പനാജി:ഗോവയിലെ സഞ്ചാരികളുടെ എണ്ണം കുറയുന്നെന്ന് അവകാശപ്പെടുന്ന കണക്കുകള്‍ പങ്കുവെച്ചതിന് കേസെടുത്തതിന് പിന്നാലെ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് തുറന്ന കത്തെഴുതി രാമാനുജ് മുഖര്‍ജി. വിവാദമായ തന്റെ എക്‌സ് കുറിപ്പിനെ ന്യായീകരിച്ച രാമാനുജ്, ഗോവയിൽ തങ്ങൾ വഞ്ചിക്കപ്പെട്ടതായാണ് സഞ്ചാരികൾക്ക് അനുഭവപ്പെടുന്നതെന്നും അവകാശപ്പെട്ടു. താന്‍ ഉന്നയിച്ച കാര്യം പുതിയതല്ലെന്നും കഴിഞ്ഞ ക്രിസ്മസ്- പുതുവര്‍ഷ സീസണിലെ കണക്കുകള്‍ ചൂണ്ടി സഞ്ചാരികള്‍ കുറവാണെന്ന് സര്‍ക്കാര്‍ അധികൃതര്‍ തന്നെ അഭിപ്രായപ്പെട്ടതായും കത്തില്‍ പറയുന്നു.
ഗോവയിലേക്ക് ആളുകള്‍ തിരിച്ചുവരണം. നേരത്തെ ആളുകള്‍ നേരത്തെ ഗോവയെ ഇഷ്ടപ്പെട്ടിരുന്നു, അവസരം കിട്ടുമ്പോഴൊക്കെ അവര്‍ തിരിച്ചുവരുമായിരുന്നു. ദുരനുഭവങ്ങള്‍ ഇല്ലെങ്കില്‍ ഇനിയും തിരിച്ചുവരുമെന്നും രാമാനുജ് അഭിപ്രായപ്പെട്ടു.
പങ്കുവെച്ച കണക്കുകളല്ല പോസ്റ്റിനെ വൈറലാക്കിയതെന്നാണ് രാമാനുജ് പറയുന്നത്. ഗോവയില്‍ പോയ സഞ്ചാരികള്‍ വഞ്ചിക്കപ്പെട്ടതായി മനസിലാക്കുന്നു. അവര്‍ നേരിട്ട പ്രശ്‌നങ്ങള്‍ പങ്കുവെക്കുന്നു. അതിലൂടെയാണ് പോസ്റ്റ് ചര്‍ച്ചയായതെന്നും രാമാനുജ് കുറിച്ചു.
താങ്കള്‍ക്ക് ഈ വിഷയത്തില്‍ രാഷ്ട്രീയ ബലിമൃഗത്തെയാണ് ആവശ്യമെങ്കിൽ അനന്തഫലങ്ങള്‍ അനുഭവിക്കാന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍, ഇത് യഥാര്‍ഥ പ്രശ്‌നം പരിഹരിക്കില്ല. ദീര്‍ഘകാല പരിഹാരങ്ങളാണ് ആവശ്യമെന്നും വ്യക്തമാക്കിയാണ് രാമാനുജ് കത്ത് അവസാനിപ്പിക്കുന്നത്.
2019 മുതല്‍ 2023 വരെയുള്ള കണക്കുകളാണ് കഴിഞ്ഞ ചൊവ്വാഴ്ച രാമാനുജ് എക്‌സില്‍ പങ്കുവെച്ചത്. വിദേശ സഞ്ചാരികള്‍ ഗോവയെ ഉപേക്ഷിച്ചുവെന്നും റഷ്യയില്‍നിന്നും യു.കെയില്‍നിന്നുമുള്ള സഞ്ചാരികള്‍ ശ്രീലങ്കയെ തിരഞ്ഞെടുക്കുന്നുവെന്നുമായിരുന്നു രാമാനുജ് അഭിപ്രായപ്പെട്ടത്. ഇതിന് പിന്നാലെ ഗോവ ടൂറിസം വകുപ്പ്ഡപ്യൂട്ടി ഡയറക്ടറുടെ പരാതിയില്‍ രാമാനുജിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.