
കൊച്ചി നഗരത്തില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ മൂന്നു മാസത്തിനിടെ 5618 പെറ്റി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ ഹൈകോടതിയില്‍. മത്സരയോട്ടത്തിനിടെ അപകടമുണ്ടായതടക്കം കേസുകളാണിത്. ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ 167 കേസുകള്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കോടതി നിര്‍ദേശ പ്രകാരം കൊച്ചി സിറ്റി പൊലീസ് ഹാജരാക്കിയ നടപടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാറിന്റെ വിശദീകരണം. നഗരത്തില്‍ കഴിഞ്ഞ 14ന് സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് കോടതി റിപ്പോര്‍ട്ട് തേടിയത്. നടപടി റിപ്പോര്‍ട്ടുകള്‍ തുടര്‍ച്ചയായി കോടതിയില്‍ സമര്‍പ്പിക്കണമെന്നും സിംഗിള്‍ബെഞ്ച് നിര്‍ദേശിച്ചു.
അലക്ഷ്യമായ ഡ്രൈവിങ്ങിനെതിരെ സ്ഥിരമായ ജാഗ്രത വേണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. ഡ്രൈവര്‍മാരില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുണ്ട്. അലക്ഷ്യ ഡ്രൈവിങ് നടത്തി രക്ഷപ്പെടാമെന്ന ചിന്താഗതി അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.