KeralaNews

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ്; രണ്ടാം ഘട്ടത്തിലും ഇന്ത്യൻ വംശജൻ റിഷി സുനക് മുന്നില്‍

ലണ്ടന്‍: അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിക്കായുള്ള തെരഞ്ഞെടുപ്പിൽ  രണ്ടാം ഘട്ട വോട്ടെടുപ്പിലും ഇന്ത്യൻ വംശജൻ റിഷി സുനകിന് ഏറ്റവും കൂടുതൽ വോട്ട്.  കൺസർവേറ്റീവ് പാർട്ടിയിലെ 101 എം പിമാർ റിഷി സുനകിനെ പിന്തുണച്ചു. പെന്നി മോഡന്‍റ്  83 വോട്ട് നേടി രണ്ടാമത് എത്തി. ലിസ് ട്രസ് 64 വോട്ട് നേടി മൂന്നാമത് എത്തി. സുവല്ല ബ്രവർമാൻ മത്സരത്തിൽ നിന്ന് പുറത്തായി.  ഇനി പ്രധാനമന്ത്രി പദത്തിലേക്ക് മത്സര രംഗത്ത് അഞ്ചു പേർ മാത്രമാണ് ശേഷിക്കുന്നത്. 

രണ്ട് പേർ മാത്രം മത്സര രംഗത്ത് ശേഷിക്കുംവരെ പല ഘട്ടങ്ങളായി എം പിമാർക്ക് ഇടയിൽ വോട്ടെടുപ്പ് നടക്കും. ജൂലൈ 21 ന് ഈ പ്രാഥമിക വോട്ടെടുപ്പ് പ്രക്രിയ പൂർത്തിയാകും. അവസാന റൗണ്ടിൽ എത്തുന്ന രണ്ടു പേരിൽ ആരാകും പ്രധാനമന്ത്രി എന്നത് കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ വോട്ടെടുപ്പിലൂടെ തീരുമാനിക്കും. ബോറിസ് ജോൺസനോട് വിയോജിച്ച് രാജിവെച്ച മന്ത്രിയാണ് റിഷി സുനക്. ഇൻഫോസിസ് സ്ഥാപകൻ എൻ ആർ നാരായണമൂർത്തിയുടെ മകൾ അക്ഷത ആണ് റിഷി സുനകിൻറെ ഭാര്യ.

നേരത്തെ തന്നെ ഇന്ത്യൻ വംശജനായ റിഷി സുനക് ബ്രിട്ടനിൽ പ്രധാനമന്ത്രിയാകാൻ സാധ്യതയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നിരന്തര വിവാദങ്ങൾക്ക് പിന്നാലെ  ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തുനിന്നു ബോറിസ് ജോൺസന്റെ രാജിവെച്ചതിന് പിന്നാലെയാണ് റഷി സുനക്കിന്റെ പേര് അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർന്നത്. ബോറിസ് ജോൺസന്റെ രാജിക്ക് തുടക്കമിട്ട് ആദ്യം രാജിവെച്ചത് ധനമന്ത്രിയായിരുന്ന റിഷി സുനക്ക് ആയിരുന്നു. ബോറിസ് ജോൺസന്റെ പിൻ​ഗാമിയായി റിഷി സുനക്കിനാണ് കൂടുതൽ സാധ്യതയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. റിഷി സുനക് പ്രധാനമന്ത്രിയായാൽ ഈ പദത്തിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജനായിരിക്കും ഇദ്ദേഹം. 

പഞ്ചാബിൽ നിന്നാണ് റിഷി സുനാക്കിന്റെ കുടുംബം ബ്രിട്ടനിലേക്ക് കുടിയേറിയത്. 2020 ഫെബ്രുവരിയിലാണ് 42 വയസ്സുകാരനായ റിഷിയെ ധനമന്ത്രിയായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ നിയമിച്ചത്. ബ്രിട്ടനിൽ ഏറെ ജനപിന്തുണയും ജനപ്രീതിയുമുള്ള നേതാവാണ് റിഷി സുനക്ക്. കൊവിഡ് പ്രതിസന്ധിക്കാലത്താണ് റിഷി സുനക്കിന്റെ ജനപ്രീതിയുയർന്നത്. ബിസിനസുകാർക്കും തൊഴിലാളികൾക്കുമായി നടപ്പാക്കിയ ക്ഷേമപദ്ധതികൾ വൻ ശ്രദ്ധയാകർഷിച്ചു. ബോറിസ് ജോൺസന്റെ പ്രവർത്തനത്തിൽ അതൃപ്തിയറിയിച്ചാണ് റിഷി രാജിവെച്ചത്. പിന്നാലെ പത്തോളം മന്ത്രിമാർ രാജിവെച്ചതോടെ സർക്കാർ പ്രതിസന്ധിയിലാകുകയും ബോറിസ് ജോൺസണ് രാജിവെക്കേണ്ടി വരുകയും ചെയ്തു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker