രാത്രി മുഴുവൻ കുടി;വലിച്ച് തള്ളി സിഗരറ്റുകള്‍,ദുഃസ്വഭാവത്തെക്കുറിച്ച് ആമിർ ഖാൻ
മുംബൈ:തനിക്കുണ്ടായിരുന്ന ദുഃസ്വഭാവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് സൂപ്പർതാരം ആമിർഖാൻ. ജീവിതത്തിലുണ്ടായിരുന്ന അച്ചടക്കമില്ലായ്മയെക്കുറിച്ച് നടൻ നാനാപടേക്കറിനോടാണ് ആമിർ പറഞ്ഞത്. തുടർച്ചയായ മദ്യപാനവും പുകവലിയുമെല്ലാമുണ്ടായിരുന്നെന്നും സിനിമയിൽ വന്നതിനുശേഷമാണ് അവ ഉപേക്ഷിച്ചതെന്നും ആമിർ പറഞ്ഞു.
സിനിമാ ചിത്രീകരണത്തിന് കൃത്യസമയത്ത് എത്താറുണ്ടോ എന്ന നാനാ പടേക്കറിന്റെ ചോദ്യത്തിനാണ് തനിക്കുണ്ടായിരുന്ന ദുശ്ശീലങ്ങളെക്കുറിച്ച് ആമിർ ഖാൻ തുറന്നുപറഞ്ഞത്. അച്ചടക്കമില്ലാത്തയാൾ എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്. ഷൂട്ടിങ്ങിന് കൃത്യസമയത്ത് എത്താറുണ്ട്. സിനിമകളുടെ കാര്യത്തിൽ അച്ചടക്കമുള്ളയാളാണെങ്കിലും ജീവിതത്തിൽ അങ്ങനെയല്ല. പൈപ്പ് വലിക്കാറുണ്ടായിരുന്നു. കുടിക്കുമ്പോൾ നന്നായി കുടിച്ചിരുന്നു. രാത്രി മുഴുവൻ ഇരുന്ന് കുടിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോൾ മദ്യപാനം ഉപേക്ഷിച്ചെന്നും അദ്ദേഹം പറഞ്ഞു.
“തീവ്രമായി കാര്യങ്ങളെ സമീപിക്കുന്നയാളാണ് ഞാൻ. അതുകൊണ്ട് എന്തുകാര്യമാണോ ചെയ്യുന്നത്, അതിൽത്തന്നെ തുടരും. ഇതത്ര നല്ല കാര്യമല്ല. അത് ഞാൻ തിരിച്ചറിയുന്നുണ്ട്. ചെയ്യുന്നത് തെറ്റാണെന്ന് അറിയാമെങ്കിലും അത് നിർത്താൻ സ്വയം പറ്റാറില്ല.” ആമിർ പറഞ്ഞു. അഭിനയത്തിൽനിന്ന് വിട്ടുനിൽക്കാതെ തിരിച്ചുവരണമെന്ന് നാനാ പടേക്കർ ആവശ്യപ്പെട്ടപ്പോൾ വർഷത്തിൽ ഒരു സിനിമ ചെയ്യണമെന്ന് വിചാരിച്ചിരുന്നതായും എന്നാൽ മൂന്നുവർഷത്തിൽ ഒരു സിനിമ ചെയ്യണമെന്നാണ് ഇപ്പോൾ ആലോചിക്കുന്നതെന്നും ആമിർ ഖാൻ പറഞ്ഞു.
2022-ൽ പുറത്തിറങ്ങിയ ലാൽ സിംഗ് ഛദ്ദയിലാണ് ആമിർ ഖാൻ ഒടുവിൽ വേഷമിട്ടത്. സിതാരേ സമീൻ പർ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം. 2007-ൽ പുറത്തിറങ്ങിയ താരേ സമീൻ പർ-ന്റെ രണ്ടാം ഭാഗമാണിത്. ഇതിന് പുറമേ സണ്ണി ഡിയോൾ നായകനാവുന്ന ലാഹോർ 1947 എന്ന ചിത്രം നിർമിക്കുന്നുമുണ്ട് ആമിർ.