
കോഴിക്കോട്: കനത്തമഴയിൽ നിറഞ്ഞൊഴുകിയ ഓവുചാലിൽവീണ് കാണാതായ അറുപതുകാരന്റെ മൃതദേഹം കണ്ടെത്തി. കോവൂർ സ്വദേശി കളത്തിൻപൊയിൽ ശശിയാണ് മരിച്ചത്. അപകടംനടന്ന സ്ഥലത്തുനിന്ന് ഒരു കിലോ മീറ്റർ മാറി റോഡിനോടു ചേർന്ന ഓവുചാലിലാണ് മൃതദേഹം കണ്ടെത്തിയത്. കനത്ത മഴ കാരണം ഞായറാഴ്ച രാത്രിയോടെ നിർത്തിവെച്ച തിരച്ചിൽ തിങ്കളാഴ്ച പുനരാരംഭിക്കാനിരിക്കെയാണ് മൃതദേഹം കണ്ടതായി നാട്ടുകാർ പോലീസിനേയും അഗ്നിരക്ഷാ സേനയേയും അറിയിച്ചത്. മൃതദേഹം പുറത്തെടുത്ത് തുടർനടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഞായറാഴ്ച രാത്രി എട്ടരയോടെയാണ് ശശി ഓടയിൽ വീണത്. കോവൂർ എം.എൽ.എ. റോഡിൽ മണലേരിത്താഴത്തെ ബസ്സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന ശശി കാൽ വഴുതി ഓവുചാലിൽ വീഴുകയായിരുന്നു. കനത്ത മഴയെത്തുടർന്ന് ബസ്‌സ്റ്റോപ്പിൽ കയറിനിൽക്കുകയായിരുന്നു ശശിയും സുഹൃത്തും. ശക്തമായ മഴയായതിനാൽ റോഡിനോട് ചേർന്നുള്ള ഓവുചാൽ വെള്ളംനിറഞ്ഞ് കുത്തിയൊലിക്കുകയായിരുന്നു.
വീണയുടനെ സമീപത്തുണ്ടായിരുന്ന ആളുകൾ തിരച്ചിൽ നടത്തിയെങ്കിലും ശശിയെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് നാട്ടുകാർ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാ സേനയും സന്നദ്ധപ്രവർത്തരും രണ്ടു കിലോ മീറ്ററോളം ദൂരത്തിൽ രാത്രി വൈകിയും പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ശക്തമായ മഴയും തിരച്ചിന് വെല്ലുവിളിയായി. കോവൂർ, ചേവായൂർ, ചേവരമ്പലം, മെഡിക്കൽ കോളേജ് പ്രദേശങ്ങളിലെ വെള്ളം അപകടമുണ്ടായ ഓവുചാലിലൂടെയാണ് മാമ്പുഴയിലാണ് എത്തുന്നത്.