ത്യന്‍ ടീമിനെ പാകിസ്താനിലേക്ക് അയക്കില്ലെന്ന് ബി.സി.സി.ഐ. നിലപാട് സ്വീകരിച്ചത്. സര്‍ക്കാര്‍ നിര്‍ദേശത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ക്രിക്കറ്റ് ബോര്‍ഡുകളെ തങ്ങള്‍ നിര്‍ബന്ധിക്കില്ലെന്നാണ് ഐ.സി.സി നിലപാടെടുത്തത്.