ഒട്ടാവ: ഇന്ത്യയോട് പ്രതികാര നടപടി തുടർന്ന് കാനഡ. വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ സംവിധാനം അവസാനിപ്പിച്ചു. ഇന്ത്യയുൾപ്പടെ 13 രാജ്യങ്ങളിലെ വിദ്യാർഥികൾക്കുള്ള എസ്ഡി എസ് വിസ സംവിധാനമാണ് നിർത്തലാക്കിയത്. ഒരു രാജ്യത്തിനും പ്രത്യേക പരിഗണന നൽകാനാവില്ലെന്നാണ് കാനഡയുടെ ന്യായം.
ചൈന, ഇന്ത്യ, മൊറോക്കോ, പാകിസ്ഥാൻ തുടങ്ങി 14 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കുള്ള വിസ അപേക്ഷാ പ്രക്രിയ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ 2018-ൽ പദ്ധതി ആരംഭിച്ചത്.
ഇന്ത്യ, ആൻ്റിഗ്വ, ബാർബുഡ, ബ്രസീൽ, ചൈന, കൊളംബിയ, കോസ്റ്ററിക്ക, മൊറോക്കോ, പാകിസ്ഥാൻ, പെറു, ഫിലിപ്പീൻസ്, സെനഗൽ, സെൻ്റ് വിൻസെൻ്റ് ആൻഡ് ഗ്രനേഡൈൻസ്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, വിയറ്റ്നാം എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കായിരുന്നു പദ്ധതി പ്രയോജനപ്പെട്ടിരുന്നത്.
നവംബർ 8 ന് ഉച്ചയ്ക്ക് 2 മണി വരെ ലഭിച്ച അപേക്ഷകൾ പദ്ധതിയിൽ ഉൾപ്പെടുത്തും. ഇതിന് ശേഷമുള്ള എല്ലാ അപേക്ഷകളും റെഗുലർ സ്റ്റഡി പെർമിറ്റ് സ്ട്രീമിന് കീഴിലായിരിക്കും പരിഗണിക്കുക. റെഗുലർ പെർമിറ്റിന് ഉയർന്ന നിരക്കും കൂടുതൽ സമയവുമെടുക്കും. ഇതോടെ ഇന്ത്യയിൽ നിന്നടക്കമുള്ള വിദ്യാർഥികൾ കൂടുതൽ ദൈർഘ്യമേറിയ വിസ നടപടിക്രമങ്ങൾക്ക് കാത്തിരിക്കേണ്ടി വരും.
രാജ്യത്തേക്ക് എത്തുന്ന കുടിയേറ്റക്കാരുടെ എണ്ണം കുത്തനെ കുറയ്ക്കാൻ കാനഡ ശ്രമിക്കുകയാണെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.