FeaturedHome-bannerKeralaNews

ജയിൽ ചപ്പാത്തിയും വെജ് കറിയും; പത്രക്കടലാസ് വിരിച്ച് ഉറക്കം, ബോബിക്ക് കൂട്ട് ലഹരി-മോഷണക്കേസിലെ പ്രതികൾ

കൊച്ചി: പായയും പുതപ്പും വാങ്ങി, എ ബ്ലോക്കിലെ ഒന്നാമത്തെ സെല്ലിലേക്ക്. പിന്നാലെ ജയില്‍ ചപ്പാത്തിയും വെജിറ്റബിള്‍ കറിയും നല്‍കി. പത്ത് പേര്‍ക്ക് കഴിയാവുന്ന സെല്ലില്‍ നിലവിലുള്ള അഞ്ചു പേര്‍ കഴിഞ്ഞ് ആറാമനായിട്ടാണ് ബോബി ചെമ്മണൂരിനെ സെല്ലിലേക്ക് കയറ്റിയത്. വ്യാഴാഴ്ച രാത്രി 7.10-ഓടെയാണ് ബോബി ചെമ്മണൂരിനെ കാക്കനാട് ജില്ലാ ജയിലിലെത്തിച്ചത്.

താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എല്ലാം നിങ്ങളോട് പിന്നീട് പറയാമെന്നും തന്റെ കാല്‍ വീണ് പൊട്ടിയിരിക്കുകയാണെന്നും’ മാധ്യമ പ്രവര്‍ത്തകരോടായി പറഞ്ഞ ശേഷമാണ് ബോബി അകത്തേക്ക് പ്രവേശിച്ചത്. മോഷണം, ലഹരിമരുന്ന് കച്ചവടം തുടങ്ങിയ കേസുകളിലെ അഞ്ച് പ്രതികള്‍ക്കൊപ്പമാണ് ബോബിയും ഉള്ളത്. സാധാരണ വൈകീട്ട് അഞ്ചിനുതന്നെ അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കിക്കഴിയും. ബോബി കോടതിയിലും പിന്നീട് ആശുപത്രിയിലും ആയതിനാല്‍ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചതോടെയാണ് ചപ്പാത്തിയും വെജിറ്റബിള്‍ കറിയും നല്‍കിയത്.

സെല്ലില്‍ പത്രക്കടലാസ് വിരിച്ച് ഉറക്കം

അറസ്റ്റിലായ ബോബി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ സെല്ലില്‍ ബുധനാഴ്ച രാത്രി ഉറങ്ങിയത് പത്രക്കടലാസ് വിരിച്ച്. വയനാട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത് ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് കൊച്ചിയിലെത്തിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ സെല്ലിലെത്തിച്ചു.

ജനറല്‍ ആശുപത്രിയില്‍ ‘ബോച്ചെ ആരാധകരുടെ’ പ്രതിഷേധം

ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കു ശേഷം ബോബി ചെമ്മണൂരിനെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനായി പുറത്തിറക്കിയപ്പോള്‍ ബോച്ചെ ആരാധകര്‍ പ്രതിഷേധിച്ചു. അവര്‍ പോലീസ് വണ്ടി തടയാന്‍ ശ്രമിച്ചു. പ്രതിഷേധം വകവയ്ക്കാതെ പോലീസ് വാഹനം മുന്നോട്ടെടുത്ത് വേഗത്തില്‍ ഓടിച്ചുപോവുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് കോടതിയില്‍നിന്ന് വൈദ്യപരിശോധനയ്ക്കായി ബോബി ചെമ്മണൂരിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. അവിടെ രക്തസമ്മര്‍ദവും ഇ.സി.ജി. പരിശോധനയും നടത്തി.

ഇതിനിടെ ബോബിയെ ഫാനില്ലാത്ത ഇരുട്ടുള്ള മുറിയിലാണ് ഇരുത്തിയിരിക്കുന്നതെന്ന പരാതിയുമായി ചിലര്‍ ഡോക്ടര്‍മാരെ സമീപിച്ചു. അവര്‍ ഡോക്ടറുമായി സംസാരിക്കുമ്പോള്‍, പോലീസ് ബോബിയെ പുറത്തിറക്കി വാഹനത്തില്‍ കയറ്റി. ഇതോടെ ചിലര്‍ ഓടിയെത്തി വണ്ടിക്കുമുന്നില്‍നിന്ന് തടയാന്‍ ശ്രമിച്ചു. മതിയായ ചികിത്സ നല്‍കാതെയാണ് ബോച്ചെയെ കൊണ്ടുപോകുന്നതെന്നും മനുഷ്യാവകാശങ്ങളുടെ ലംഘനമാണിതെന്നും അവര്‍ പറഞ്ഞു. പ്രതിഷേധക്കാര്‍ വാഹനത്തിനു മുന്നിലേക്ക് കൂടുതലായി എത്തും മുന്‍പ് പോലീസ് വേഗത്തില്‍ ഓടിച്ചുപോയി.

കാക്കനാട് ജില്ലാ ജയിലിലെത്തിച്ചത് 7.10-ഓടെ

നടി നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യം ലഭിച്ചില്ല. പ്രതി നല്‍കിയ ജാമ്യാപേക്ഷ തള്ളി എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തെറ്റുചെയ്തിട്ടില്ലെന്നും വ്യാജ ആരോപണമാണ് തനിക്കെതിരേ ഉയര്‍ന്നതെന്നുമുള്ള ബോബിയുടെ വാദം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ. അഭിരാമി തള്ളി.

വിധി കേട്ട ബോബിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. പരിശോധനയ്ക്കുശേഷം വൈകീട്ട് 7.10-ഓടെ കാക്കനാട് ജില്ലാ ജയിലിലെത്തിച്ചു.

പ്രതിഭാഗം വെള്ളിയാഴ്ച ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെയോ ഹൈക്കോടതിയെയോ ജാമ്യത്തിനായി സമീപിക്കും. പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസും അപേക്ഷ നല്‍കും.നടിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലാണ് അറസ്റ്റ്. ബുധനാഴ്ചയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും തെളിവ് നശിപ്പിക്കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു. പ്രതി ഒളിവില്‍പ്പോകാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂട്ടര്‍ ഹണി ജേക്കബ് വാദിച്ചു.

പ്രഥമദൃഷ്ട്യാ പ്രതിക്കെതിരേ കുറ്റം നിലനില്‍ക്കുമെന്ന് കോടതി പറഞ്ഞു. നടിയുടെ അനുമതിയില്ലാതെ അവരെ സ്പര്‍ശിക്കുകയും ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. വളരെയധികം സ്വാധീനമുള്ള ബിസിനസുകാരനാണ് പ്രതിയെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

കേസ് ഇങ്ങനെ

കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് ഏഴിന് കണ്ണൂര്‍ ആലക്കോട്ടെ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഷോറൂം ഉദ്ഘാടനത്തിനിടെ പ്രതി ലൈംഗികാധിക്ഷേപം നടത്തിയെന്നാണ് കേസ്. ചടങ്ങില്‍വെച്ച് അനുമതിയില്ലാതെ നടിയുടെ കൈയില്‍പ്പിടിച്ചു. കഴുത്തില്‍ നെക്ലേസ് അണിയിച്ചു.

പിന്നീട് ഈ നെക്ലേസ് കാണിക്കുന്നതിനായി തിരിച്ചുനിര്‍ത്തി ലൈംഗികച്ചുവയുള്ള പരാമര്‍ശം നടത്തി. യുട്യൂബ് ചാനലുകളിലും സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളിലും അപമാനിക്കുന്ന തരത്തിലുള്ള മോശം പരാമര്‍ശങ്ങള്‍ പ്രതി തുടര്‍ന്നെന്നും പരാതിയില്‍ പറയുന്നു.

പ്രതിയുടെ കൂസലില്ലായ്മ കോടതി പരിഗണിക്കണമെന്ന് പോലീസ്

നടിക്കുനേരേയുള്ള ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനുനേരേ ഗുരുതര ആരോപണം ഉന്നയിച്ച് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. പണക്കാരനായതിനാല്‍ നിയമം ബാധകമല്ലെന്ന പ്രതിയുടെ കൂസലില്ലായ്മ കോടതി പരിഗണിക്കണമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

പരാതിക്കാരിയെ സമൂഹമധ്യത്തില്‍ അശ്ലീലധ്വനിയോടെ അപമാനിക്കണമെന്ന കുറ്റകരമായ ഉദ്ദേശ്യത്തോടെ പ്രതി പ്രവര്‍ത്തിച്ചു. 2024 ഓഗസ്റ്റ് ഏഴിന് കണ്ണൂര്‍ ആലക്കോട്ടെ ഉദ്ഘാടന ചടങ്ങിലാണ് ആദ്യം അപമാനിച്ചത്. മറ്റൊരുചടങ്ങില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് അശ്ലീല പരാമര്‍ശങ്ങളടങ്ങിയ അഭിമുഖങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു.

സാമൂഹിക മാധ്യമങ്ങളില്‍ അശ്ലീലച്ചുവയുള്ള കമന്റുകള്‍ പ്രചരിക്കുന്നത് വര്‍ധിച്ചുവരുകയാണ്. പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് സകല സ്ത്രീകള്‍ക്കുമെതിരേ അശ്ലീല കമന്റിടുന്ന മാനസികരോഗികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതായതിനാല്‍ ഈ കേസ് എല്ലാ സ്ത്രീകള്‍ക്കുമെതിരേയുള്ള കുറ്റമായി കാണണമെന്നും പോലീസിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker