Crimehome bannerKeralaNews

കൊച്ചിയിൽ ബസ് കണ്ടക്ടറെ ക്രൂരമായി മർദിച്ച് എസ്.എഫ്.ഐ പ്രവർത്തകർ

കൊച്ചി: സ്വകാര്യ ബസ് ജീവനക്കാരനെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. ചോറ്റാനിക്കര-ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘സാരഥി’ ബസിലെ കണ്ടക്ടര്‍ ജെഫിനാണ് മര്‍ദനമേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് മഹാരാജാസ് കോളേജിന് മുന്നില്‍വെച്ച് സംഘടിച്ചെത്തിയ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ബസിനുള്ളില്‍ കയറി ജെഫിനെ മര്‍ദിക്കുകയായിരുന്നു. ബസില്‍നിന്ന് വലിച്ചിറക്കി റോഡിലിട്ടും ക്രൂരമായി ആക്രമിച്ചു. വിദ്യാര്‍ഥി കണ്‍സഷനുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ആക്രമണത്തിന് കാരണം.

ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു വിദ്യാര്‍ഥിയും ബസിലെ കണ്ടക്ടറായ ജെഫിനും തമ്മില്‍ കണ്‍സെഷനെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. രാവിലെ ആറുമണിക്ക് ബസില്‍ കയറിയ വിദ്യാര്‍ഥിക്ക് ബസ് കണ്ടക്ടര്‍ കണ്‍സെഷന്‍ നിഷേധിച്ചതായിരുന്നു വാക്കേറ്റത്തിന് കാരണം. ഈ സംഭവത്തില്‍ വിദ്യാര്‍ഥിയുടെ പരാതിയില്‍ കണ്ടക്ടര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുക്കുകയും ഇവരെ ജാമ്യത്തില്‍ വിടുകയും ചെയ്തു. തുടര്‍ന്ന് ജെഫിന്‍ വീണ്ടും ബസില്‍ ജോലിയില്‍ പ്രവേശിച്ചദിവസമാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ആക്രമിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് ഒരാള്‍ ബസില്‍ കയറുകയും മഹാരാജാസിലേക്ക് ടിക്കറ്റ് ആവശ്യപ്പെടുകയും ചെയ്തു. ടിക്കറ്റ് നല്‍കുന്നതിനിടെ ഇയാള്‍ കണ്ടക്ടറുമായി തര്‍ക്കമുണ്ടാക്കി. ഇതിനിടെ ബസ് മഹാരാജാസ് കോളേജിന് മുന്നിലെത്തിയതോടെ കൂടുതല്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ബസിനുള്ളിലേക്ക് കയറുകയും ജെഫിനെ ആക്രമിക്കുകയുമായിരുന്നു.

ബസിന്റെ താക്കോല്‍ ഊരിയെടുക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ജെഫിനെ റോഡിലേക്ക് വലിച്ചിട്ട് വീണ്ടും മര്‍ദിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ ജെഫിന്‍ എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞദിവസങ്ങളിലും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തങ്ങള്‍ക്കെതിരേ ഭീഷണി മുഴക്കിയിരുന്നതായാണ് ബസ് ജീവനക്കാര്‍ പറയുന്നത്. ബസില്‍ കയറി വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ചിലര്‍ ടാക്‌സി കാറിലെത്തിയാണ് ഭീഷണി മുഴക്കിയതെന്നും ജീവനക്കാര്‍ ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button