KeralaNews

അടി കിട്ടിയിട്ടും മാറാത്ത വൈകൃതമാണ് ബോബി ചെമ്മണ്ണൂരിന്റേതെന്ന് സിന്‍സി അനില്‍

തൃശൂര്‍: ജ്വല്ലറി വ്യവസായിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ബോബി ചെമ്മണ്ണൂരിന്റെ ലൈംഗീക അതിക്രമ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനം. കോളജ് പഠനകാലത്ത് പൂരപ്പറമ്പില്‍ മുട്ടിയുരുമ്മിയും ‘ജാക്കി വെച്ചും’ (ഒരു ലൈംഗിക അതിക്രമ രീതിയെ പറയുന്ന വാക്ക്) നടന്നതിനേക്കുറിച്ച് ബോബി ചെമ്മണ്ണൂര്‍ പറയുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ കിട്ടുന്ന സ്വീകാര്യത ഞെട്ടിക്കുന്നതാണെന്ന് സാമൂഹിക പ്രവര്‍ത്തക സിന്‍സി അനില്‍ ചൂണ്ടിക്കാട്ടി.

എത്ര ഉളുപ്പില്ലാതെ ആണ് ഇവറ്റകള്‍ സ്ത്രീകള്‍ക്ക് എതിരെ ഉള്ള ലൈംഗിക അക്രമണങ്ങളെ നിസ്സാരവല്‍ക്കരിക്കുന്നത് ?. സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്നവനെയും ജാക്കി വയ്ക്കാന്‍ നടക്കുന്നവനെയും ഒരേ ഗണത്തിലാണ് പെടുത്താനാകൂ…രണ്ടും ഒരേ മാനസിക നിലയിലുള്ള വൈകൃതങ്ങളാണ്. പൂരപറമ്പില്‍ പെണ്ണിന്റെ കൈയില്‍ നിന്നും തല്ല് കിട്ടിയിട്ടും ബോബി ചെമ്മണ്ണൂര്‍ നന്നായില്ലല്ലോ,’ വിമര്‍ശനങ്ങള്‍ കൊണ്ട് കാര്യമില്ലെന്നും ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുക്കാന്‍ ഇവിടുത്തെ നിയമസംവിധാനത്തിന് ധൈര്യമുണ്ടോയെന്നും സിന്‍സി അനില്‍ ചോദിച്ചു.

സാന്ദ്ര സോമന്‍ എന്ന ഫേസ്ബുക്ക് യൂസറുടെ പ്രതികരണം ഇങ്ങനെ’തൃശ്ശൂര്‍ പൂരത്തിന് വേഷം മാറി പൂരം കാണാന്‍ വന്ന ബോബി ചെമ്മണ്ണൂരിന്റെ വീഡിയോ എല്ലാവരും കണ്ടിരിക്കും. എന്നാല്‍ അതിലേറ്റവും അറപ്പായിട്ട് എനിക്ക് തോന്നിയത് ഒട്ടുമേ ഉളുപ്പിന്റെ ഒരു അംശം പോലുമില്ലാതെ പണ്ടൊക്കെ പൂരത്തിനിടയ്ക്ക് ജാക്കി വെച്ചിട്ടുണ്ട് കുറേ എന്ന് അന്തസ്സോടെ പറഞ്ഞത് കേട്ടാണ്. പൊതുമധ്യത്തില്‍ താന്‍ ചെയ്തത് ലൈംഗിക അതിക്രമം ആണെന്നുള്ള കേവല ബോധ്യം പോലുമില്ലാതെ ഇത്രയും മോശമായൊരു കാര്യം അയാള്‍ അവതരിപ്പിക്കുമ്പോള്‍ എന്നെ അതിശയിപ്പിക്കുന്നത് ആ വീഡിയോക്ക് താഴെയായി അയാള്‍ക്ക് കിട്ടുന്ന സ്വീകാര്യത എത്രത്തോളം ആണെന്നുള്ള തിരിച്ചറിവാണ്.

സെക്‌സ് എജ്യൂക്കേഷന്‍’ സീരീസ് കണ്ടവര്‍ക്കറിയാം ഐമി ഗിബ്‌സ് എന്ന കഥാപാത്രം ബസ്സിനുള്ളില്‍ വെച്ച് തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തിന്റെ ട്രോമയില്‍ നിന്ന് പഴയ നിലയിലേക്ക് തിരിച്ചു വരാന്‍ എത്രമാത്രം ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് വ്യക്തമായി മനസിലാക്കാന്‍ സാധിക്കും.സമാന സാഹചര്യത്തില്‍ ഇത്തരം അതിക്രമങ്ങള്‍ നേരിട്ട അതിന്റെ ട്രോമയില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് നേരെ പ്രിവിലേജിന്റെ പുറത്തുള്ള കടന്നാക്രമാണ് ബോബി ചെമ്മണ്ണൂരിന്റെ ആ പ്രസ്താവന. ‘ഇപ്പോള്‍ ജാക്കി വെക്കേണ്ട ആവശ്യമില്ല; ആവശ്യത്തിന് കിട്ടുന്നുണ്ട്’ എന്ന് കൂടി കൂട്ടിച്ചേര്‍ക്കപ്പെടുമ്പോള്‍ അതിനെ കയ്യടിച്ച് ആഘോഷിക്കുന്ന പൊതുമധ്യത്തില്‍ ഇത് സധൈര്യം തുറന്നു പറഞ്ഞ അയാളുടെ പ്രവൃത്തിയെ അഭിനന്ദിക്കുന്ന ഓരോ മനുഷ്യരെയും പേടിയോടെ അല്ലാതെ എനിക്ക് നോക്കി കാണാന്‍ ആവുന്നില്ല എന്നതാണ് സത്യം.’

ബോബി ചെമ്മണ്ണൂര്‍ പറഞ്ഞത് ”മൈ ഡിയര്‍ ഫ്രണ്ട്സ്, ഞാന്‍ സ്‌കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത് രാവിലെ ആറ് മണിക്ക് വീട്ടില്‍ നിന്നിറങ്ങും. രാവിലത്തെ പൂരം, ഉച്ചപ്പൂരം..ഇതിനിടയ്ക്ക് പൂരപ്പറമ്പില്‍ തെണ്ടി നടന്ന് ഹല്‍വയും പൊരിയും ഉണ്ടംപൊരിയുമൊക്കെ വാങ്ങി തിന്നുക. അത് കഴിഞ്ഞ് പൂരം എക്സിബിഷന് കേറും. വായിനോക്കുക, മുട്ടിയുരുമ്മി നടക്കുക, ജാക്കി വെയ്ക്കുക, ഇപ്രാവശ്യം ജാക്കിയൊന്നും വെച്ചില്ലാട്ടാ. അത് ഡീസന്റാകാന്‍ വേണ്ടി പറഞ്ഞതല്ല. ഇപ്പോള്‍ ക്ഷാമമില്ലാത്തതുകൊണ്ടാണ്. അങ്ങനെ എക്സിബിഷന്‍ കഴിഞ്ഞാല്‍ ഒരു സിനിമയ്ക്ക് കേറും. സിനിമ കഴിഞ്ഞാല്‍ വെടിക്കെട്ട്. വെടിക്കെട്ട് കഴിഞ്ഞ് പുലര്‍ച്ചെ ആറ് മണിയോടെ നടന്ന് വീട്ടിലെത്തും. ഇത്രയുമാണ് എന്റെ തൃശൂര്‍ പൂരം.’

ബോബി ചെമ്മണ്ണൂര്‍ ചെയ്തതുപോലെ ഞങ്ങളും ചെയ്തിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ട് നിരവധി പേരാണ് വീഡിയോയുടെ കമന്റ് ബോക്‌സിലെത്തിയത്. ബോബി ചെമ്മണ്ണൂര്‍ ‘സത്യസന്ധവും ധീരവുമായ തുറന്നുപറച്ചില്‍’ നടത്തിയെന്ന തരത്തിലാണ് ഒരു വിഭാഗമാളുകള്‍ പ്രതികരിക്കുന്നത്. പൂരപ്പറമ്പില്‍ തങ്ങളും ഇത് ചെയ്തിട്ടുണ്ടെന്ന് ചിലര്‍ കമന്റ് ചെയ്തു. നടന്‍മാരായ അരുണ്‍ പുനലൂര്‍, സൂരജ് സണ്‍ എന്നിവരും ബോബി ചെമ്മണ്ണൂരിനെ പിന്തുണച്ച് കമന്റ് ചെയ്തിട്ടുണ്ട്.

ബോബി ചെമ്മണ്ണൂര്‍ താന്‍ ചെയ്ത ഒരു ലൈംഗീക അതിക്രമത്തേക്കുറിച്ച് വീമ്പിളക്കിയെന്നും ഗുരുതരമായ ഒരു കുറ്റകൃത്യത്തെ നിസ്സാരവല്‍ക്കരിച്ചെന്നും ചൂണ്ടിക്കാട്ടിയുള്ള പ്രതികരണങ്ങളുമുണ്ട്. പൂരപ്പറമ്പില്‍ ഇത്തവണ ലൈംഗീക അതിക്രമം നടത്താതിരുന്നത് സ്ത്രീകള്‍ പ്രതികരിക്കുമെന്ന് കരുതിയല്ലേയെന്ന് സിന്‍സി അനില്‍ ചോദിച്ചു. പഴയകാലത്തെ പെണ്ണുങ്ങളും പ്രതികരിക്കാറുണ്ടെന്നും തനിക്ക് അനുഭവമുണ്ടെന്നുമായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ മറുപടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News
Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker