ന്യൂഡൽഹി: ഇലക്ട്രൽ ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറാമെന്ന് എസ്.ബി.ഐ. സുപ്രീംകോടതിയിൽ അറിയിച്ചു. വിവരങ്ങൾ മറച്ചുവെക്കരുതെന്ന സുപ്രീം കോടതി നിർദേശത്തിന് പിന്നാലെയാണ് എസ്.ബി.ഐ. തീരുമാനം അറിയിച്ചിരിക്കുന്നത്. ഏത് രാഷ്ട്രീയ പാർട്ടികൾക്കാണ് ബോണ്ട് ലഭിച്ചത് എന്നറിയുന്ന ആൽഫ ന്യൂമെറിക് കോഡ് നൽകുന്നതിൽ ബുദ്ധിമുട്ടില്ലെന്ന് എസ്.ബി.ഐ. സുപ്രീം കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാബെഞ്ചിന് മുൻപാകെയാണ് കോഡ് കൈമാറാമെന്ന് എസ്.ബി.ഐ. അറിയിച്ചത്.
ഇലക്ട്രൽ ബോണ്ടുകൾ രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെടുത്തുന്ന പ്രത്യേക കോഡ് ഇല്ലാതെയാണ് കഴിഞ്ഞദിവസം എസ്.ബി.ഐ. തിരഞ്ഞെടുപ്പ് കമ്മിഷന് വിവരങ്ങൾ കൈമാറിയത്. ഇതിനെതിരേ അതിരൂക്ഷ വിമർശനമാണ് സുപ്രീം കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. എല്ലാ വിവരങ്ങളും കൈമാറണമെന്ന നിർദേശം ചീഫ് ജസ്റ്റിസ് എസ്.ബി.ഐക്ക് നൽകി.
സുപ്രീം കോടതിയിലെ ഉത്തരവിലെ ചില അവ്യക്തത കാരണമാണ് കോഡ് നൽകാത്തത് എന്നായിരുന്നു എസ്.ബി.ഐ. ക്ക് വേണ്ടി ഹാജരായ ഹരീഷ് സാൽവെ വാദിച്ചത്. എന്നാൽ എല്ലാ വിവരങ്ങളും കൈമാറണമെന്ന് പറയുമ്പോൾ സുപ്രീം കോടതി ഉദ്ദേശിച്ചത് അത് ആൽഫാ ന്യൂമെറിക് കോഡ് അടക്കം എന്നാണെന്ന് സുപ്രീം കോടതി അറിയിച്ചു.
ബോണ്ടിനെ സംബന്ധിച്ച വിശദാംശങ്ങൾ ജനങ്ങൾ അറിയേണ്ടതാണ് എന്ന് കരുതുന്നു. എന്നാൽ വിധി ഉപയോഗിച്ച് വ്യവസായികളെ വേട്ടയാടുന്ന അവസ്ഥ ഉണ്ടാകരുത് എന്ന് എസ്.ബി.ഐ. കോടതിയിൽ അറിയിച്ചു.
ഇതിനൊപ്പം തന്നെ രണ്ട് വ്യവസായ സംഘടനകളും കോഡ് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഈ ഘട്ടത്തിൽ വ്യവസായികളുടെ അപേക്ഷ പരിഗണിക്കാൻ തയ്യാറല്ല എന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.