കൊച്ചി: ക്രൂരമര്‍ദനമേറ്റ നിലയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച കാക്കനാട് പള്ളത്തുപടി സ്വദേശിയായ മൂന്നു വയസുകാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. കുട്ടിയുടെ തലച്ചോറിനു ക്ഷതമേറ്റിട്ടുണ്ട്. ഇടതുകൈയില്‍ രണ്ട് ഒടിവുകളും ശരീരത്തില്‍ പുതിയതും പഴയതുമായ മുറിവുകളുമുണ്ട്. മുഖത്തടക്കം പൊള്ളലേറ്റ പാടുകളുമുണ്ട്. വെന്റിലേറ്ററിലുള്ള കുട്ടിയുടെ നില അടുത്ത 72 മണിക്കൂര്‍ വളരെ നിര്‍ണായകമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
ശിശുക്ഷേമസമിതി അംഗങ്ങള്‍ ഇന്നു കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൂന്നു വയസുകാരിയെ കാണും. കുട്ടിയുടെ അമ്മയും മുത്തശ്ശിയുമാണ് നിലവില്‍ ആശുപത്രിയില്‍ ഉള്ളത്. ഇതിനിടെ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് കുട്ടിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചേക്കുമെന്നും സൂചനയുണ്ട്. ആശുപത്രിയില്‍ കഴിയുന്ന മൂന്നു വയസുകാരിയുടെ അമ്മയുടെ സഹോദരിയും ഭര്‍ത്താവും ഒളിവില്‍ പോയതായി സൂചന. നിലവില്‍ ഇവര്‍ പ്രതികളല്ലെന്നു തൃക്കാക്കര പോലീസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. കുട്ടിയുടെ ബന്ധുക്കളില്‍നിന്നു തന്നെയായിരിക്കും മര്‍ദനമേറ്റിരിക്കുന്നതെന്നാണ് പോലീസ് നിഗമനം.
കുട്ടി അപസ്മാരം വന്നു വീണപ്പോള്‍ ഉണ്ടായ പരിക്കാണെന്നായിരുന്നു ബന്ധുക്കള്‍ ആദ്യം പറഞ്ഞത്. പിന്നീട് പോലീസ് ചോദ്യം ചെയ്യലില്‍ കുട്ടിക്കു ബാധ കയറിയതാണെന്നും മുകളില്‍നിന്ന് എടുത്തു ചാടുകയും സ്വയം മുറിവേല്‍പ്പിക്കുകയുമായിരുന്നെന്നും അമ്മ തിരുത്തിപ്പറഞ്ഞു. കുന്തിരിക്കം കത്തിച്ചപ്പോഴാണ് കുട്ടിയുടെ കൈയില്‍ പൊള്ളലേറ്റതെന്നും ഇവര്‍ പറഞ്ഞിരുന്നു. അതിനിടെ കുട്ടിയെ ആരോ മര്‍ദിച്ചു എന്ന അമ്മൂമ്മയുടെ മൊഴിയുമുണ്ട്. മൊഴികള്‍ പരസ്പരവിരുദ്ധമായതിനാല്‍ ബന്ധുക്കള്‍ പോലീസ് നിരീക്ഷണത്തിലാണ്.
മൂന്നു വയസുകാരിക്കു പരിക്കു പറ്റിയ സംഭവത്തില്‍ ദുരൂഹത തുടരുകയാണ്. പരിക്ക് പറ്റിയ കുട്ടിക്ക് ചികിത്സ വൈകിപ്പിച്ചതില്‍ അമ്മക്കെതിരേ തൃക്കാക്കര പോലീസ് കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച രാത്രിയില്‍ പരിക്ക് പറ്റിയ കുട്ടിയുമായി അമ്മയും മുത്തശിയുമാണ് പഴങ്ങനാട് ആശുപത്രിയില്‍ എത്തിയത്. വീണ് പരിക്കു പറ്റിയതാണെന്നാണ് ഇവര്‍ ആശുപത്രിയില്‍ പറഞ്ഞത്. കുട്ടിയുടെ ശരീരമാകെ ഗുരുതരമായ പരിക്കുള്ളതുകൊണ്ട് വിദഗ്ധ ചികിത്സക്കായി അവിടെനിന്നും കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്കു വിടുകയായിരുന്നു. മെഡിക്കല്‍ കോളജ് ഡോക്ടര്‍ പോലീസിനെ അറിയിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്. കുട്ടിയുടെ ദേഹമാകെ കാണപ്പെട്ട മുറിവുകളും കൈയിലെ പൊള്ളലേറ്റതും ഒരു ദിവസം സംഭവിച്ചതല്ലെന്നു പോലീസ് സംശയിക്കുന്നു.
കുട്ടിയോടൊപ്പം താമസിച്ചവരെ ഒറ്റക്ക് ചോദ്യം ചെയ്താതാലെ സംഭവത്തിന്റെ ചുരുള്‍ അഴിയുകയുള്ളുവെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. കുട്ടിയുടെ ബന്ധുക്കളായിട്ടുള്ളവര്‍ വ്യത്യസ്തമായ മൊഴികളാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. കുട്ടി തനിയെ വരുത്തിയ പരിക്കുകളാണെന്ന ബന്ധുക്കള്‍ പറഞ്ഞത് പൂര്‍ണമായും പോലീസ് വിശ്വസിച്ചിട്ടില്ല. കഴിഞ്ഞ മാസം 22 നാണ് പുതുവൈപ്പ് സ്വദേശി കാക്കനാട് പള്ളത്തുപടിയിലെ വീട് വാടകയ്ക്ക് എടുത്തത്. അന്ന് രാത്രിയിലാണ് കുടുംബസമേതം വാടക വീട്ടില്‍ ഇവര്‍ താമസിക്കാന്‍ എത്തിയതെന്നും പരിസരവാസികളുമായി യാതൊരു ബന്ധം സ്ഥാപിക്കുന്ന രീതിയിലുള്ള സമീപനമായിരുന്നില്ലെന്നും വാര്‍ഡ് കൗണ്‍സിലര്‍ സുനി കൈലാസ് പറഞ്ഞു.
പള്ളത്തുപടിയിലുള്ള ഒരു വ്യക്തിയുടെ മൂന്ന് നില അപ്പാര്‍ട്ട്മെന്റിലെ മൂന്നാം നിലയിലെ വീടാണ് ഇവര്‍ വാടകയ്ക്ക് എടുത്തത്. പരിക്കുപറ്റിയ കുട്ടിയുടെ അമ്മയും അമ്മയുടെ ജ്യേഷ്ഠ സഹോദരിയും അവരുടെ ഭര്‍ത്താവും ഇവരുടെ മകനായ പന്ത്രണ്ടു വയസുകാരനും അമ്മൂമ്മയും ഒന്നിച്ചാണ് വാടക വീട്ടില്‍ താമസിക്കുന്നത്. മൂന്നു വയസുകാരി കുട്ടിയുടെ കരച്ചില്‍ പോലും പുറത്തു കേട്ടിട്ടില്ലെന്നും അയല്‍ക്കാര്‍ പറഞ്ഞു. കുട്ടിയുടെ അമ്മയുടെ സഹോദരി ഭര്‍ത്താവും പന്ത്രണ്ടു വയസുകാരനും തോളില്‍ ഒരു ബാഗ് മായി ഞായറാഴ്ച രാത്രിയില്‍ വെളിയിലേക്കു പോകുന്നതു കണ്ടതായി അയല്‍ക്കാര്‍ പറഞ്ഞു. അന്നു രാത്രിയിലാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത്.
അമ്മൂമ്മ, അനുജത്തി, പന്ത്രണ്ടു വയസുകാരന്‍ എന്നിവരെ വാടക വീട്ടിലാക്കിയിട്ടു ഭാര്യയും ഭര്‍ത്താവുമൊന്നിച്ചു ജോലിക്കായി കാനഡയില്‍ പോകുമെന്നാണ് പറഞ്ഞതെന്നു കെട്ടിട ഉടമ പറഞ്ഞു. മൂന്നു മാസം പള്ളിക്കരയില്‍ വാടക വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. അവിടെ ബഹളം വച്ചു ജനല്‍ പാളികള്‍ തകര്‍ത്തപ്പോഴാണ് പറഞ്ഞയച്ചതെന്നു ഫ്ളാറ്റ് ഉടമ പറഞ്ഞു. കുട്ടി പരിക്കുപറ്റി ആശുപത്രിയി ലായ സംഭവം അറിഞ്ഞപ്പോള്‍ പള്ളിക്കരയില്‍ ഇവര്‍ താമസിച്ചിരുന്ന വീട്ടുടമയുമായി ബന്ധപ്പെട്ടപ്പോഴാണ് അവിടെനിന്ന് ഇവരെ ഒഴിവാക്കിയ വിവരം അറിഞ്ഞതെന്നും പള്ളത്തുപടിയിലെ ഫ്ളാറ്റുടമ പറഞ്ഞു. കുട്ടിക്ക് ഗുരുതരമായി പരിക്കുപറ്റിയ സംഭവം ഏറെ ദുരൂഹതകള്‍ നിറഞ്ഞതാണെന്നാണ് വിലയിരുത്തല്‍. ഈ സംഭവത്തില്‍ ശിശുക്ഷേമ സമിതിയും ഇടപെട്ടിട്ടുണ്ട്.