കൊച്ചി മാടവനയിൽ കല്ലട ബസ് മറിഞ്ഞ് ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്
കൊച്ചി: കൊച്ചി മാടവനയിൽ കല്ലട ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. ഇടുക്കി വാഗമണ്‍ സ്വദേശിയായ ജിജോ സെബ്ബാസ്റ്റ്യനാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. ബസ് സിഗ്നൽ പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം.
നിലവിൽ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ബസ്സിനൊപ്പം അപകടത്തിൽ പെട്ട ബൈക്ക് യാത്രക്കാരനാണ് മരിച്ച ജിജോ. ജിജോയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ കൂടുതൽ പേരെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമം നടന്നുവരികയാണ്.
പൊലീസും നാട്ടുകാരും ചേർന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. 42 പേരാണ് ബസിലുണ്ടായിരുന്നതെന്ന് നാട്ടുകാർ പറയുന്നു. സിഗ്നലിനടുത്ത് ബ്രേക്ക് ചവിട്ടിയപ്പോൾ കിട്ടാത്തത് കൊണ്ടാണ് അപകടമുണ്ടായതെന്നാണ് വിവരം.