KeralaNews

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ബൈപ്പാസ് ശസ്ത്രക്രിയ ആരംഭിക്കുന്നു

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ബൈപ്പാസ് ശസ്ത്രക്രിയ വെള്ളിയാഴ്ച (ഡിസംബര്‍ 17) മുതല്‍ ആരംഭിക്കും. ശസ്ത്രക്രിയ ആരംഭിക്കുന്നതിനു മുന്നോടിയായുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി മന്ത്രി പി. രാജീവ് ജനറല്‍ ആശുപത്രിയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഡിയാക് വിഭാഗത്തില്‍ സന്ദര്‍ശനം നടത്തി. ആശുപത്രി സൂപ്രണ്ട് ഡോ. എ. അനിത, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സജിത് ജോണ്‍, ശസ്ത്രക്രിയ്ക്ക് നേതൃത്വം നല്‍കുന്ന വിദഗ്ധ ഡോക്ടര്‍മാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

ഇന്ത്യയില്‍ ആദ്യമായി ഒരു ജില്ലാ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ ആരംഭിക്കുന്നത് വഴി സാധാരണക്കാരായ രോഗികള്‍ക്ക് അത്യാധുനിക ചികിത്സ ലഭിക്കാന്‍ അവസരമൊരുങ്ങുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. എല്ലാ അത്യാധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ കാര്‍ഡിയാക് വിഭാഗത്തിലാണ് ബൈപ്പാസ് സര്‍ജറി നടക്കുന്നത്.

പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ജയകുമാറിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടക്കുന്നത്. ദേശീയ ആരോഗ്യദൗത്യം വഴി തിരഞ്ഞെടുക്കപ്പെട്ട പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ സംഘവും ഒപ്പമുണ്ടാകും. എറണാകുളം ജനറല്‍ ആശുപത്രിയിലെ കാര്‍ഡിയാക് വിഭാഗം കേരളത്തിലെ എല്ലാ സാധാരണ രോഗികള്‍ക്കെല്ലാം ആശ്രയിക്കാന്‍ കഴിയുന്ന വിഭാഗമാണ്. ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി എന്നിവയ്ക്ക് പുറമേ ബൈപ്പാസ് ശസ്ത്രക്രിയയും ആരംഭിക്കുകയാണ്. വാല്‍വ് മാറ്റം ഉള്‍പ്പടെയുള്ള ശസ്ത്രക്രിയകള്‍ക്കും ഇവിടെ സൗകര്യമൊരുങ്ങുകയാണ്.

പൊതുസംവിധാനത്തിനുള്ളില്‍ രാജ്യത്ത് മെഡിക്കല്‍ കോളേജുകളില്‍ മാത്രമാണ് ഹൃദയ ശസ്ത്രക്രിയയ്ക്ക് സൗകര്യമുള്ളൂ. ഇന്ത്യയില്‍ ആദ്യമായി ഒരു ജില്ലാ ആശുപത്രിയില്‍ ഈ സംവിധാനം എത്തുകയാണ്. ഇതോടെ സാധാരണക്കാരായ രോഗികള്‍ക്ക് സൗജന്യമായും സൗജന്യ നിരക്കിലും ഹൃദയ ശസ്ത്രക്രിയയ്ക്കും മറ്റ് അത്യാധുനിക ചികിത്സാ സൗകര്യങ്ങളും ലഭ്യമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button