KeralaNews

ആര്‍ത്തവകാലത്ത് കോവിഡ് വാക്‌സിന്‍ എടുക്കാമോ? വിശദീകരണവുമായി സര്‍ക്കാര്‍

ന്യൂഡൽഹി:കോവിഡ് വാക്സിനേഷൻ സംബന്ധിച്ച ആശങ്കകൾക്കും അഭ്യൂഹങ്ങൾക്കും അവസാനമില്ല. മെയ് ഒന്ന് മുതൽ പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ ആരംഭിക്കുന്നതോടെ സംശയങ്ങളും അതുപോലെ തന്നെ വ്യാജ പ്രചരണങ്ങളും ശക്തമായിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ആർത്തവം സംബന്ധിച്ചത്. ആർത്തവകാലത്ത സ്ത്രീകൾക്ക് കോവിഡ് വാക്സിൻ എടുക്കാമോ എന്നതാണ് പ്രധാന സംശയം.

ആർത്തവത്തിന് അഞ്ച് ദിവസം മുൻപ് ആർത്തവം കഴിഞ്ഞ് അഞ്ച് ദിവസം കഴിഞ്ഞോ കോവിഡ് വാക്സിൻ സ്വീകരിക്കരുതെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ആർത്തവ സമയത്ത് സ്ത്രീകൾക്ക് പ്രതിരോധശേഷി കുറവായിരിക്കുമെന്നും ഈ സമയത്ത് വാക്സിൻ സ്വീകരിച്ചാൽ രക്തസ്രാവം കൂടുമെന്നുമൊക്കെയാണ് പ്രചരണം.

ഇത്തരം പ്രചരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് വിശദീകരിച്ചുകൊണ്ട് കേന്ദ്രസർക്കാർ തന്നെ രംഗത്തുവന്നിരിക്കുകയാണ്. ഇത്തരം അഭ്യൂഹങ്ങളിൽ വീഴരുതെന്നും മെയ് ഒന്ന് മുതൽ പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ ട്വീറ്റ് ചെയ്തു.

ആർത്തവ സമയത്ത് കോവിഡ് വാക്സിൻ സ്വീകരിക്കരുതെന്ന വാദത്തിന് യാതൊരു അടിസ്ഥാനുമില്ലെന്ന് ആരോഗ്യപ്രവർത്തകരും പറയുന്നു. വാക്സിനേഷൻ ആർത്തവത്തെ ബാധിക്കുമെന്ന് കാണിക്കുന്ന യാതൊരു കണക്കും ലോകത്തെങ്ങുമില്ലെന്ന് യേൽ സ്കൂൾ ഓഫ് മെഡിസിനിലെ ആലിസ് കള്ളിഗൻ, റാൻഡി ഹട്ടർ എന്നിവർ ന്യൂയോർക്ക് ടൈംസിൽ എഴുതിയ ലേഖനത്തിൽ വിശദീകരിച്ചു. അഥവാ ഒരിക്കൽ ആർത്തവത്തിന് വ്യതിയാനം വന്നാൽ അതിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും അവർ വിശദീകരിക്കുന്നു.

രോഗാണുവുമായി നേരിട്ടുള്ള സമ്പർക്കം അത്ര മേൽ വരാത്ത സാധാരണക്കാരെ മാസത്തിൽ ചുരുങ്ങിയത് പതിനഞ്ച് ദിവസം വാക്സിനേഷനിൽ നിന്ന് അകറ്റി നിർത്തുകയെന്നത് മാത്രമാണ് ഇത്തരം വ്യാജ സന്ദേശങ്ങളുടെ ദുരുദ്ദേശമുെന്ന് ഡോ.ഷിംന അസീസ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ആദ്യഘട്ടത്തിൽ വാക്സിനേഷൻ ലഭിച്ചത് ആരോഗ്യപ്രവർത്തകർക്കാണ്. അവരിൽ എല്ലാ പ്രായത്തിലുമുള്ള ആണും പെണ്ണും ഉണ്ടായിരുന്നു. തീർച്ചയായും ആർത്തവമുള്ള സ്ത്രീകളും അവരിൽ ഉൾപ്പെടുന്നു. ആർത്തവം കൊണ്ട് പ്രതിരോധശേഷി കുറഞ്ഞിരുന്നെങ്കിൽ അന്ന് വാക്സിനേഷൻ കൊണ്ട് ഏറ്റവും വലിയ രീതിയിൽ ജീവന് ഭീഷണി നേരിട്ടിരിക്കുക ഈ ആരോഗ്യപ്രവർത്തകർക്ക് ആണ്, തൊട്ട് പിറകേ വാക്സിനേഷൻ ലഭിച്ച മുൻനിരപോരാളികളാണ്-ഡോ. ഷിംന പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker