കൊല്ലം: കൊല്ലം അഞ്ചൽ ഒഴുകുപാറയ്ക്കൽ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയില്‍ കണ്ടെത്തിയ കാറിനുള്ളിലെ മൃതദേഹം തിരിച്ചറിഞ്ഞു. ഒഴുകുപാറയ്ക്കല്‍ സ്വദേശി ലെനീഷ് റോബിന്‍സനാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. അപകടമരണമെന്നാണ് പ്രാഥമിക നിഗമനം. സിനിമയ്ക്ക് പോകുന്നെന്ന് പറഞ്ഞ് ഇന്നലെ വീട്ടിൽ നിന്നിറങ്ങിയതാണെന്ന് ഭാര്യ പറയുന്നു. യുവാവിനെ കാണാനില്ലെന്ന് ഭാര്യ രാവിലെ പൊലീസിൽ പരാതി നൽകിയിരുന്നു.
ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. റബർ മരങ്ങൾ മുറിച്ച സ്ഥലത്ത് താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിലാണ് കാർ കണ്ടെത്തിയത്. പ്രദേശവാസികളാണ് രാവിലെ കാർ കാണുന്നത്. കാറിനുള്ളിലെ മൃതദേഹവും കത്തിക്കരിഞ്ഞ നിലയിലാണ് ഉണ്ടായിരുന്നത്. കാർ അബദ്ധത്തിൽ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയതാകാം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
ആത്മഹത്യയുടെ സാധ്യതയടക്കം പൊലീസ് അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അധികം വീടുകളോ ആളുകളോ സമീപത്തില്ലാത്തിടത്താണ് അപകടമുണ്ടായിരിക്കുന്നത്. ശബ്ദം കേട്ടുവെന്ന് നാട്ടുകാരിൽ ചിലർ പറയുന്നുണ്ട്. കാറിന്റെ നമ്പർ പ്ലേറ്റടക്കം കത്തി നശിച്ചിരിക്കുകയാണ്. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.