Health

സ്തനാർബുദം -സ്വയമറിയാം, അതിജീവിക്കാം

സ്താനർബുദത്തെ ഭയപ്പെടണോ?മറ്റ് അർബുദം പോലെ തന്നെ ഗൗരവം ഉള്ളത് തന്നെയാണ് സ്താനാർബുദവും. എന്നാൽ സ്ത്രീകൾ സ്വന്തം മാറിടം അൽപമൊന്നു ശ്രദ്ധിച്ചാൽ ഇതിന്‍റെ ലക്ഷണങ്ങൾ കണ്ടെത്താം. തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ ചികിത്സിച്ച് ഭേദമാക്കാവുന്നതേ ഉള്ളൂ.ദിവസം ഒരു അഞ്ച് മിനിറ്റ് ശ്രദ്ധയോടെ സ്തനങ്ങൾ പരിശോധിക്കാൻ 30 വയസ്സ് കഴിഞ്ഞ ഓരോ സ്ത്രീകളും തയ്യാറാകണം.

45 വയസ്സിന് മുകളിൽ സ്തനാർബുദ സാധ്യത വളരെ കൂടുതലാണ്.അഞ്ച് മുതൽ പത്ത് ശതമാനം വരെ ജനിതക കാരണങ്ങളാൽ ഉണ്ടാകുന്നു.വളരെ നേരത്തെയുള്ള ആർത്തവ ആരംഭം, വൈകിയുള്ള ആർത്തവ വിരാമം എന്നിവ പ്രതികൂല ഘടകങ്ങളാണ്.ആർത്തവ വിരാമത്തിന് ശേഷമുള്ള അമിത വണ്ണം സ്തനാർബുദ സാധ്യത കൂട്ടുന്നു.35 വയസ്സിന് ശേഷമുള്ള ഗർഭധാരണവും പ്രസവവും പ്രധാനമാണ്. ചികിത്സയുടെ ഭാഗമായോ അല്ലാതെയോ ചെറിയ പ്രായത്തിൽ റേഡിയേഷന് വിധേയമാകുന്നത് അർബുദ സാധ്യത കൂട്ടുന്നു.

സ്വയം പരിശോധന എങ്ങനെ?

കണ്ണാടിക്ക് മുന്നിൽ നിന്ന് മാറിടങ്ങൾ നിരീക്ഷിക്കുക.കൈകൾ തലക്ക് മുകളിൽ ഉയർത്തിപ്പിടിച്ചും ,ഇടുപ്പിൽ കൈകൾ വച്ചും ,ശരീരം അൽപം മുന്നോട്ട് ആഞ്ഞും പരിശോധന നടത്താം.രണ്ട് മുലകളിലും വിരലുകൾ അമർത്തി വ്യതിയാനങ്ങൾ ഉണ്ടോ എന്ന് മനസ്സിലാക്കുക.മുലക്കണ്ണിന്‍റെ ഭാഗത്ത് നിന്ന് തുടങ്ങി വൃത്താകൃതിയിൽ പരിശോധിക്കുക.ഒപ്പം കക്ഷവും പരിശോധിക്കണം.

തിരിച്ചറിയാവുന്ന ലക്ഷണങ്ങൾ

1.മാറിടത്തിലെ,കക്ഷത്തിലെ മുഴ
2.പ്രത്യേക സ്ഥലത്തെ മാറാത്ത വേദന
3.ആകൃതിയിലും വലിപ്പത്തിലും വ്യത്യാസം
4.മുലഞെട്ടിലെ തടിപ്പ്
5.മുലഞെട്ടുകൾ ഉള്ളിലേക്ക് വലിഞ്ഞിരിക്കുക,ദ്രാവകം വരിക
6. മാറിൽ ഞരമ്പുകളുണ്ടാകുന്ന വ്യത്യാസം

മുഴകളും വേദനയും ശ്രദ്ധിക്കണം

മുഴകളോ കല്ലിപ്പോ ഉണ്ടോ എന്ന് പരിശോധിക്കുക.തെന്നിമാറുന്ന മുഴകളും ശ്രദ്ധിക്കണം.വേദനയില്ലെങ്കിലും മുഴകൾ കണ്ടാൽ ഡോക്ടറെ കാണുക.ആ‍ർത്തവ സമയത്ത് മുലകളിലോ മുലഞെട്ടുകളിലോ വേദന സാധാരണമാണ്.ആർത്തവ ദിനങ്ങൾ കഴിഞ്ഞും വേദന തുടരുകയാണെങ്കിൽ ശ്രദ്ധ വേണം.പ്രത്യേകിച്ച് ഒരു സ്ഥലത്ത് മാത്രമാണ് വേദനയെങ്കിൽ ശ്രദ്ധിക്കണം.പലരും നീർവീഴ്ചയെന്ന് കരുതി അവഗണിക്കാറാണ് പതിവ് .എന്നാൽ വേദന തുടരുകയാണെങ്കിൽ ചികിത്സ തേടണം.

വലിപ്പത്തിൽ വ്യത്യാസമുണ്ടോ?

സ്തനത്തിന്‍റെ വലിപ്പത്തിലും ആകൃതിയിലും വ്യത്യാസം വരുന്നതും ഒരു സൂചനയാണ്.ചർമത്തിൽ കുഴികൾ പോലെ തോന്നാം.ഓറഞ്ച് തൊലി പോലെ ചെറിയ ദ്വാരങ്ങളോട് കൂടിയ രീതിയിൽ ചർമം മാറുന്നതും തുടക്കത്തിലെ ലക്ഷണങ്ങളിൽ ഒന്നാണ്.മുലഞെട്ടുകൾ പെട്ടെന്ന് ഉള്ളിലേക്ക് വലിയുക, ഞെക്കുമ്പോൾ ദ്രാവകം വരിക, ചർമത്തിൽ വരണ്ട തൊലി രൂപപ്പെടുക, ഇത് പൊളിയുക തുടങ്ങിയവയെല്ലാം അശ്രദ്ധമായി തള്ളിക്കളയരുത്.ചിലപ്പോൾ ചർമം കട്ടി കൂടി ചുവന്ന നിറത്തിലും കാണാം.

സ്തനാർബുദ പരിശോധനയും ചികിത്സയും

സ്തനാർബുദത്തിന്‍റേതായ ലക്ഷണങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കാൻ ഉള്ളതാണ് സ്ക്രീനിങ് മാമോഗ്രാം. ലളിതമായി പറഞ്ഞാൽ മാറിടത്തിന്‍റെ എക്സറേ.അത്യാധുനിക മാമോഗ്രാം ഒട്ടും വേദന ഉണ്ടാക്കുന്ന ഒരു പരിശോധന അല്ല.30 വയസ്സിൽ താഴെയുളളവരിൽ മാമോഗ്രാം അവലോകനം ബുദ്ധിമുട്ടാണ്.അൾട്രാസൗണ്ട് ആണ് സാധാരണയായി നടത്താറുള്ളത്. ഒറ്റത്തവണത്തെ മാമോഗ്രാം കൊണ്ട് ഒന്നോ രണ്ടോ വർഷത്തെ ഉറപ്പേ ഉണ്ടാവുകയുള്ളൂ. അതായത് മാമോഗ്രാം ഒറ്റത്തവണ പരിശോധന അല്ല.40 വയസ്സു കഴിഞ്ഞാൽ വർഷം തോറും മാമോഗ്രാം ചെയ്യുന്നതാണ് നല്ലത്.ആർത്തവ വിരാമത്തിന് ശേഷവും മാമോഗ്രാം പരിശോധന എല്ലാ വർഷവും ചെയ്യുക, എന്നാൽ ഉറ്റബന്ധുക്കൾക്ക് രോഗം ബാധിച്ചിട്ടുണ്ടെങ്കിലോ ,ജനിതകപരമായി നടത്തിയ പരിശോധനകളിൽ അർബുദ സാധ്യത കണ്ടെത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ 25 വയസ്സുമുതൽ എല്ലാ വർഷവും മാമോഗ്രാം ചെയ്യാം.

ശസ്ത്രക്രിയ മാത്രമാണ് സ്തനാർബുദത്തിന് ലഭ്യമായ ചികിത്സ. സ്തനങ്ങൾ മുഴുവൻ നീക്കം ചെയ്യാതെ അസുഖം ബാധിച്ച ഭാഗം മാത്രം നീക്കം ചെയ്യാം. അതോടൊപ്പം പുനർനിർമിക്കുന്ന തരം ശസ്ത്രക്രിയകളും സാധ്യമാണ്. ഇതിനായി ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലെ കോശങ്ങളോ കൃത്രിമ വസ്തുക്കളോ ഉപയോഗിക്കുന്നു.

ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

പൊണ്ണത്തടിയും അമിത ശരീരഭാരവും ഒഴിവാക്കാൻ ശ്രദ്ധിക്കുക.
മദ്യപാനം ,പുകവലി എന്നിവ ശീലിക്കരുത്.
ദിവസം അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യണം.
നാരുള്ള ഭക്ഷണം, തവിടുള്ള ധാന്യം , മത്സ്യം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
ചുവന്ന മാംസം ഒഴിവാക്കുക, സോയാ പ്രോട്ടീൻ കഴിക്കുക.
മുലയൂട്ടുന്നതും മുപ്പത് വയസ്സിന് മുൻപുള്ള ആദ്യഗർഭ ധാരണവും രോഗസാധ്യത കുറയ്ക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News
Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker