ബ്രിട്ടനിൽ 13 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ കലാപം; കുടിയേറ്റവിരുദ്ധ പ്രതിഷേധം പടരാൻ കാരണം വ്യാജപ്രചാരണം
ലണ്ടൻ: കഴിഞ്ഞ 13 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ കലാപമാണ് യുകെയിൽ നടക്കുന്നത്. അക്രമത്തിന്‍റെ ഭാഗമായവർ ഖേദിക്കേണ്ടിവരുമെന്ന് തീവ്ര വലതുപക്ഷ പ്രതിഷേധക്കാർക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ മുന്നറിയിപ്പ് നൽകി. തൊലിയുടെ നിറം നോക്കിയുള്ള അക്രമം അടിച്ചമർത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സൌത്ത് പോർട്ടിൽ ഒരു നൃത്ത പരിപാടിയിൽ വച്ച് മൂന്ന് കുട്ടികൾ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സംഘർഷം തുടങ്ങിയത്. ആ പ്രതിഷേധം കുടിയേറ്റ വിരുദ്ധ, മുസ്ലിം വിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു. കൊലപാതകി കുടിയേറ്റക്കാരനാണ് എന്ന വ്യാജ പ്രചാരണമാണ് സംഘർഷം വ്യാപിക്കാൻ കാരണമെന്ന് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
ആറ്, ഏഴ്, ഒമ്പത് വയസ്സുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. പ്രതിക്ക് 18 വയസ്സിൽ താഴെയാണ് പ്രായം. അതുകൊണ്ട് പ്രതിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. തുടർന്നാണ് മുസ്ലിം കുടിയേറ്റക്കാരനാണ് അക്രമി എന്ന വ്യാജപ്രചാരണമുണ്ടായത്. ബ്രിട്ടനിൽ ജനിച്ചയാളാണ് അക്രമിയെന്ന് പൊലീസ് വ്യക്തമാക്കി. തീവ്ര വലതുപക്ഷ പ്രക്ഷോഭകർ കുടിയേറ്റക്കാർക്കെതിരായ സമരമായി പ്രതിഷേധത്തെ മാറ്റി. യുകെയിലെ കുടിയേറ്റം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടു. ഇംഗ്ലീഷ് ചാനൽ കടന്ന് ചെറു ബോട്ടുകളിൽ പതിനായിരക്കണക്കിന് കുടിയേറ്റക്കാർ എത്തുന്നുവെന്നാണ് ഇവരുടെ പരാതി.
നിരവധി കടകൾ പ്രതിഷേധക്കാർ തകർത്തു. കടകൾ കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തു. കുടിയേറ്റക്കാരുടെ അഭയ കേന്ദ്രമായിരുന്ന ഹോട്ടൽ മാസ്ക് ധരിച്ചെത്തിയ കുടിയേറ്റ വിരുദ്ധർ തകർത്തു. പല നഗരങ്ങളിലും പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടി. ലിവർപൂൾ, മാഞ്ചസ്റ്റർ, ബ്രിസ്റ്റോൾ, ബ്ലാക്ക്പൂൾ, ഹൾ തുടങ്ങിയ സ്ഥലങ്ങളിലും വടക്കൻ അയർലണ്ടിലെ ബെൽഫാസ്റ്റിലും തീവ്ര വലതുപക്ഷ റാലികൾ സംഘർഷത്തിൽ കലാശിച്ചു. ചിലയിടങ്ങളിൽ കലാപകാരികൾ പോലീസിനു നേരെ ഇഷ്ടികകളും കുപ്പികളും എറിഞ്ഞു. നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. നിരവധി പേരെ ഇതിനകം അറസ്റ്റ് ചെയ്തു.