ശരീരത്തില്‍ തീവ്രവാദിയെന്ന് മുദ്രകുത്തി; ജയില്‍ സുപ്രണ്ടിനെതിരെ പരാതിയുമായി തടവുകാരന്‍
ചണ്ഡീഗഡ്: ശരീരത്തില്‍ തീവ്രവാദിയെന്ന് മുദ്രകുത്തിയെന്ന തടവുകാരന്റെ ആരോപണത്തില്‍ ജയില്‍ സുപ്രണ്ടിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. പഞ്ചാബിലെ ബര്‍ണാല ജില്ലയിലെ വിചാരണ തടവുകാരന്‍ കരംജിത്ത് സിംഗ്(28) ആണ് പരാതിക്കാരന്‍. സംഭവത്തില്‍ ഉപമുഖ്യമന്ത്രി സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
മന്‍സ ജില്ലയിലെ ഒരു കോടതിയിലാണ് തടവുകാരന്‍ കരംജിത് സിംഗ് ജയില്‍ സുപ്രണ്ടിനെതിരെ ആരോപണം ഉന്നയിച്ചത്. ജയിലില്‍ തടവുകാരുടെ അവസ്ഥ ദയനീയമാണ്. എയ്ഡ്സും ഹെപ്പറ്റൈറ്റിസും ഉള്ളവരെ പ്രത്യേക വാര്‍ഡുകളില്‍ പാര്‍പ്പിക്കാറില്ല. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് താന്‍ പരാതിപ്പെടുമ്പോള്‍ ജയില്‍ സൂപ്രണ്ട് ക്രൂരമായി മര്‍ദിക്കുമെന്നും കരംജിത്ത് ആരോപിച്ചു.
എന്നാല്‍ ആരോപണങ്ങളെല്ലാം ജയില്‍ സൂപ്രണ്ട് ബല്‍ബീര്‍ സിംഗ് നിഷേധിച്ചു. ഇത്തരം വ്യാജ കഥകള്‍ മെനയാന്‍ കരംജിത്ത് സിംഗ് മിടുക്കനാണ്. ലഹരിമരുന്ന് കേസ് മുതല്‍ കൊലപാതക ശ്രമം വരെയുള്ള 11 കേസുകളില്‍ വിചാരണ നേരിടുന്നയാളാണ് കരംജിത്ത് സിംഗ്. ഇയാളുടെ ജയില്‍ മുറിയില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്. പോലീസ് കസ്റ്റഡിയില്‍ നിന്നും ഇയാള്‍ രക്ഷപെടാന്‍ ശ്രമിച്ചുണ്ടെന്നും ജയില്‍ സൂപ്രണ്ട് വ്യക്തമാക്കി.
ശരീരത്തില്‍ തീവ്രവാദി എന്ന് എഴുതിയെന്ന കരംജീത്തിന്റെ ആരോപണത്തില്‍ വിശദമായ അന്വേഷണം നടത്താനും തടവുകാരനെ വൈദ്യപരിശോധന നടത്താനും ജയില്‍ എഡിജിപി പി.കെ. സിന്‍ഹയോടാണ് ഉപമുഖ്യമന്ത്രി രണ്‍ധാവ ഉത്തരവിട്ടത്. സംഭത്തിന്റെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. കൂടാതെ കരംജീത്തിന്റെ ശരീരത്തില്‍ ക്രൂരമായ മര്‍ദനമേറ്റതിന്റെ പാടുകളും ചിത്രത്തില്‍ കാണാം.
അതേസമയം, പഞ്ചാബില്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന് അകാലിദള്‍ വക്താവ് മഞ്ജീന്ദര്‍ സിര്‍സ ഭരണകക്ഷിയായ കോണ്‍ഗ്രസ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.