KeralaNews

കൈവിടാതിരിക്കാന്‍ കൈ കഴുകൂ: ബ്രേക്ക് ദ ചെയിന്‍ ഏറ്റെടുത്ത് കേരളം കോവിഡിന്റെ കണ്ണികള്‍ പൊട്ടിച്ച് വിവിധ മേഖലകളിലുള്ളവര്‍ സജീവമായി മാധ്യമങ്ങളും സിനിമാ താരങ്ങളും

തിരുവനന്തപുരം: ലോക വ്യാപകമായി കോവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും ഗണ്യമായി കുറക്കുന്നതിനായി ആരോഗ്യ വകുപ്പ്, സാമൂഹ്യനീതി വകുപ്പ് സാമൂഹ്യ സുരക്ഷ മിക്ഷന്റെ സഹകരണത്തോടെ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ കേരളം ഏറ്റെടുത്തിരിക്കുകയാണ്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ച ക്യാമ്പയിന്‍ വളരെ വേഗമാണ് കേരളത്തിലെ എല്ലാ മേഖലകളിലുമുള്ള വ്യക്തികള്‍ ഏറ്റെടുത്തത്.

മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം മന്ത്രിമാരും ജനപ്രതിനിധികളും വിവിധ മേഖലകളിലുള്ളവരും ക്യാമ്പയിന്‍ ഏറ്റെടുക്കുകയായിരുന്നു. സിനിമ താരങ്ങളായ മമ്മൂട്ടി, മഞ്ജു വാര്യര്‍, ടോവിനോ തോമസ്, ജയറാം, സുരാജ് വെഞ്ഞാറമൂട്, കുഞ്ചാക്കോ ബോബന്‍, അനുശ്രീ, ഐശ്വര്യ ലക്ഷ്മി, രഞ്ജി പണിക്കര്‍, വിനീത് ശ്രീനിവാസന്‍, സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍, മജീഷ്യന്‍ ഗോപിനാഥ് മുതുകാട് തുടങ്ങിയ നീണ്ട നിരയാണ് ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്റെ ഭാഗമായയത്. എല്ലാ മാധ്യമങ്ങളും ബ്രേക്ക് ദ ക്യാമ്പയിന്റെ ഭാഗമായി പ്രത്യേക ബോധവത്ക്കരണം നടത്തി വരുന്നു.

മാധ്യമ പ്രവര്‍ത്തകര്‍, കുടുംബശ്രീ, വിദ്യാര്‍ത്ഥി-യുവജന സംഘടനകള്‍, എന്‍.എസ്.എസ്., സര്‍വീസ് സംഘടനകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ തുടങ്ങിയവരെല്ലാം ബ്രേക്ക് ദ ചെയിന്‍ ഏറ്റെടുത്തിട്ടുണ്ട്.

ബ്രേക്ക് ദ ചെയിനിന്റെ ഭാഗമായി എല്ലാ പ്രധാന ഓഫീസുകളുടേയും കവാടത്തോട് ചേര്‍ന്ന് കിയോസ്‌കുകള്‍ സ്ഥാപിച്ച് വരികയാണ്. സെക്രട്ടറിയേറ്റിലും ഇത്തരം കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ ഇടയിലും വലിയ സ്വീകാര്യതയാണ് ഈ കിയോസ്‌കുകള്‍ക്ക് ലഭിക്കുന്നത്.

കോവിഡ് 19 പടര്‍ന്നു പിടിക്കാതിരിക്കാന്‍ ജാഗ്രതയുടെ ഭാഗമായാണ് ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ ആരംഭിച്ചതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഒരാളില്‍ നിന്നും മറ്റുപലരിലേക്ക് എന്ന ക്രമത്തില്‍ കണ്ണികളായാണ് കൊറോണ വൈറസ് വ്യാപിക്കുന്നത്. ഈ കണ്ണികളെ പൊട്ടിക്കുകയാണ് ലക്ഷ്യം. ഹസ്തദാനം പോലെ സ്പര്‍ശിച്ചു കൊണ്ടുള്ള സാമൂഹിക ആശംസകള്‍ ഒഴിവാക്കുക. നിശ്ചിത അകലം പാലിക്കേണ്ടതാണ്. മുഖം, മൂക്ക്, കണ്ണുകള്‍ എന്നിവ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക. തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും വായും, മൂക്കും തൂവാല കൊണ്ട് മൂടേണ്ടതും ഇടയ്ക്കിടെ കൈകള്‍ സോപ്പും വെളളവും ഉപയോഗിച്ച് കഴുകേണ്ടതുമാണ്. വീടുകളിലോ സ്ഥാപനങ്ങളിലോ എത്തിയാല്‍ ഉടന്‍ കൈകള്‍ കഴുകേണ്ടത് ശീലമാക്കണം. അശുദ്ധിയോടെ കൈ ഒരിക്കലും മുഖം, കണ്ണ്, മൂക്ക്, വായ് ഇവ സ്പര്‍ശിക്കരുത്. നിരീക്ഷണത്തിലുള്ളവര്‍ ഒരു കാരണവശാലും പുറത്തിറങ്ങരുത്. ഇങ്ങനെ എല്ലാവരും ഒറ്റക്കെട്ടായി ഈ കണ്ണികളെ പൊട്ടിച്ചാല്‍ കോവിഡ് 19നെ ഫലപ്രദമായി പ്രതിരോധിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker