FeaturedHome-bannerKeralaNews

അച്ഛനും അമ്മയും പ്രതികൾ, വാളയാർ കേസിൽ സിബിഐയുടെ അപ്രതീക്ഷിത നീക്കം;കുറ്റപത്രം സമർപ്പിച്ചു

പാലക്കാട്: വാളയാർ കേസിൽ പെണ്‍കുട്ടികളുടെ അച്ഛനേയും അമ്മയേയും പ്രതി ചേർത്ത് അനുബന്ധ കുറ്റപത്രം സമർപ്പിച്ച് സിബിഐ. തിരുവനന്തപുരം സിബിഐ യൂണിറ്റാണ് കൊച്ചി സിബിഐ മൂന്നാം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ആറ് കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രേരണ കുറ്റം ചുമത്തിയ കുറ്റപത്രത്തിൽ കുട്ടികളുടെ അച്ഛനും അമ്മയും പ്രതികളാണ്. കുട്ടികൾ ബലാത്സംഗത്തിന് ഇരയായ വിവരം മുൻകൂട്ടി അറിഞ്ഞിട്ടും മാതാപിതാക്കൾ പൊലീസിനെ അറിയിച്ചില്ല. ഇക്കാരണത്താലാണ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പ്രതികളാക്കിയത്. പോക്സോ വകുപ്പുകളും ഐപിസി വകുപ്പുകളും മാതാപിതാക്കൾക്കെതിരെ ചുമത്തിയിട്ടുണ്ട്. 

നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ പ്രദേശ വാസികളെ പ്രതികളാക്കി കുറ്റപത്രം നൽകിയിരുന്നു. ഇത് തള്ളിയ കോടതി വീണ്ടും വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഈ അന്വേഷണത്തിലാണ് മാതാപിതാക്കളെ പ്രതികളാക്കി അനുബന്ധ കുറ്റപത്രം നൽകിയത്. ബലാൽസംഗം അറിഞ്ഞിട്ടും മറച്ചുവെച്ചു എന്നതാണ് സിബിഐയുടെ കണ്ടെത്തൽ.

നേരത്തെ സംസ്ഥാന പൊലീസ് നടത്തിയ അന്വേഷണത്തിലും ഇത്തരത്തിലുള്ള കണ്ടെത്തലുകൾ ഉണ്ടായിരുന്നു. കുട്ടികൾ ശാരീരിക ചൂഷണത്തിന് ഇരയായിരുന്നത് മാതാപിതാക്കൾക്ക് അറിവുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിരുന്നുവെങ്കിലും മാതാപിതാക്കളെ സാക്ഷികളാക്കുകയായിരുന്നു. എന്നാൽ തുടരന്വേഷണത്തിൽ മാതാപിതാക്കളെ പ്രതികളാക്കിയാണ് നിലവിലെ കുറ്റപത്രം.

അതേസമയം, വിചിത്രമായ കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നതെന്ന് വാളയാർ നീതി സമരസമിതി രക്ഷാധികാരിയായ സിആർ നീലകണ്ഠൻ പ്രതികരിച്ചു. മരണം നടക്കുമ്പോൾ മാതാപിതാക്കൾ സ്ഥലത്തില്ല. എന്നാൽ ആത്മഹത്യയാണോ കൊലപാതകമാണോ എന്നാണ് അടിസ്ഥാനപരമായ ചോദ്യം. ആത്മഹത്യയാണെന്ന് സിബിഐ വാദിക്കുന്നു. അതു തന്നെ പിഴവാണ്.

ആസൂത്രിതമായ കൊലപാതകമാണെന്ന് വിശ്വസിക്കുന്നു. 30കിലോ മീറ്റർ ദൂരത്തിരുന്ന് മാതാപിതാക്കൾ കൊല നടത്തുമോ. മക്കളെ ആത്മഹത്യയിലേക്ക് നയിക്കുന്ന മാതാപിതാക്കൾ എവിടെയെങ്കിലും ഉണ്ടാവുമോ എന്നും സിആർ നീലകണ്ഠൻ ചോദിച്ചു. മക്കളുടെ മരണത്തിൽ നീതി തേടി അലയുന്ന മാതാപിതാക്കളോട് സിബിഐ ഇങ്ങനെ പറയുന്നത്. സിബിഐ കള്ളക്കളി കളിക്കുന്നു. ആർക്കുവേണ്ടിയാണെന്ന് അറിയില്ല. നിയമപരമായി നേരിടുമെന്നും സിആർ നീലകണ്ഠൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker