ചെല്ലഗരെ: യുക്രൈനില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥി നവീന്‍ കുമാറിന്റെ വിയോഗവാര്‍ത്ത ഉള്‍ക്കൊള്ളാനാകെ കുടുംബം. ദിവസത്തില്‍ മൂന്നുതവണ വാട്സ് ആപ്പുവഴി വീട്ടുകാരുമായി സംസാരിച്ചിരുന്ന മകന്‍ ജീവനോടെ ഇല്ലെന്ന യാഥാര്‍ത്ഥ്യത്തോട് പെരുത്തപ്പെടാനുള്ള ശ്രമത്തിലാണ് അച്ഛന്‍ ശേഖര്‍ ഗ്യാന ഗൗഡര്‍. നവീന്റെ അമ്മ വിജയലക്ഷ്മി ഇപ്പോഴും മകന്‍ ഇനിയില്ലെന്ന യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെട്ടിട്ടില്ല.അവനെ ഒരു നോക്കു കാണാന്‍… എപ്പോഴാണ് അവന്റെ മൃതദേഹം കൊണ്ടുവരിക. വിവരമറിഞ്ഞ് കുടുംബത്തെ ആശ്വസിപ്പിക്കാനായി എത്തുന്നവരോടുള്ള ശേഖറിന്‍ ചോദ്യം കൂടുതല്‍ നൊമ്പരമാകുന്നു. യുക്രൈനിലെ രണ്ടാമത്തെ പ്രധാന നഗരമായ ഖാര്‍കീവില്‍ ചൊവ്വാഴ്ച രാവിലെ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിലാണ് നവീന്‍ ( 21) കൊല്ലപ്പെട്ടത്.
റഷ്യന്‍ ആക്രമണത്തെത്തുടര്‍ന്ന് ഭൂഗര്‍ഭ മെട്രോ ടണലില്‍ അഭയം തേടിയിരിക്കുകയായിരുന്നു നവീനും സുഹൃത്തുക്കളും. ചൊവ്വാഴ്ച രാവിലെ ഭക്ഷണം വാങ്ങിക്കുന്നതിനായി സൂപ്പര്‍മാര്‍ക്കറ്റില്‍ നില്‍ക്കുമ്പോഴായിരുന്നു ഷെല്ലാക്രമണം ഉണ്ടായത്.എല്ലാദിവസവും നവീനുമായി കുടുംബം വീഡിയോ കോളിലൂടെ സംസാരിക്കുമായിരുന്നു എന്ന് ശേഖര്‍ പറഞ്ഞു. ചൊവ്വാഴ്ച അപകടം സംഭവിക്കുന്നതിന് ഏതാനും മിനുട്ട് മുമ്പും മകനുമായി സംസാരിച്ചിരുന്നതായി ശേഖര്‍ പറയുന്നു. താനും സുഹൃത്തുക്കളും നേരിടുന്ന ബുദ്ധിമുട്ടുകളെല്ലാം നവീന്‍ വിളിച്ച് പറയുമായിരുന്നു. അപ്പോല്‍ അവന് ആത്മവിശ്വാസവും ധൈര്യവും താന്‍ പകര്‍ന്നു കൊടുക്കും.യുക്രൈനിലെ മറ്റു ഭാഗങ്ങളിലുണ്ടാകുന്ന സ്ഥിതിഗതികള്‍ അറിയിക്കും. യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ രക്ഷപ്പെടുത്തി നാട്ടിലെത്തിക്കാനായി ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളും വിവരിച്ച് താന്‍ ധൈര്യം പകരുമായിരുന്നുവെന്നും ശേഖര്‍ ഗ്യാനഗൗഡര്‍ പറയുന്നു.
ആക്രമണം ഉണ്ടായതിന് പിന്നാലെ, നവീന്റെ സുഹൃത്താണ് ശേഖറിനെ വിളിച്ച് മരണവിവരം അറിയിക്കുന്നത്. ഉടന്‍ തന്നെ ബന്ധുക്കള്‍ വിദേശകാര്യമന്ത്രാലയത്തെ ബന്ധപ്പെട്ടു. അവരും വിവരം സ്ഥിരീകരിച്ചു. രാജ്യത്ത് പ്രൊഫഷണല്‍ വിദ്യാഭ്യാസം പാവപ്പെട്ടവര്‍ക്ക് താങ്ങാനാകുന്നതായിരുന്നെങ്കില്‍, തനിക്ക് നവീനെ യുക്രൈനില്‍ അയക്കേണ്ടി വരില്ലായിരുന്നു, മകനെ നഷ്ടപ്പെടേണ്ടിയും വരില്ലായിരുന്നു.
മകനെ തിരികെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷിയുടെ വീട്ടില്‍ പോയിരുന്നു. എന്നാല്‍ അദ്ദേഹത്തെ കാണാനായില്ല. വെറും കൈയോടെ തിരികെ പോരേണ്ടി വന്നുവെന്നും ശേഖര്‍ ഗ്യാന ഗൗഡര്‍ പറഞ്ഞു. യുദ്ധം രൂക്ഷമായ മേഖലകളില്‍ നിന്നും ഇന്ത്യാക്കാരെ ഉടന്‍ പുറത്തെത്തിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നതെന്ന് നവീന്റെ അമ്മാവന്‍ ഉജ്ജിനപ്പ ഗ്യാന ഗൗഡര്‍ പറഞ്ഞു.പ്രത്യേകിച്ചു, കീവ്, ഖാര്‍കീവ് തുടങ്ങിയ നഗരങ്ങളില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ ആദ്യം തന്നെ ഒഴിപ്പിച്ചിരുന്നുവെങ്കില്‍, നവീന്‍ ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും ഉജ്ജിനപ്പ കൂട്ടിച്ചേര്‍ത്തു.
അബുദാബിയില്‍ എഞ്ചിനീയറായിരുന്നു ശേഖര്‍ ഗ്യാനഗൗഡര്‍. ഏതാനും വര്‍ഷം മുമ്പ് നാട്ടിലെത്തിയ അദ്ദേഹം നഞ്ചന്‍ഗുണ്ടിലെ സൗത്ത് ഇന്ത്യാ പേപ്പര്‍ മില്ലില്‍ ജോലി ചെയ്യുകയായിരുന്നു.രണ്ടു വര്‍ഷം മുമ്പ് റിട്ടയര്‍ ചെയ്ത ശേഖര്‍ ഗൗഡര്‍ ഇപ്പോള്‍ ചെലഗേരിയില്‍ കൃഷിപ്പണി ചെയ്താണ് ജീവിക്കുന്നത്. റാണെബെന്നൂരിലെ സെന്റ് ലോറന്‍സ് സ്‌കൂളിലാണ് നവീന്‍ പ്രൈമറി, സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. എസ്എസ്എല്‍സിക്ക് ഉയര്‍ന്ന മാര്‍ക്കോടെയായിരുന്നു വിജയം. 625 ല്‍ 607 മാര്‍ക്കാണ് നവീന്‍ നേടിയത്. തുടര്‍ന്ന് മൈസൂരുവിലായിരുന്നു കോളജ് പഠനം.
നീറ്റ് പരീക്ഷ എഴുതിയെങ്കിലും പ്രവേശനം ലഭിച്ചില്ല. തുടര്‍ന്നാണ് ഖാര്‍കീവിലെ നാഷണല്‍ മെഡിക്കല്‍ സര്‍വകലാശാലയില്‍ എംബിബിഎസ് പഠനത്തിന് ചേര്‍ന്നത്. നവീന്റെ സഹോദരന്‍ ഹര്‍ഷ, ബംഗലൂരുവില്‍ കാര്‍ഷികശാസ്ത്രത്തില്‍ പിഎച്ച്ഡി ചെയ്യുകയാണ്. നവീന്റെ വീട്ടില്‍ മുന്‍ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ എത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. മൂന്നോ നാലോ ദിവസത്തിനകം നവീന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ട നടപടി ചെയ്യുമെന്ന് അദ്ദേഹം കുടുംബത്തിന് ഉറപ്പു നല്‍കി.
ഖാര്‍കീവില്‍ മെട്രോയുടെ ബങ്കറില്‍ തന്റെ ഒപ്പമാണ് നവീന്‍ കഴിഞ്ഞിരുന്നതെന്ന് സുഹൃത്ത് വെങ്കടേഷ് പറഞ്ഞു. പുറത്ത് യുദ്ധം രൂക്ഷമായതിനാല്‍ ബങ്കറിന് പുറത്തിറങ്ങാറുണ്ടായിരുന്നില്ല. ചൊവ്വാഴ്ച രാവിലെ നവീന്‍ നേരത്തെ ഉണര്‍ന്നു. തുടര്‍ന്ന് ഭക്ഷണവും കറന്‍സി മാറ്റുന്നതിനുമായി ബെകടോവയിലെ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് സുഹൃത്ത് യശ്വന്തിനൊപ്പം പോയി.എന്നാല്‍ പുറത്ത് ഭയങ്കര തണുപ്പാണെന്ന് പറഞ്ഞ് യശ്വന്ത് ബങ്കറിലേക്ക് തിരികെപ്പോന്നു. രാവിലെ 7.58 ഓടെ നവീന്‍ മറ്റൊരു സുഹൃത്ത് അമിത്തിനെ വിളിച്ച് കയ്യില്‍ കാശ് കുറവാണെന്നും, കുറച്ച് പണം ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടു. കുറേ സമയം കഴിഞ്ഞിട്ടും നവീന്‍ മടങ്ങി വന്നില്ല. ഇതേത്തുടര്‍ന്ന് നവീനെ വിളിച്ചപ്പോള്‍, ഫോണെടുത്ത നാട്ടുകാരനാണ് നവീന്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ മരിച്ചെന്നും, മൃതദേഹം സമീപത്തെ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയെന്നും അറിയിച്ചതെന്ന് വെങ്കടേഷ് പറഞ്ഞു.