എഡിൻബറോ : സ്കോട്‍ലാൻഡിൽ വെച്ച് കാണാതായിരുന്ന മലയാളി വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. എഡിൻബറോയ്ക്ക് സമീപത്തെ ന്യൂ ബ്രിഡ്ജിലെ ആൽമണ്ട് നദിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത് എന്നാണ് സ്കോട്ട്‌ലൻഡ് പോലീസ് റിപ്പോർട്ട് ചെയ്യുന്നത്. പെരുമ്പാവൂർ സ്വദേശിയായ 22 കാരി സാന്ദ്ര എലിസബത്ത് സജുവിനെ ആണ് സ്കോട്ട്‌ലൻഡിൽ വച്ച് കാണാതായിരുന്നത്.
ഹെരിയറ്റ് വാട്ട് സർവ്വകലാശാലയിലെ വിദ്യാർത്ഥിനിയായിരുന്നു സാന്ദ്ര എലിസബത്ത് സജു. ഡിസംബർ ആറിന് ആണ് സാന്ദ്രയെ അവസാനമായി കണ്ടത്. എഡിൻബറോയ്ക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ലിവിംഗ്സ്റ്റണിലായിരുന്നു പെൺകുട്ടിയെ അവസാനമായി കണ്ടിരുന്നത്.
ഡിസംബർ 6 ന് ലിവിംഗ്സ്റ്റണിലെ ആൽമണ്ട്‌വെയ്‌ലിലുള്ള അസ്‌ഡ സൂപ്പർമാർക്കറ്റ് സ്റ്റോറിലാണ് സാന്ദ്രയെ അവസാനമായി കണ്ടത്. കഴിഞ്ഞ 24 ദിവസത്തോളമായി സ്കോട്ലൻഡ് പോലീസ് പെൺകുട്ടിക്കായുള്ള തിരച്ചിൽ തുടരുകയായിരുന്നു. നിരവധി സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിരുന്നു. സാന്ദ്രയെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയെ അവസാനം കണ്ടെത്തിയ ലൊക്കേഷനും ചിത്രങ്ങളും അടക്കം പരസ്യം നൽകുകയും ചെയ്തിരുന്നു.